എൻജിനീയർ ജോലി വേണ്ടെന്നുവച്ച് പിഎസ്‌സി പഠനം... അണഞ്ഞില്ല ആത്മവിശ്വാസത്തിന്റെ ‘ഫയർ’; അരുൺ ഇപ്പോൾ ഫയർഫോഴ്സിൽ
Mail This Article
എയ്റോനോട്ടിക്കൽ എൻജിനീയറിങ് ബിരുദധാരിയെ കാത്തിരിക്കുന്ന സാധ്യതകളും, ടെക്നിക്കൽ അനലിസ്റ്റായുള്ള ആദ്യ ജോലിയും വേണ്ടെന്നു വയ്ക്കാൻ അരുണിനു രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. അവയേക്കാളേറെ ഉയരത്തിലായിരുന്നു സർക്കാർ ജോലിയെന്ന സ്വപ്നം. ഏക ആശ്രയമായിരുന്ന ടെക്നിക്കൽ അനലിസ്റ്റ് ജോലി ഉപേക്ഷിച്ച് പിഎസ്‌സി പരീക്ഷ എഴുതാൻ തീരുമാനിച്ചപ്പോഴും വാനോളം വളർന്ന ആ സ്വപ്നമായിരുന്നു അരുണിനു കൂട്ട്.
സിപിഒ പരീക്ഷയിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ഉൾപ്പെടെ പിഎസ്‌സി പരീക്ഷയിലെ തിളക്കമാർന്ന മറ്റു നേട്ടങ്ങൾ ഇന്ന് അരുണിനു സ്വന്തമായുണ്ട്. ഫയർ ഫോഴ്സിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസറായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി.പി. അരുൺ തന്റെ വിജയപ്പറക്കലിന്റെ നാൾവഴികൾ തൊഴിൽവീഥിയുമായി പങ്കുവയ്ക്കുകയാണ്.
∙എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠനം കഴിഞ്ഞ് ടെക്നിക്കൽ അനലിസ്റ്റ് ആയിട്ടായിരുന്നല്ലോ ആദ്യ ജോലി. പിന്നീട് എങ്ങനെയാണ് സർക്കാർ ജോലിയിലേക്ക് എത്തിയത്?
ചെറുപ്പം മുതൽ സർക്കാർ ജോലിയോടു താൽപര്യമുണ്ടായിന്നെങ്കിലും പ്ലസ്ടുവിനു ശേഷം എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങാണ് തിരഞ്ഞെടുത്തത്. പക്ഷേ പഠിച്ചിറങ്ങിയപ്പോൾ അതുമായി ബന്ധപ്പെട്ട ജോലി കിട്ടാതെവന്നപ്പോൾ ബാംഗ്ലൂരിൽ ഐടി കമ്പനിയിൽ ടെക്നിക്കൽ അസിസ്റ്റന്റായി. അവിടെ അധികം കാലം പിടിച്ചു നിൽക്കാൻ സാധിച്ചില്ല. ജോലിയിൽ നിന്നുള്ള മാനസിക സമ്മർദംപ്രശ്നമായതോടെ പെട്ടെന്നൊരു ദിവസം ജോലി മതിയാക്കി നാട്ടിലേക്കു വണ്ടികയറി. എത്ര കഠിനാധ്വാനം ചെയ്യേണ്ടി വന്നാലും ഇനി സർക്കാർ ജോലി മതി എന്നു തീരുമാനിച്ചായിരുന്നു ആ മടക്കം. നല്ലൊരു ജോലി നഷ്ടപ്പെടുത്തിയെന്ന വിമർശനമുണ്ടായെങ്കിലും പഠിച്ച് സർക്കാർ സർവീസിൽ കയറാൻ കഴിയുമെന്ന ആത്മവിശ്വാസം എനിക്ക് ഉണ്ടായിരുന്നു.
∙ജോലി ഉപേക്ഷിച്ചുള്ള ഫുൾടൈം പഠനം സമ്മർദം നൽകിയോ? പിഎസ്‌സി പരീക്ഷയ്ക്കുള്ള തയാറെടുപ്പുകൾ എന്തെല്ലാമായിരുന്നു?
