ADVERTISEMENT

ഒഴിവ് റിപ്പോർട്ട് ചെയ്യാൻ 4 സെക്കൻഡ് വൈകിയെന്ന സാങ്കേതികകാരണം പറഞ്ഞ് ഉദ്യോഗസ്ഥർ ജോലി നിഷേധിച്ച നിഷ ബാലകൃഷ്ണന് ഒടുവിൽ നീതിയുടെ നിയമനശുപാർ‍ശ. മുൻ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിൽനിന്ന് അർഹതപ്പെട്ട ജോലി നിഷേധിക്കപ്പെട്ട നിഷ ബാലകൃഷ്ണനു നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചപ്പോൾ വിജയിച്ചത് അതിനായി ഒപ്പം നിന്ന ‘മനോരമ’യുടെ വാർത്താശക്തികൂടിയാണ്.

ആറു വർഷം നീണ്ട നിയമപോരാട്ടംകൂടി നടത്തിയാണു കൊല്ലം ചവറ സ്വദേശി നിഷയുടെ സ്വപ്നസാഫല്യം. തദ്ദേശ സ്വയംഭരണ വകുപ്പിൽ എൽഡി ക്ലാർക്ക് ആയി നിയമനത്തിനൊരുങ്ങുന്ന നിഷ തളരാത്ത പോരാട്ടത്തിലൂടെ അവസരം തിരിച്ചുപിടിച്ച അനുഭവവഴികൾ പങ്കുവയ്ക്കുന്നു.

കേരളമാകെ ചർച്ച ചെയ്തതാണ് ആ നാലു സെക്കൻഡിന്റെ നിർഭാഗ്യം. ഒഴിവ് റിപ്പോർട്ട് ചെയ്യാൻ ഏറെ പ്രയത്നിച്ചിട്ടും നിയമനം നിഷേധിക്കപ്പെട്ടത് എങ്ങനെയാണ്?

എറണാകുളം ജില്ലാ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലാണു ഞാൻ ഉൾപ്പെട്ടിരുന്നത്. 696–ാം റാങ്കായിരുന്നു. കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവ് ലിസ്റ്റിന്റെ കാലാവധി തീരാൻ 3 ദിവസം ബാക്കിയുള്ളപ്പോൾ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പിഎസ്‌സി‌യെ അറിയിക്കണമെന്ന് അപേക്ഷിച്ചു.

29 നും 30 നും പൊതു അവധിയായിരുന്നു. 31നു വൈകുന്നേരത്തിനകമെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്യണേയെന്ന് അപേക്ഷിച്ച് പല തവണ ഉദ്യോഗസ്ഥനെ വിളിച്ചു. പക്ഷേ, ആ ഉദ്യോഗസ്ഥൻ എറണാകുളം ജില്ലാ പിഎസ്‌സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 ന്. പിഎസ്‌സി ഓഫിസിൽ ഇ–മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷവും. റാങ്ക് ലിസ്റ്റിന്റെ  കാലാവധി അർധരാത്രി അവസാനിച്ചെന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു.

‌∙കഷ്ടപ്പെട്ടു പഠിച്ചു നേടിയ സർക്കാർ ജോലി; അതും അവസാന ചാൻസിലെ അവസരം. നാല് സെക്കൻഡിലെ അനാസ്ഥയുടെ പേരിൽ അതു നഷ്ടമായപ്പോൾ മാനസികമായി തളർന്നു പോയിരിക്കുമല്ലോ. എങ്ങനെയാണ് ആ പ്രതിസന്ധി അതിജീവിച്ചത്?

എനിക്കിപ്പോഴും അതു വിശ്വസിക്കാൻ കഴിയുന്നില്ല. അത്രയേറെ കഷ്ടപ്പെട്ടു പഠിച്ച് ലിസ്റ്റിൽ കയറിയിട്ടും ജോലി കിട്ടാതെ പോയതു മാനസികമായി വല്ലാതെ തളർത്തി. നാലു സെക്കൻഡിന് എത്ര വിലയുണ്ടെന്ന് അറിയണമെങ്കിൽ നിങ്ങൾ എന്റെ ജീവിതത്തിലേക്കു നോക്കിയാൽ മതി. ആ 4 സെക്കൻഡിന്റെ പേരിൽ എനിക്ക് 6 വർഷം നിയമപോരാട്ടം നടത്തേണ്ടിവന്നു.

nisha-balakrishnan-new-gif
നിഷ ബാലകൃഷ്ണൻ

തുടക്കത്തിൽ ഹർജി തള്ളുന്നതുൾപ്പെടെ ചില തിരിച്ചടികൾ ഉണ്ടായിട്ടും വിടാതെ നടത്തിയ ആ നിയമപോരാട്ടങ്ങൾ എങ്ങനെയായിരുന്നു?

