അടുക്കളയിൽനിന്ന് കാട്ടിലേക്ക്! സ്വപ്നം സഫലമാക്കി റോഷ്നിയുടെ വിജയഗാഥ
Mail This Article
ഡിഗ്രി പഠനം പൂർത്തിയാക്കി ഒരു നീണ്ട ഇടവേളയ്ക്കു ശേഷമാണ് തിരുവനന്തപുരം നെടുമങ്ങാട്ടുകാരിയായ ജി.എസ് റോഷ്നി ബീറ്റ് ഫോറസ്റ്റ് ഓഫിസർ പരീക്ഷയെഴുതുന്നത്. അതിനിടെ വിവാഹം. രണ്ടു കുഞ്ഞുങ്ങൾ.. വീട്ടുതിരക്കുകൾ... അതൊന്നും റോഷ്നിയെ തളർത്തിയില്ല. മക്കൾ മൂന്നുപേരും സർക്കാർ ജോലിക്കാരാകണമെന്നായിരുന്നു റോഷ്നിയുടെ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. ചേച്ചിമാർ രണ്ടുപേരും അതു സാധിച്ചുകൊടുക്കുകയും ചെയ്തു. അങ്ങനെയാണ് റോഷ്നി വീണ്ടും പിഎസ്‌സി പഠനം തുടങ്ങുന്നത്. ബിഎഫ്ഒ പരീക്ഷ പതിനെട്ടാം റാങ്കിന്റെ പകിട്ടോടെ പാസായ റോഷ്നി കേരളത്തിലെ ആദ്യ ബാച്ച് വനിതാ ഫോറസ്റ്റ് ഓഫിസർ എന്ന നേട്ടത്തിനും അർഹയായി. ജീവിതത്തിൽ തിരക്കുകൾ നാൾക്കുനാൾ ഏറി വന്നിട്ടും തന്റെ ലക്ഷ്യം കയ്യെത്തിപ്പിടിച്ചതെങ്ങനെ എന്ന് ഒാർത്തെടുക്കുകയാണ് തിരുവനന്തപുരം പരുത്തിപ്പള്ളി റേഞ്ച് ഓഫിസിൽ ഫോറസ്റ്റ് ഓഫിസറായ റോഷ്നി.
∙സർക്കാർ ജോലിക്കായുള്ള പ്രചോദനം?
അച്ഛനും അമ്മയ്ക്കും ഞങ്ങൾ മക്കൾ മൂന്നുപേരും സർക്കാർ ജോലിക്കാരാകണം എന്നതായിരുന്നു ആഗ്രഹം. ചേച്ചിമാർ പഠനം കഴിഞ്ഞയുടൻ പിഎസ്‌സി പരീക്ഷയെഴുതി ജോലിയിൽ പ്രവേശിച്ചു. അവരുടെ പരിശ്രമവും തയാറെടുപ്പുകളും ചെറുപ്പത്തിലേ എന്റെ മനസ്സിലും സർക്കാർ ജോലിയെന്ന ലക്ഷ്യം തന്നിരുന്നു. ചേച്ചിമാരുടെ ഭർത്താക്കന്മാരും എന്റെ ഭർത്താവും സർക്കാർ സർവീസിലാണ്. അങ്ങനെ വീട്ടിലെ അന്തരീക്ഷവും സർക്കാർ ജോലിയ്ക്കു അനുകൂലമായിരുന്നു. എന്നാൽ 2007ൽ തിരുവനന്തപുരം ദൂരദർശനിൽ കരാർ വ്യവസ്ഥയിൽ ന്യൂസ് റീഡറായി ജോലി ലഭിച്ചതോടെ 17 വർഷം ആ ജോലി തുടർന്നു. ഇടയ്ക്ക്, ജോലി താൽക്കാലികമാണെന്ന ചിന്ത മനസ്സിനെ അലട്ടി. കൂടാതെ അച്ഛനമ്മമാരുടെ ആഗ്രഹം ഞാൻ മാത്രം വെറുതെയാക്കരുതെന്നും തീരുമാനിച്ചു വീണ്ടും പഠനത്തിലേക്കു തിരിയുകയായിരുന്നു.
