ADVERTISEMENT

'കേരളത്തിലെ ഹൈ ക്ലാസ്സ്‌ സ്ത്രീകൾക്ക് ആരോഗ്യവാന്മാരായ പുരുഷന്മാരെ ആവശ്യമുണ്ട്. സാമ്പത്തികവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കു ഈ വാട്സാപ് നമ്പർ...' ഫേസ്ബുക്കിൽ ഇത്തരമൊരു പരസ്യം അടുത്തിടെ മലയാളികൾ പതിനായിരക്കണക്കിന് ലൈക്കുകളും ആയിരക്കണക്കിന് കമന്റും നൽകി ആഘോഷിച്ചു. വിമർശനങ്ങളാണ് അധികവും, കമന്റുകളിലെങ്കിലും ഇത്തരം തട്ടിപ്പുകൾക്ക് തലവച്ചു കൊടുക്കുന്നവരും ധാരാളമുണ്ട്.

ഡേറ്റിങ് ആപ് സ്കാമുകൾക്ക് ഊർജം പകരുന്ന പെയ്ഡ് ആഡ്സ്

സമൂഹമാധ്യമങ്ങളിൽ ആകർഷകമായ പരസ്യങ്ങളുമായെത്തി തട്ടിപ്പിലേക്കു നയിക്കുന്ന ഡേറ്റിങ് ആപ് സ്കാമുകൾ വർധിക്കുകയാണ്. വെറുതെ പരസ്യം നൽകൽ മാത്രമല്ല, കൃത്യമായ ആളുകളിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള ടാർഗറ്റ്ഡ് പെയ്ഡ് സർവീസുകളും ഇത്തരം സ്കാമുകൾ ഉപയോഗിക്കുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രാദേശികമായി ആളുകളെ ലക്ഷ്യം വച്ചുള്ള ക്യാംപെയിനുകളും ഇത്തരം തട്ടിപ്പുകാർ നടത്തുന്നുണ്ട്.

cyber-crime - 1

ഫോൺ നമ്പറുകൾ കൈമാറ്റം

ഇത്തരം ഡേറ്റിങ് ആപ്പുകളിൽ ഇര കണക്റ്റ് ചെയ്യപ്പെട്ടു ഫോൺ നമ്പറുകൾ കൈമാറുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. യഥാർഥ വ്യക്തിയായ നടിച്ചു വ്യാജ പ്രൊഫൈലുകൾക്കു പിന്നിലിരിക്കുന്നയാൾ വിശ്വാസം ആർജിച്ച ശേഷം പണമോ പാരിതോഷികമോ ആവശ്യപ്പെടും. ചിലപ്പോൾ നേരിട്ടു കാണാന്‍ ക്ഷണിക്കുകയും നക്ഷത്ര ഹോട്ടലുകളിലെ വിലകൂടിയ മദ്യത്തിന്റെയും ഭക്ഷണത്തിന്റെയും ബിൽ അടയ്ക്കാൻ നിർബന്ധിതനാകുകയും ചെയ്യും. കഴിഞ്ഞവർഷം സൈബർ സുരക്ഷാ കമ്പനിയായ McAfee നടത്തിയ പഠനുസരിച്ച് ഡേറ്റിങ് ആപ്പുകളിൽ റജിസ്റ്റർ ചെയ്ത 39 ശതമാനം ആളുകള്‍ക്ക് തട്ടിപ്പിനിരയാകുകയോ, അത്തരം സാധ്യതകളിലെത്തുകയോ ചെയ്തു.

cyber-crime

ഡീപ് ഫെയ്ക് വിഡിയോ

അതേസമയം ഡേറ്റിങ് ആപ് സ്കാമുകൾ മാത്രമല്ല സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അമിതാഭ് ബച്ചന്റെയും രൺവീർ സിങിന്റെയുമൊക്കെ പേരിൽ ഷെയർ ട്രേഡിങ്, ക്രിപ്റ്റോകറൻസി തട്ടിപ്പുകളും പ്രചരിക്കുന്നുണ്ട്. താരങ്ങളും ബിസിനസ് രംഗത്തെ പ്രമുഖരും പറയുന്നതായുള്ള ഡീപ് ഫെയ്ക് വിഡിയോകളും ഇത്തരക്കാർ ഉപയോഗിക്കുന്നുണ്ട്.

പരസ്യങ്ങൾ തടയുന്നതിന് നയങ്ങൾ പരാജയം

വഞ്ചനാപരമായ പരസ്യങ്ങൾ തടയുന്നതിന് നയങ്ങൾ നിലവിലുണ്ടെങ്കിലും, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പലപ്പോഴും അവ ഫലപ്രദമായി നടപ്പിലാക്കാൻ പാടുപെടുന്നു. പ്രൊഫഷണലും വിശ്വസനീയവുമാണെന്ന് തോന്നിക്കുന്ന പരസ്യങ്ങൾ സൃഷ്‌ടിക്കുന്നതിലൂടെ, പ്ലാറ്റ്‌ഫോമിന്റെ അവലോകന സംവിധാനത്തെയും ഇരകളേയും വഞ്ചിക്കാൻ അവർക്ക് കഴിയും.

പരിചിതമായ ലോഗോകൾ, നിറങ്ങൾ, ഫോണ്ടുകൾ മുതലായവ ഉപയോഗിച്ചുള്ള സ്‌കാം പരസ്യങ്ങൾ പലപ്പോഴും അറിയപ്പെടുന്ന ബ്രാൻഡുകളെ അനുകരിക്കുന്നു. ഒരു പരസ്യത്തിന്റെ പശ്ചാത്തലം പൂർണ്ണമായി മനസ്സിലാക്കാൻ മോഡറേറ്റർമാർക്ക് ബുദ്ധിമുട്ടുണ്ടായേക്കാം. ഉദാഹരണത്തിന്, ഒരു പ്രത്യേക ഉൽപന്നത്തെക്കുറിച്ച് പരിചയമില്ലാത്ത ഒരാൾക്ക് ഒരു പരസ്യം സാധാരണമായി തോന്നിയേക്കാം, എന്നാൽ അറിവുള്ള ഒരു ഉപയോക്താവിന് അത് വ്യക്തമായ ഒരു തട്ടിപ്പായിരിക്കാം.

സ്‌കാമർമാർ അവരുടെ പരസ്യ ഉള്ളടക്കം ഇടയ്‌ക്കിടെ മാറ്റുന്നു, ഇത് ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾക്ക് പാറ്റേണുകൾ കണ്ടെത്തുന്നത് ബുദ്ധിമുട്ടാക്കുന്നു. അറിയപ്പെടുന്ന സ്‌കാമുകൾ കണ്ടെത്താന്‍ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഫിൽറ്ററുകൾ ഒഴിവാക്കാൻ അൽപ്പം മാറ്റം വരുത്തിയ ചിത്രങ്ങളോ ടെക്‌സ്‌റ്റോ സ്കാമർമാർ‌ ഉപയോഗിച്ചേക്കാം.

English Summary:

Kerala dating scams targeting women are surging, with social media ads promising riches. Learn about these online dating scams, their tactics, and how to protect yourself from financial fraud and heartbreak.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com