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയാണ് സമീപിച്ചത്. പക്ഷേ, ആ ഹർജി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, പുതിയ എൽഡിസി റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു കാരണം ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടില്ല. തുടർന്ന് ഹൈക്കോടതിയിൽ റിവ്യു പെറ്റീഷൻ നൽകി. ജോലിനിഷേധം ‘മലയാള മനോരമ’യിൽ വലിയ വാർത്തയായശേഷം മുഖ്യമന്ത്രിയെ കണ്ടു പരാതി നൽകി. പരാതി അന്വേഷിക്കാൻ മുഖ്യമന്ത്രി ഭരണപരിഷ്കാര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെ നിയോഗിച്ചു. നഗരകാര്യ ഡയറക്ടർ ഒാഫിസിലെ ഉദ്യോഗസ്ഥർക്കു വീഴ്ച സംഭവിച്ചെന്നായിരുന്നു കണ്ടെത്തൽ. പിന്നാലെ ഹൈക്കോടതിയും അനുകൂല നിലപാടെടുത്തതോടെ വീണ്ടും നൽകിയ അപേക്ഷ മന്ത്രിസഭ പരിഗണിക്കുകയായിരുന്നു. ‘മനോരമ’ നൽകിയ പിന്തുണയ്ക്ക് തീരാത്ത നന്ദിയും കടപ്പാടുമുണ്ട്. ഹൈക്കോടതിയിൽ ഈ കേസ് ഒരു പൈസ പോലും വാങ്ങാതെ വാദിച്ചു വിജയിപ്പിച്ചുതന്ന അഡ്വക്കറ്റ് രഞ്ജിത് തമ്പാൻ സാറിനോടും ‘മനോരമ’യിൽ വാർത്തയായ ശേഷം സംസ്ഥാന സർക്കാരിൽ നിന്ന് അനുകൂല തീരുമാനം നേടിയെടുക്കാൻ ശക്തമായ ഇടപെടൽ നടത്തിയ സിപിഐ നേതാവ് പ്രകാശ് ബാബു സാറിനോടും കടപ്പാടേറെ. ഇക്കാര്യത്തിൽ സത്യസന്ധമായ റിപ്പോർട്ട് സമർപ്പിച്ച ഭരണ പരിഷ്കരണ വകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിജിലൻസ് വകുപ്പ് ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി.

വിജയിച്ച എൽഡിസി പരീക്ഷയുടെ തയാറെടുപ്പിനെക്കാൾ സമ്മർദം ഉണ്ടാക്കിയിട്ടുണ്ടാകുമല്ലോ നിയമനനിഷേധത്തിനെതിരായ പോരാട്ടം. പ്രതീക്ഷ കൈവിടാതെ ഇത്രയും നാൾ മുന്നോട്ടുപോകാൻ ധൈര്യം നൽകിയ ഘടകങ്ങൾ?

കയ്യെത്തുംദൂരെയെത്തിയ ജോലി എന്റേതല്ലാത്ത കാരണത്താൽ നഷ്ടപ്പെട്ടതിന്റെ സങ്കടം സഹിക്കാൻ കഴിയില്ലായിരുന്നു. കുഞ്ഞുങ്ങളുടെ കാര്യംപോലും ഞാൻ ശ്രദ്ധിക്കാതെയായി. പ്രായപരിധി അവസാനിച്ചതോടെ സർക്കാർ ജോലി എന്ന മോഹം ഉപേക്ഷിക്കേണ്ടിവന്നത് താങ്ങാനാവുന്നതിനപ്പുറമായിരുന്നു.

സർക്കാർ സർവീസിൽ റേഷൻ ഇൻസ്പെക്ടറായ ഭർത്താവ് പ്രവീൺ പൂർണ പിന്തുണയുമായി കൂടെയുണ്ടായിരുന്നു. സുപ്രീം കോടതിവരെ പോകേണ്ടിവന്നാലും ജോലി തിരിച്ചുപിടിക്കുമെന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. ആ വാശിയും പിന്തുണയുമാണ് ഈ പോരാട്ടം ജയിക്കാൻ സഹായിച്ചത്.

മൂത്ത മകൻ സൂര്യനാരായണൻ പത്താം ക്ലാസിലും ഇളയ മകൻ കാശിനാഥൻ ആറാം ക്ലാസിലും പഠിക്കുന്നു. അമ്മയ്ക്കു ജോലി ലഭിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് അവരും.

