ബാക്ബെഞ്ചിൽനിന്ന് ടോപ് റാങ്കിലേക്ക്; 25 വയസ്സിനകം ഫാസിൽ 11 റാങ്ക്ലിസ്റ്റിൽ
Mail This Article
എഴുതിയ 11പിഎസ്‌സി പരീക്ഷകളിലും ഉയർന്ന റാങ്കോടെ ജയം... സ്കൂൾ–കോളജ് പഠനകാലത്ത് മാർക്കിന്റെ കാര്യത്തിൽ എന്നും ബാക് ബെഞ്ചിലായിരുന്ന മുഹമ്മദ് ഫാസിലിന്റെ വിജയത്തിലേക്കുള്ള ഈ യാത്ര ആരെയും അതിശയിപ്പിക്കും. എക്സൈസ് ഇൻസ്പെക്ടർ പരീക്ഷയിൽ 4–ാം റാങ്ക്, അസിസ്റ്റന്റ് സെയിൽസ്മാൻ പരീക്ഷയിൽ 7–ാം റാങ്ക്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് പരീക്ഷയിൽ 10–ാം റാങ്ക്, സബ് ഇൻസ്പെക്ടർ പരീക്ഷയിൽ 36–ാം റാങ്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ 53–ാം റാങ്ക്. കൂടാതെ എൽഡിസി, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ഫയർമാൻ, സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ് തുടങ്ങി ജില്ലാതല പരീക്ഷകളിലും തിളക്കമാർന്ന വിജയം.
25 വയസ്സിനുള്ളിൽ മുഹമ്മദ് ഫാസിൽ എഴുതിയ ഈ വിജയചരിത്രത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റെ നീണ്ട കഥതന്നെയുണ്ട്. പിഎസ്‌സി പരീക്ഷകളെ നേരിടാൻ സ്വന്തമായി കണ്ടെത്തിയ 'പഠന സ്റ്റൈൽ' തൊഴിൽവീഥിയുമായി പങ്കുവയ്ക്കുകയാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയും ഇപ്പോൾ ആംഡ് പൊലീസ് ബറ്റാലിയനിൽ സബ് ഇൻസ്പെക്ടർ ട്രെയിനിയുമായ കെ. മുഹമ്മദ് ഫാസിൽ.
∙ പഠനകാലത്ത് അത്ര മികച്ച വിദ്യാർഥി അല്ലാതിരുന്നിട്ടും പിഎസ്‌സി പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസമെങ്ങനെ നേടി?
സ്കൂൾ കാലഘട്ടത്തിൽ ഞാനൊരു ശരാശരി വിദ്യാർഥിയായിരുന്നു. പ്ലസ്ടു കഴിഞ്ഞ് വിദൂരപഠനത്തിലൂടെയാണ് ബികോം പൂർത്തിയാക്കിയത്. സർക്കാർ ജോലി വേണമെന്നു തീരുമാനിച്ചപ്പോൾ സ്വന്തമായൊരു പഠനരീതി ഞാൻ കണ്ടെത്തുകയായിരുന്നു. കഠിനാധ്വാനം ഏറെ വേണ്ടിവരുമെന്ന് അറിയാമായിരുന്നു. എങ്കിലും സ്വയം പഠിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു.
∙ പിഎസ്‌സി പരീക്ഷയ്ക്കുവേണ്ടിയുള്ള 'സ്വയംപഠനരീതി'യെ കുറിച്ചു പറയാമോ?
പിഎസ്‌സിയുടെ മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ ശേഖരിച്ചാണ് പഠനത്തിനു തുടക്കമിട്ടത്. ഒരോ ദിവസവും കഴിയുന്നത്ര സമയം പഠിക്കാനായി മാറ്റിവച്ചു.
പുതിയ കാര്യങ്ങൾ പഠിക്കുന്നതിനൊപ്പം പഠിച്ച കാര്യങ്ങൾ റിവിഷനും ചെയ്തു. പരീക്ഷയ്ക്കു തൊട്ടുമുൻപുള്ള ദിവസങ്ങൾ റിവിഷനു മാത്രമായി നീക്കിവച്ചു.
∙എഴുതിയ പരീക്ഷകളിലെല്ലാം മികച്ച വിജയം, ഒാരോ പരീക്ഷയ്ക്കുമുള്ള തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?
ഇംഗ്ലിഷിലും കണക്കിലുമുള്ള ചോദ്യോത്തരങ്ങൾ എഴുതിയാണ് പഠിച്ചിരുന്നത്. മലയാള വ്യാകരണം പഠിക്കാൻ ഗൈഡുകളായിരുന്നു ആശ്രയം. കറന്റ് അഫയേഴ്സിനു വേണ്ടി പത്രം മുടങ്ങാതെ വായിക്കും. ഭരണഘടന, സ്പെഷൽ ടോപിക്, ചരിത്രം, ഭൂമിശാസ്ത്രം തുടങ്ങി സിലബസിലെ വിഷയങ്ങൾ എല്ലാ ദിവസവും പഠിക്കും. കൂടുതൽ മാർക്കിനു ചോദ്യങ്ങൾ വരുന്ന പാഠഭാഗങ്ങൾക്കു പ്രാധാന്യം കൊടുത്തു.
പേരാമ്പ്ര പിഎസ്‌സി ടോപ്പേഴ്സ് സെന്ററിൽ നൈറ്റ് ക്ലാസിനു ചേർന്നതോടെയാണ് പരീക്ഷയെക്കുറിച്ചു കൃത്യമായ ധാരണയുണ്ടായത്. കൂടാതെ സ്റ്റഡി മെറ്റീരിയലുകൾ കൂടുതൽ കണ്ടെത്തി പഠിക്കാൻ സാധിച്ചു. എത്ര പഠിച്ചിട്ടും മനസ്സിലാകാത്ത ഭാഗങ്ങൾക്കു നോട്ടുകൾ തയാറാക്കി. സ്കൂൾ പാഠപുസ്തകങ്ങളും പഠനത്തിൽ നല്ലൊരു സഹായിയായിരുന്നു.
∙പിഎസ്‌സി എഴുതുന്നവർക്കു ഫാസിലിന്റെ നിർദേശങ്ങൾ എന്തൊക്കെയാണ്?
എന്തെങ്കിലും പഠിക്കുകയല്ല, പരീക്ഷയ്ക്കു വേണ്ടതെന്താണെന്നു മനസ്സിലാക്കി പഠനത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. പിഎസ്‌സി പഠനം ‘സൈഡ് ബിസിനസ്’ മാത്രമായി കണ്ടാൽ പ്രായപരിധിയെത്തുംവരെ പഠിച്ചുകൊണ്ടേയിരിക്കുകയേ ഉള്ളൂ. പരീക്ഷ ജയിക്കണമെന്ന വാശി വേണം. പഠിച്ച ഭാഗങ്ങൾ മുടങ്ങാതെ റിവിഷൻ ചെയ്യുകയും വേണം. പരീക്ഷയെഴുതുമ്പോൾ എളുപ്പമുള്ള ചോദ്യങ്ങൾക്ക് ആദ്യം ഉത്തരമെഴുതുകയായിരുന്നു എന്റെ രീതി. പ്രയാസമുള്ള ചോദ്യങ്ങളുടെ ശരിയുത്തരം ഊഹിച്ചെടുക്കാനുള്ള കൂടുതൽ സമയം ഇങ്ങനെയാണ് കണ്ടെത്തിയത്. മിക്ക പരീക്ഷകളിലും ഈ രീതി പിന്തുടരുകയും ചെയ്തു.