വാലിഡിറ്റി കിട്ടാൻ ഫീച്ചർ ഫോണ്‍ ഉടമകളും ഇന്റർനെറ്റ് പ്ലാന്‍ ചെയ്യണം, ഈ അവസ്ഥ മാറുന്നു, നിര്‍ദ്ദേശം ഇങ്ങനെ
Mail This Article
ന്യൂഡൽഹി∙ നിലവിലുള്ള പ്ലാനുകൾക്കൊപ്പം വോയ്സ് കോൾ, എസ്എംഎസ് എന്നിവയ്ക്ക് വെവ്വേറെ മൊബൈൽ പ്ലാനുകൾ കൊണ്ടുവരണമെന്ന് കമ്പനികളോട് ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) ഉത്തരവിട്ടു.നിലവിൽ കമ്പനികൾ നൽകുന്ന റീചാർജ് പ്ലാനുകൾ മിക്കതും വോയ്സ് കോൾ, എസ്എംഎസ്, ഇന്റർനെറ്റ്, ഒടിടി സബ്സ്ക്രിപ്ഷൻ എന്നിവ കൂട്ടിച്ചേർത്താണ് (ഉദാഹരണം: 349 രൂപ–56 ജിബി ഡേറ്റ, അൺലിമിറ്റഡ് വോയ്സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, ഒടിടി സബ്സ്ക്രിപ്ഷനുകൾ).റീചാർജ് ചെയ്യുന്ന പലർക്കും ഇതില്ലെല്ലാ സേവനവും ആവശ്യമില്ല. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർ പോലും ഇന്റർനെറ്റ് അടങ്ങിയ റീചാർജ് പ്ലാനുകൾ ഉപയോഗിക്കുന്നുണ്ട്.
അതുകൊണ്ട് ഇത്തരക്കാർക്കു വേണ്ടി വോയ്സ് അല്ലെങ്കിൽ എസ്എംഎസ് മാത്രം നൽകുന്ന ഒരു പ്ലാൻ എങ്കിലും ഉറപ്പാക്കണമെന്നാണ് ഉത്തരവ് (പരമാവധി കാലാവധി 365 ദിവസം). 2012ലെ ടെലികോം ഉപഭോക്തൃസുരക്ഷാ ചട്ടം ഇതിനായി ഭേദഗതി ചെയ്തു.വൈകാതെ തന്നെ കമ്പനികൾ ഇതനുസരിച്ചുള്ള പ്ലാനുകൾ ലഭ്യമാക്കും. ആവശ്യമില്ലാത്ത സേവനങ്ങൾക്കായി പണമടയ്ക്കുന്നു എന്ന തോന്നൽ ടെലികോം വരിക്കാർക്കിടയിലുണ്ടെന്ന് ട്രായ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു.
എന്താണ് ഗുണം?
ഒരാൾക്ക് ഇന്റർനെറ്റ് പ്ലാൻ ആവശ്യമില്ലെങ്കിൽ വോയ്സ് കോൾ/എസ്എംഎസ് എന്നിവയുടെ പ്ലാൻ മാത്രം എടുത്താൽ മതി. ഡ്യുവൽ സിം ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് രണ്ട് നമ്പറിലും എസ്എംഎസ്, ഇന്റർനെറ്റ് സേവനം ആവശ്യമുണ്ടായേക്കില്ല.ഒരു സിം കാർഡിൽ വോയ്സ് കോൾ മാത്രം വേണ്ട വ്യക്തിക്ക്, കുറഞ്ഞ നിരക്കിൽ ഇത് ലഭ്യമാകും.
മറ്റ് നിർദേശങ്ങൾ
∙ സ്പെഷൽ താരിഫ് വൗച്ചറുകളുടെയും (എസ്ടിവി) കോംബോ വൗച്ചറുകളുടെയും (സിവി) കാലാവധി പരമാവധി 90 ദിവസമെന്നത് 365 ദിവസമാക്കി കമ്പനികൾക്ക് ഉയർത്താം.
വാലിഡിറ്റി കൂടിയ പ്ലാനുകൾ തിരഞ്ഞെടുത്താൽ ഉപയോക്താക്കൾ ഇടയ്ക്കിടെ റീചാർജ് ചെയ്യുന്നത് ഒഴിവാക്കാം.
∙ 10 രൂപയുടെ ഗുണിതങ്ങളായി മാത്രമേ ടോപ്–അപ് റീചാർജ് സാധ്യമാകൂ എന്ന വ്യവസ്ഥ ഒഴിവാക്കി. ഏത് തുകയും ടോപ്–അപ് ചെയ്യാം.