വളർച്ച സാധ്യതയുള്ള സംരംഭങ്ങളുടെ ഫോബ്സ് ലിസ്റ്റിൽ ഈസ്ഡിമെൻഷ്യയും ഫ്ലെക്സിക്ലൗഡും
Mail This Article
കൊച്ചി∙ ആഗോള വളർച്ച സാധ്യതയുള്ള സംരംഭങ്ങളെയും കമ്പനികളെയും ഉൾപ്പെടുത്തിയുള്ള ഫോബ്സ് ഇന്ത്യയുടെ ഡിജിഇഎംഎസ്– 2024 (ഡി ഗ്ലോബലിസ്റ്റ് ഓൻട്രപ്രനർ മൊബിലിറ്റി സമ്മിറ്റ്) ലിസ്റ്റിൽ ഇടംപിടിച്ച് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളായ ഈസ്ഡിമെൻഷ്യയും ഫ്ലെക്സിക്ലൗഡും. ഇന്ത്യക്കാർ സ്ഥാപകരായിട്ടുള്ള, ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മികച്ച 200 സ്റ്റാർട്ടപ്പുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്.
സംരംഭങ്ങളുടെ ആശയം, വളർച്ച സാധ്യത, വരുമാനം, ഭാവി പദ്ധതികൾ എന്നിവ വിലയിരുത്തി, പലഘട്ടങ്ങളായുള്ള തിരഞ്ഞടുപ്പുകൾക്കു ശേഷമാണ് 200 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുക്കുന്നത്. വിദേശങ്ങളിൽ നിന്നുള്ള നിക്ഷേപകർക്ക് സ്റ്റാർട്ടപ്പുകളെ വിലയിരുത്താനും നിക്ഷേപം നടത്താനുമുള്ള മികച്ച അവസരവും ഇതു നൽകുന്നു.
ഡിമെൻഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പാണ് കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈസ്ഡിമെൻഷ്യ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ജോളി ജോസ് പൈനാടത്ത്, അമൃത പി.വർഗീസ്, പി.ജെ. സ്നിജോ എന്നിവർ ചേർന്ന് 2023 ലാണ് ഇസ്ഡിമെൻഷ്യ ആരംഭിക്കുന്നത്.
ഇ–കൊമേഴ്സ്, ഇതര ഡിജിറ്റൽ ബിസിനസുകൾക്കു ഹോസ്റ്റിങ് സേവനങ്ങൾ നൽകുന്ന സ്റ്റാർട്ടപ്പാണ് ഫെക്സിക്ലൗഡ്. കൊച്ചി ആസ്ഥാനമാക്കി 2020ൽ ആരംഭിച്ച ഫെക്സിക്ലൗഡിന്റെ സ്ഥാപകർ അനൂജ ബഷീറും വിനോദ് ചാക്കോയുമാണ്. മാൻഹോൾ വൃത്തിയാക്കാനുള്ള റോബട്ടിനെ വികസിപ്പിച്ച മലയാളി സ്റ്റാർട്ടപ് ജെൻറോബട്ടിക്സ് കഴിഞ്ഞ വർഷത്തെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.
മറവിരോഗ ബാധിതരിലും അവരെ പരിചരിക്കുന്നവരിലും ഗുണകരമായ മാറ്റങ്ങൾ വരുത്താൻ സഹായകമായ പരിചരണ പ്രവർത്തനങ്ങളാണ് ഈസ്ഡിമെൻഷ്യയെ വ്യത്യസ്തമാക്കുന്നത്. ഡിമെൻഷ്യ എന്ന മറവി രോഗത്തെ പിടിച്ചുകെട്ടാൻ മരുന്നുകളേക്കാൾ ഫലപ്രദം തലച്ചോറിനെയും ഓർമകളെയും സജീവമായി നിലനിർത്തുകയാണെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സ്റ്റർട്ടപ്പിന്റെ പ്രവർത്തനം.
മറവി രോഗം ബാധിച്ചവരെയും, ഭാവിയിൽ മറവിരോഗം വരാൻ സാധ്യതയുള്ള ആളുകൾക്കും നൽകുന്ന സേവനം ഡബ്ല്യുഎച്ച്ഒയുടേത് ഉൾപ്പെടെയുള്ള രാജ്യാന്തര മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. നിലവിൽ കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണു പ്രവർത്തനം. സ്റ്റാർട്ടപ്പിന്റെ ഭാഗമായുള്ള മെമ്മറി ക്ലിനിക്, ആക്ടീവ് ഏജിങ് സെന്റർ തുടങ്ങിയവ അടുത്തമാസം എറണാകുളത്ത് പ്രവർത്തനം ആരംഭിക്കും.