ബിഎസ്എൻഎല്ലിന്റെ സൂപ്പർ വാർഷിക പ്ലാൻ; പ്രതിദിനം 6 രൂപയ്ക്ക് 2ജിബി ഇന്റര്‍നെറ്റും അൺലിമിറ്റഡ് ടോക് ടൈമും
Mail This Article
മത്സരാധിഷ്ഠിത ടെലികോം മേഖലയിൽ ഒന്നാമതെത്താൻ കച്ചകെട്ടി ഇറങ്ങുകയാണ് ബിഎസ്എൻഎൽ. 4000 രൂപയോളം വരുന്ന വാർഷിക പ്ലാനുകളാണ് മറ്റു ടെലികോം കമ്പനികൾ അവതരിപ്പിക്കുന്നതെങ്കിൽ കേവലം 2399 രൂപ നിരക്കിലാണ് ബിഎസ്എൻഎൽ വാര്‍ഷിക റിചാർജ് പ്ലാൻ അടുത്തിടെ അവതരിപ്പിച്ചത്. എന്തൊക്കെയാവും 2399 നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ മൂല്യമെന്ന് നോക്കാം.
∙അൺലിമിറ്റഡ് വോയ്‌സ് കോളിങ് : പരിധികളില്ലാതെ വോയിസ് കോളിങ്.
∙2GB പ്രതിദിന ഡാറ്റ : ഉയർന്ന വേഗ പരിധിക്ക് ശേഷം, ബ്രൗസിങ് 40 Kbpsൽ തുടരാം.
∙പ്രതിദിനം 100 എസ്എംഎസ്
2024 ജൂലൈയിലായിരുന്നു ബിഎസ്എൻഎൽ ഈ പ്ലാൻ അവതരിപ്പിച്ചത്. പ്രതിമാസം ഏകദേശം 200 രൂപ മാത്രമാണ് ഉപയോക്താക്കൾക്ക് ചെലവഴിക്കേണ്ടി വരിക.എന്തായാലും ഈ പ്ലാനുകളും മറ്റും ഗുണകരമായെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രായ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
3 മാസങ്ങൾക്കിടെ ബിഎസ്എൻഎൽ കേരളത്തിൽ മാത്രം 1.18 ലക്ഷം മൊബൈൽ കണക‍്ഷനുകൾ അധികമായി നേടി. അതേസമയം, വിപണിയിലെ മറ്റ് 3 കമ്പനികൾക്കും 3 മാസമായി ഇടിവു തുടരുകയാണ്. വിപണിയിലെ ഒന്നാമനായ റിലയൻസ് ജിയോയ്ക്ക് കേരളത്തിൽ മാത്രം 3.7 ലക്ഷം മൊബൈൽ കണക‍്ഷനുകൾ നഷ്ടമായി. എയർടെലിന് 41,200 കണക‍്ഷനുകളും വോഡഫോൺ ഐഡിയയ്ക്ക് 2.23 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
രാജ്യമാകെ മറ്റ് 3 കമ്പനികളുടെ എണ്ണത്തിൽ മൂന്നാം മാസവും കനത്ത ഇടിവു തുടരുമ്പോൾ താരിഫ് കൂട്ടാതിരുന്ന ബിഎസ്എൻഎല്ലിന് മാത്രമാണ് എണ്ണത്തിൽ കുതിപ്പുള്ളത്.രാജ്യമാകെ കഴിഞ്ഞ 3 മാസത്തിനിടയിൽ ബിഎസ്എൻഎലിന് കൂടിയത് 63 ലക്ഷം വരിക്കാരാണ്. ഏകദേശം 2 വർഷക്കാലമായി വരിക്കാരുടെ എണ്ണത്തിൽ ഇടിവു തുടർന്ന ബിഎസ്എൻഎൽ ആണ് ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കണക്കിൽ കുതിപ്പ് തുടരുന്നത്.