എങ്ങനെയായിരുന്നു പിഎസ്‌സി പരീക്ഷാപരിശീലന രംഗത്തേക്കുള്ള വരവ്? എന്തൊക്കെയായിരുന്നു തയാറെടുപ്പുകൾ, പഠനരീതികൾ ?

കേരള സർവകലാശാലയിൽ പ്രൈവറ്റായാണ് ബിഎ ഇക്കണോമിക്സ് പഠിച്ചത്. പിന്നെ ഒരു വർഷം കംപ്യൂട്ടർ കോഴ്സിനു പോയി. 2007ലായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് നാലഞ്ചു മാസം പിഎസ്‌സി കോച്ചിങ്ങിനു പോയി. ആദ്യമെഴുതിയ എൽഡിസി പരീക്ഷയിൽ റാങ്ക് ലിസ്റ്റിൽ വന്നില്ല.

ആദ്യത്തെ മകനെ ഗർഭം ധരിച്ചതോടെ പഠനം പാതിവഴിയിൽ മുടങ്ങി. അവന് ഒരു വയസ്സായപ്പോൾ വീണ്ടും കോച്ചിങ്ങിനു പോയിത്തുടങ്ങി. അക്കാലയളവിൽ എഴുതിയ എൽഡിസി പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ വന്നെങ്കിലും നിയമനം ലഭിക്കാതെ പോയതു വല്ലാതെ നിരാശപ്പെടുത്തി. അപ്പോഴേക്ക് രണ്ടാമത്തെ മകന്റെ ജനനവുമായി ബന്ധപ്പെട്ട തിരക്കുകളായി.

രണ്ടു കുഞ്ഞുങ്ങളുടെയും ഉത്തരവാദിത്തം കാരണം പിന്നീട് കോച്ചിങ്ങിനൊന്നും പോകാൻ കഴിഞ്ഞില്ല. എന്നാൽ, സർക്കാർ ജോലി എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. നേരത്തേ കോച്ചിങ് ക്ലാസിനു പോയപ്പോൾ ലഭിച്ച നോട്ടുകളും ഗൈഡുകളും എല്ലാം സംഘടിപ്പിച്ചു സ്വന്തം നിലയ്ക്കു പഠിക്കുകയായിരുന്നു.

2014ലെ എൽഡി ക്ലാർക്ക് പരീക്ഷ അവസാന അവസരമായിരുന്നല്ലോ. ഏറെ നാളത്തെ പഠനം നൽകിയ ആത്മവിശ്വാസം വിജയത്തിനു തുണയായോ?

2014 ജനുവരിയിലാണ് മൂന്നാമത്തെ എൽഡിസി പരീക്ഷയെഴുതിയത്. അത്രയും നാളത്തെ പഠനവും പരിശീലനവും നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്.. പരീക്ഷ കഴിഞ്ഞപ്പോൾത്തന്നെ നല്ല മാർക്ക് നേടാനാകുമെന്ന് ഉറപ്പിച്ചിരുന്നു. 2015 ഏപ്രിൽ ഒന്നിന് ലിസ്റ്റിൽ പേരു വന്നപ്പോൾ അതിയായ സന്തോഷം തോന്നി. ഉറപ്പായും ജോലി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

പക്ഷേ, റാങ്ക് ലിസ്റ്റിൽ കയറിയാൽ മാത്രം പോരാ, ഒഴിവുകൾ കണ്ടെത്തി മേലുദ്യോഗസ്ഥരെക്കൊണ്ടു റിപ്പോർട്ട് ചെയ്യിക്കുകകൂടി ചെയ്തില്ലെങ്കിൽ ജോലി ലഭിക്കില്ലെന്ന് പിന്നീടാണു മനസ്സിലായത്. അങ്ങനെ മറ്റു റാങ്ക് ജേതാക്കളോടൊപ്പം ഒഴിവു റിപ്പോർട്ടിങ്ങിനായി ഓഫിസുകൾ കയറിയിറങ്ങി.

3 വർഷത്തെ കാലാവധി പൂർത്തിയാക്കി 2018 മാർച്ച് 31നു ലിസ്റ്റ് അവസാനിക്കാറായിട്ടും നിയമനം ലഭിക്കാതെ വന്നപ്പോൾ ലോകംതന്നെ അവസാനിച്ചപോലെ മനസ്സ് നിരാശപ്പെട്ടു. നാലു സെക്കൻഡിന്റെ പേരിൽ അവസരം പോയതോടെ തകർന്നു പോയി. ഒടുവിൽ എല്ലാം ശുഭകരമായി സംഭവിച്ചിരിക്കുന്നു. 

English Summary:

PSC LD Clerk Nisha Balakrishnan Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com