∙വിജയത്തിലെക്കെത്തിച്ച തയാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?
പിഎസ്‌സി എഴുതാൻ തീരുമാനിച്ചപ്പോൾ കോച്ചിങ്ങിനു ചേർന്നു. രണ്ടുവർഷം പഠിച്ചു. എങ്കിലും പഠിക്കാനുള്ള നോട്ടുകളെല്ലാം സ്വന്തമായി തയാറാക്കുമായിരുന്നു. അങ്ങനെ എഴുതിയെടുക്കുന്നവ പലവട്ടം വായിച്ചു പഠിക്കും. ബുദ്ധിമുട്ടുള്ളവയെല്ലാം മാർക്ക് ചെയ്തു വച്ചു വീണ്ടും പഠിക്കും. അങ്ങനെ ചെയ്തതു കൊണ്ട് പരീക്ഷയ്ക്ക് അവയിലേതെങ്കിലും വന്നാൽ എളുപ്പം ഒാർമിച്ചെടുക്കാൻ സാധിച്ചു. വലിയ പാഠഭാഗങ്ങൾ ചുരുക്കിയെഴുതിയും, പാട്ടു രൂപത്തിലാക്കിയും പഠിച്ചു. കൂടാതെ ഏതു പരീക്ഷയാണോ അതിന്റെ സിലബസ് കൃത്യമായി മനസ്സിലാക്കിയാണ് പഠിച്ചിരുന്നത്. സ്കൂൾ പാഠപുസ്തകങ്ങൾ വീണ്ടും വായിച്ചു പഠിച്ചു. ഉത്തരങ്ങൾ പഠിക്കുന്നതിനേക്കാൾ ചോദ്യങ്ങൾ കണ്ടെത്തി പഠിക്കുന്നതിനായിരുന്നു കൂടുതലും ശ്രദ്ധ കൊടുത്തത്.
∙പഠനസ്രോതസ്സുകൾ ?
പഠനത്തിൽ ഒരു അടുക്കും ചിട്ടയും തന്നത് തൊഴിൽവീഥിയായിരുന്നു. അതിൽ വരുന്ന മാതൃകാ പരീക്ഷകൾ എഴുതി പരിശീലിച്ചു. ഓരോ ലക്കവും പത്രത്തോടൊപ്പം കിട്ടുന്ന തൊഴിൽവീഥിക്കുവേണ്ടി കാത്തിരുന്നു. തൊഴിൽവീഥിയിൽ വരുന്ന എത്ര ചോദ്യങ്ങൾ എനിക്കറിയാമെന്നുള്ള കൗതുകവും അറിയാത്ത പുതിയ ചോദ്യങ്ങൾ പഠിക്കാനുള്ള ആവേശവുമായിരുന്നു കാരണം. ഓരോ ലക്കവും വരുമ്പോഴേക്കും തൊട്ടുമുൻപുള്ള ലക്കം പഠിച്ചു തീർക്കും. പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസം നേടിത്തന്നതും പഠനത്തിന്റെ മടുപ്പ് ഇല്ലാതാക്കിയതും തൊഴിൽവീഥിയാണ്.
∙കുടുംബം?
അച്ഛൻ കെ. സോമശേഖരൻനായർ, അമ്മ ഗിരിജാ ദേവി. ഭർത്താവ് എസ്.എസ്. സജിത്കുമാർ സഹകരണ വകുപ്പിൽ സ്പെഷൽ ഗ്രേഡ് ഇൻസ്പെക്ടറാണ്.
രണ്ടു ചേച്ചിമാരിൽ മൂത്തയാൾ സഹകരണ വകുപ്പിൽ ജൂനിയർ കോഓപ്പറേറ്റീവ് ഇൻസ്പെക്ടറും, ഭർത്താവ് കെഎസ്ഇബിയിൽ സബ് എൻജിനീയറുമാണ്. രണ്ടാമത്തെ ചേച്ചി പൊല്യൂഷൻ കൺട്രോൾ ബോർഡിലും ഭർത്താവ് സബ് റജിസ്ട്രാറുമാണ്.