'ഇന്ത്യയൊരു ലബോറട്ടറി': പരാമർശത്തിൽ വിവാദത്തിലായി ബിൽഗേറ്റ്സ്,യാഥാർഥ്യം ഇങ്ങനെ
Mail This Article
പുതിയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള നല്ലൊരു ലബോറട്ടറിയാണ് ഇന്ത്യയെന്ന് പറഞ്ഞ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെതിരെ പ്രതിഷേധം. ഒരു പോഡ്കാസ്റ്റ് പരിപാടിക്കിടെയാണു ബിൽ ഗേറ്റ്സ് പരാമർശം നടത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ഉടലെടുത്തു. ഇന്ത്യക്കാർ ബിൽ ഗേറ്റ്സിനെ വലിയ ഹീറോയാക്കിയെന്നും എന്നാൽ ഇങ്ങനെയുള്ള കൊളോണിയൽ മനോഭാവമാണു ഗേറ്റ്സിനെന്നും പ്രതികരണങ്ങൾ വന്നു.
ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ബുദ്ധിമുട്ടുകളുള്ള രാജ്യമാണ് ഇന്ത്യയെങ്കിലും സ്ഥിരതയിലൂടെ വരുമാനം കണ്ടെത്തുന്ന രാജ്യമാണ് ഇന്ത്യയെന്നാണു ബിൽ ഗേറ്റ്സ് പറഞ്ഞുതുടങ്ങിയത്. അടുത്ത രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ ഇന്ത്യക്കാർ മികച്ച നിലയിലേക്ക് എത്തുമെന്നും അതിനാൽ തന്നെ വിവിധ കാര്യങ്ങൾ പരീക്ഷിക്കാനുള്ള അവസരം ഇന്ത്യയിലുണ്ടെന്നാണു ബിൽഗേറ്റ്സ് പറഞ്ഞത്. ഇന്ത്യയിൽ പരീക്ഷിച്ചു വിജയിക്കുന്ന കാര്യങ്ങൾ ലോകത്തെവിടെയും നടപ്പാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ചില സമൂഹമാധ്യമ ഉപയോക്താക്കൾ വികസനത്തിന്റെ കാര്യമാണു ബിൽ ഗേറ്റ്സ് പറഞ്ഞതെന്നും അതിൽ വികാരാധീനരാകേണ്ട കാര്യമില്ലെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
12,740 കോടി യുഎസ് ഡോളർ ആണ് ബിൽഗേറ്റ്സിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. ഈ ആസ്തിയിൽ സിംഹഭാഗവും മൈക്രോസോഫ്റ്റ് സിഇഒ ആയിരുന്ന കാലത്ത് സമ്പാദിച്ചതാണ്.
മൈക്രോസോഫ്റ്റിന്റെ ചെയർമാൻ സ്ഥാനത്തു നിന്ന് 2014ൽ ഗേറ്റ്സ് പടിയിറങ്ങിയെങ്കിലും ഇന്നും കമ്പനിയിൽ നിക്ഷേപം ഗേറ്റ്സിനുണ്ട്.
ഗേറ്റ്സിന്റെ ധനത്തിൽ നല്ലൊരു പങ്കും കാസ്കേഡ് ഇൻവെസ്റ്റ്മെന്റ് എൽഎൽസി എന്ന കമ്പനിയിലാണ്. തന്റെ ധനനിക്ഷേപങ്ങൾ നിയന്ത്രിക്കാനായാണ് ഗേറ്റ്സ് ഈ കമ്പനി സ്ഥാപിച്ചത്.ഓട്ടോനേഷൻ , ബെർക്‌ഷെയർ ഹാത്ത്‌വേ, കൊക്കക്കോള തുടങ്ങിയ വൻ കമ്പനികളിൽ കോടിക്കണക്കിനു ഡോളറിന്റെ നിക്ഷേപം കമ്പനി നടത്തിയിട്ടുണ്ട്.
റിയൽ എസ്റ്റേറ്റിലും ഗേറ്റ്സ് തന്റെ കൈ നോക്കിയിട്ടുണ്ട്. യുഎസിലെ സിയാറ്റിലിലുള്ള ഗേറ്റ്സിന്റെ വസതിയായ ക്സാനഡു 2.0, 66000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ്.
ആറ് അടുക്കളകളും 24 ബാത്ത്റൂമുകളുമുള്ള ഒരു ആധുനിക സൗധം. ഇവിടത്തെ എല്ലാ സൗകര്യങ്ങളും കംപ്യൂട്ടർ, ആർട്ടിഫിഷൽ ഇന്റലിജൻസ് സഹായത്തോടെ പൂർണമായും ഓട്ടമേറ്റഡാണ്.
ഫ്ലോറിഡയിൽ 6 കോടി യുഎസ് ഡോളർ വിലവരുന്ന ഒരു മാൻഷനും മുപ്പതേക്കർ കുതിര ഫാമും ഗേറ്റ്സിനുണ്ട്. മധ്യഅമേരിക്കൻ രാജ്യം ബെലീസിന്റെ തീരത്തിനു സമീപമുള്ള ഗ്രാൻഡ് ബോഗ് കയേ എന്ന 314 ഏക്കർ വിസ്തീർണമുള്ള ദ്വീപും ഗേറ്റ്സിന്റേതാണെന്ന് അഭ്യൂഹമുണ്ട്.