ആദ്യം തന്നെ പേരാമ്പ്ര ടോപ്പേഴ്സിൽ പിഎസ്‌സി കോച്ചിങ്ങിനു ചേർന്നു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയായിരുന്നു ആദ്യത്തെ ശ്രമം. എന്നാൽ വിചാരിച്ച മാർക്ക് സ്കോർ ചെയ്യാൻ കഴിയാതെ പോയതു നിരാശയുണ്ടാക്കി. പഠനം ഈ രീതിയിൽ പോയാൽ പോരെന്നു മനസ്സിലാക്കി. ആ സമയത്താണ് കോവിഡിന്റെ വരവ്. ലോക്ഡൗൺ ആയതോടെ കോച്ചിങ് സെന്റർ അടച്ചു. പഠനം വഴിമുട്ടി. സാമ്പത്തിക പ്രയാസം വേറെ. ആ സമയത്ത് പഴയ ഐടി ജോലിയുടെ പരിചയം പൊടിതട്ടിയെടുത്ത് ടോപ്പേഴ്സ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ ക്ലാസുകളിൽ ടെക്നിക്കൽ സപ്പോർട്ടറായി. പഠനത്തോടൊപ്പം വരുമാനത്തിനുള്ള സ്രോതസും കോച്ചിങ് സെന്ററിൽ നിന്നു തന്നെ ആയതോടെ കാര്യങ്ങൾ കൂടുതൽ എളുപ്പമായി.
∙പരീക്ഷയ്ക്കു പരമാവധി സ്കോർ നേടാനാവുംവിധം പഠനം എങ്ങനെയാണ് ക്രമീകരിച്ചത്?
മൻസൂർ അലി കാപ്പുങ്ങലിന്റെ ക്ലാസുകൾ കേട്ടു നോട്ടുകൾ തയാറാക്കിയാണ് ഒാരോ പരീക്ഷയുടെയും സിലബസിനെക്കുറിച്ചു ധാരണയുണ്ടാക്കിയത്. എസ്‌സിഇആർടി പാഠപുസ്തകങ്ങൾ സംഘടിപ്പിച്ചു. പരീക്ഷയ്ക്കു പരമാവധി മാർക്ക് നേടാൻ കഴിയുന്ന കണക്ക്, മലയാളം, ഇംഗ്ലിഷ് വിഷയങ്ങൾ കൃത്യമായി പഠിച്ചു.
സിലബസിലുള്ള പാഠഭാഗങ്ങൾക്കും സ്പെഷൽ ടോപ്പിക്കുകൾക്കുമായിരുന്നു പിന്നീടുള്ള പരിഗണന. ചരിത്രം, ഭൂമിശാസ്ത്രം, ഭരണഘടന തുടങ്ങിയ വിഷയങ്ങൾ വായിച്ച് കുറിപ്പുകൾ തയാറാക്കി. കറന്റ് അഫയേഴ്സിനായി പത്രവായന ശീലമാക്കി. പത്രത്തിലെ പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ, വ്യക്തിവിശേഷങ്ങൾ എന്നിവ എഴുതിയെടുത്ത് സൂക്ഷിക്കുന്നത് ശീലമാക്കി.
കുറച്ചു പഠിച്ചാലും ഉറച്ചുപഠിക്കുക, പഠിച്ചത് ആവർത്തിച്ചു പഠിക്കുക ഇതായിരുന്നു എന്റെ പഠനരീതി. കൂടാതെ നോട്ട് മേക്കിങ്, റിവിഷൻ, മോക് ടെസ്റ്റ് ശീലമാക്കി. വലിച്ചുവാരി വായിക്കുന്നതിനു പകരം കൂടുതൽ മാർക്കിനു ചോദ്യം വരുന്ന ഭാഗങ്ങൾക്ക് ഊന്നൽ നൽകി പഠിച്ചു. പരീക്ഷയെഴുതുമ്പോഴുള്ള ആത്മവിശ്വാസവും പ്രധാനമാണ്.