5 മാസത്തിനുള്ളിൽ പോർട്ട് ചെയ്തത് അരക്കോടി ആളുകൾ; എതിരാളികളുടെ നിരക്ക് വർദ്ധന ചവിട്ടുപടിയാക്കി ബിഎസ്എന്എൽ
Mail This Article
ജൂൺ മാസത്തിൽ പ്രഖ്യാപിച്ചു ജൂലൈ മുതൽ പ്രാബല്യത്തിൽ വന്ന മൊബൈൽ നിരക്ക് വർദ്ധന പല ടെലികോം കമ്പനികൾക്കും ക്ഷീണമായപ്പോൾ, കൊഴിഞ്ഞുപോക്ക് നേട്ടമാക്കി കുതിപ്പ് തുടരുകയാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്. താരിഫ് വർദ്ധനയ്ക്ക് ശേഷം ഏകദേശം 5.5 ദശലക്ഷം മൊബൈൽ ഉപയോക്താക്കൾ (2024 ഒക്ടോബർ വരെ) സ്വന്തം നമ്പർ സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിലേക്ക് (BSNL) പോർട്ട് ചെയ്തു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT) അടുത്തിടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ മറ്റ് ടെലികോം കമ്പനികളിൽ നിന്ന് ബിഎസ്എൻലിലേക്കുള്ള കസ്റ്റമർ മൈഗ്രേഷനിൽ വലിയ വർധനയുണ്ടായി. 2024 ജൂലൈയിൽ, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (VIL) എന്നിവയിൽ നിന്ന് 1.5 ദശലക്ഷം ഉപയോക്താക്കൾ കൂടുമാറിയെത്തി.
ഓഗസ്റ്റിൽ 2.1 ദശലക്ഷമായും സെപ്റ്റംബറിൽ 1.1 ദശലക്ഷമായും 2024 ഒക്ടോബറിൽ 0.7 ദശലക്ഷമായും കാണക്കാക്കപ്പെടുന്നു. അതേസമയം നിരക്ക് വർദ്ധനയ്ക്കു മുൻപുള്ള മാസം പോർട് ചെയ്തെത്തിയത് അരലക്ഷം ഉപയോക്താക്കൾ മാത്രമാണ്.2024 ജൂണിൽ കമ്പനി വിറ്റത് 790,000 സിം കാർഡുകൾ മാത്രമാണ്, എന്നാൽ ഈ എണ്ണം 2024 ജൂലൈയിൽ 4.9 ദശലക്ഷമായും 2024 ഓഗസ്റ്റിൽ 5 ദശലക്ഷമായും സെപ്റ്റംബറിൽ 2.8 ദശലക്ഷമായും 2024 ഒക്ടോബറിൽ 1.9 ദശലക്ഷമായും ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു
കഴിഞ്ഞ മാസം മാത്രം രാജ്യമാകെ ജിയോയ്ക്ക് നഷ്ടപ്പെട്ടത് 80 ലക്ഷത്തോളം കണക‍്ഷനുകളാണ്. 3 മാസത്തെ ഇടിവ് 1.2 കോടിയാണ്. രാജ്യമാകെ എയർടെലിന് 55.38 ലക്ഷം വരിക്കാരും. വോഡഫോൺ–ഐഡിയയ്ക്ക് 48.42 ലക്ഷം വരിക്കാരെയും നഷ്ടപ്പെട്ടു.
ബിഎസ്എൻഎൽ അടുത്തിടെ അവതരിപ്പിച്ച ജനപ്രിയ പദ്ധതികൾ
∙ബിഎസ്എൻഎൽ കേരള സർക്കിൾ ഉപയോക്താക്കൾക്കായി യുഎഇയിലെ എത്തിസലാത് നെറ്റ്‌വർക്കിൽ രാജ്യാന്തര റോമിങ് സേവനം ആരംഭിച്ചു. ബിഎസ്എൻഎൽ കേരള സർക്കിളിലെ പോസ്റ്റ്പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കൾക്കു സിം മാറാതെ തന്നെ യുഎഇയിൽ രാജ്യാന്തര റോമിങ് സേവനങ്ങൾ ലഭിക്കും.
∙ഇന്ത്യയിലെ ആദ്യത്തെ ഫൈബർ അധിഷ്ഠിത ഇൻട്രാനെറ്റ് ടിവി സേവനം പ്രഖ്യാപിച്ചു.
∙2024 ഒക്ടോബർ 31 വരെ, 50,000-ലധികം 4G സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, അവയിൽ 42,000 എണ്ണം പ്രവർത്തനക്ഷമമാണ്, ഇവയെല്ലാം 5ജി അപ്ഗ്രേഡബിൾ ആണെന്നതും ഭാവി ശോഭനമാക്കുന്നു.∙>ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ടു ഡിവൈസ് സേവനം ബിഎസ്എൻഎൽ ആരംഭിച്ചു.
∙സ്പാം തടയൽ ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.