മെട്രോ സ്റ്റേഷനുകളിൽ ക്ലീനിങ്ങ് റോബട്ടുകൾ, റോഡുകളിൽ പൊലീസ് റോബട്ടുകൾ; കീഴടക്കുമോ മനുഷ്യരെ?
Mail This Article
നൂതനാശയങ്ങളെ ഹൃദയത്തിൽ സ്വീകരിക്കുന്ന രാജ്യമാണ് സിംഗപ്പൂർ. റോബട്ടിക് സാങ്കേതിക വിദ്യ സമൂഹത്തിന്റെ വിവിധ തുറകളിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ സിംഗപ്പൂരിലുണ്ട്. ഇതിൽ ഒരു ശ്രമത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുകളിൽ ക്ലീനിങ്ങിനായി റോബട്ടുകളെ നിയമിച്ചിരിക്കുകയാണ്. ഒന്നും രണ്ടുമല്ല 89 റോബട്ടുകളാണ് മെട്രോ സ്റ്റേഷനുകളിൽ എത്തുന്നത്. മെട്രോ ഓപ്പറേറ്ററായ എസ്എംആർടി ട്രെയിൻസാണ് റോബട്ടുകളെ ഇറക്കുന്നത്. റോബട്ടുകൾ ശുചിയാക്കലിന്റെ വേഗവും തോതും കൂട്ടുമെന്നാണ് അധികൃതർ പറയുന്നത്.
കടുത്ത ലേബർ വിപണിയും വയസ്സേറുന്ന തൊഴിലാളികളുമാണ് റോബട്ടുകളെ പരീക്ഷിക്കാനുള്ള നീക്കത്തിനു പിന്നിലുള്ളത്. നവീന സെൻസറുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഉൾപ്പെട്ടതാണ് റോബട്ടുകൾ. മനുഷ്യരുടെ ഇടപെടലുകളില്ലാതെ ജോലി ചെയ്യാൻ ഇവയ്ക്കു കഴിയും.
സിംഗപ്പൂരിലെ റോബട്ട് പൊലീസ്
തെരുവുകളിലും മറ്റും നിയമവിരുദ്ധ പ്രവർത്തനങ്ങളും 'അലമ്പും' കാട്ടുന്നവരെ പിടികൂടാനായി റോബട്ടുകളെ ഇടയ്ക്ക് പൊലീസ് പട്രോളിങ്ങിനിറക്കിയിരുന്നു സിംഗപ്പൂർ. പരീക്ഷണാടിസ്ഥാനത്തിലാണു സേവിയർ എന്നു പേരുള്ള റോബട്ടിനെ തെരുവിലിറക്കിയത്. പൊതുസ്ഥലത്ത് പുകവലിക്കുന്നവർ, മാസ്‌ക് ധരിക്കാത്തവർ, സാമൂഹിക അകലം പാലിക്കാത്തവർ എന്നിവർക്കെല്ലാം സേവിയർ താക്കീതും മുന്നറിയിപ്പും കൊടുക്കുന്ന വിഡിയോകൾ കോവിഡ് കാലത്തു പ്രചരിച്ചിരുന്നു. ആധുനിക സാങ്കേതികവിദ്യകൾ നിയമപരിപാലനത്തിനായി കൂടുതൽ ഉപയോഗിക്കണമെന്ന സിംഗപ്പൂർ ഭരണാധികാരികളുടെ സ്വപ്‌നമാണ് അന്നു യാഥാർഥമായത്.
തെരുവുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്തവർക്കും റോബട്ട് താക്കീതു നൽകുന്നത് വിഡിയോകളിൽ കാണാമായിരുന്നു. പിൽക്കാലത്ത് സിംഗപ്പൂരിലെ ചാങ്ങി വിമാനത്താവളത്തിലും റോബട്ട് പൊലീസ് ഉദ്യോഗസ്ഥരെത്തി. എന്നാൽ സിംഗപ്പൂർ ജനങ്ങളിൽ പലർക്കും ഈ റോബട്ട് പൊലീസുദ്യോഗസ്ഥരോട് അത്ര അഭിപ്രായമില്ല. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പൗരൻമാരെ വരിഞ്ഞുമുറുക്കുന്ന നടപടിയാണിതെന്നും സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഇതു ഹനിക്കുന്നെന്നും പലരും അഭിപ്രായപ്പെടുന്നു. 55 ലക്ഷം മാത്രം ജനസംഖ്യയുള്ള സിംഗപ്പൂരിൽ ഒരു ലക്ഷം പൊലീസ് ക്യാമറകളും ഫേഷ്യൽ റെക്കഗ്നീഷൻ സാങ്കേതികവിദ്യകളുമാണ് സർക്കാർ സ്ഥാപിച്ചിട്ടുള്ളത്. 2030 ആകുന്നതോടെ ഇവയുടെ എണ്ണം ഇരട്ടിയാകുമെന്നു കരുതപ്പെടുന്നു.
ഹോളിവുഡ് സിനിമകളിലും മറ്റും കാണുന്നതുപോലെ റോബട്ടുകൾ ആധിപത്യം സ്ഥാപിക്കുന്ന ഒരു ഭാവിക്ക് റോബട്ട് പൊലീസുകാർ വഴിയൊരുക്കുമോയെന്നും ചിലർ പേടിക്കുന്നു.