വെല്ലുവിളികൾക്കു മുൻപിൽനിന്ന് ഒരു മധുരച്ചിരി ചിരിച്ച് ജിസി പറയുന്നു; "എൽഡിസി ഈസിയാണ്, ഇതെന്റെ ഗ്യാരന്റി"
Mail This Article
വെല്ലുവിളികളുടെ മധ്യത്തിൽനിന്നൊരു ഒന്നാം റാങ്ക് നേട്ടം കൈവരിച്ചതിന്റെ മധുരച്ചിരിയുണ്ട് ജിസി പോളിന്റെ മുഖത്ത്. മുൻ എൽഡിസി പരീക്ഷയിൽ ഇടുക്കി ജില്ലയിലെ ഒന്നാം റാങ്കുകാരിയായ ജിസിയെ മറ്റു വിജയികളിൽനിന്ന് വേറിട്ടു നിർത്തുന്നതും വെല്ലുവിളികളെ വെട്ടിമുറിച്ച ‘കൂൾ, കൂൾ’ മനോഭാവമാണ്. വയനാട് പള്ളിക്കുന്ന് സ്വദേശിയായ ജിസിയുടെ എൽഡിസി തയാറെടുപ്പ് അത്ര ഈസിയായിരുന്നില്ല. നാട്ടിൻപുറത്തുകാരി പെൺകുട്ടി കോളജ് പഠനം പൂർത്തിയാക്കി ജോലിക്കായി വീണ്ടും പഠിക്കാനിരിക്കുന്നതിനോട് നെറ്റിചുളിച്ചവരായിരുന്നു ഏറെ. കല്യാണം കഴിപ്പിക്കാനുള്ള സമ്മർദം വേറെയും. ഇതിനിടയിൽ കോവിഡ് വന്നു, പരീക്ഷകൾ നീണ്ടു, പ്രിലിംസും മെയിൻസും വന്നു, പരീക്ഷയുടെ പതിവുരീതികൾ മാറിമറിഞ്ഞു. പക്ഷേ, ജോലിയെന്ന ലക്ഷ്യത്തിൽനിന്നു പിന്മാറാൻ ജിസി തയാറായില്ല. കഠിനാധ്വാനം ചെയ്തതിന് ഒന്നാം റാങ്കിന്റെ രൂപത്തിൽ പ്രതിഫലം വന്നു. ആദ്യത്തെ റാങ്ക് ലിസ്റ്റിൽ ആദ്യ പേരുകാരിയായി ഇടംകണ്ടതോടെ ‘ഹാപ്പി’ ആയെന്നു ജിസി പോൾ. ഇടുക്കി പൈനാവിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ഓഫിസിൽ ക്ലാർക്കായ ജിസി പോളിന്റെ ‘എൽഡിസി വിജയരഹസ്യം’ അറിയാം.
Turning Point
കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷമാണു പിഎസ്‌സി പരിശീലനത്തിലേക്കു തിരിഞ്ഞത്. അച്ഛനും അമ്മയുമാണ് ഈ തീരുമാനത്തിനു പ്രചോദനമായത്. സ്വന്തം കാലിൽ സ്വതന്ത്രയായി നിൽക്കാനാകണം, അതിനൊരു ജോലി വേണമെന്നു ഞാനും കരുതി. സർക്കാർ ജോലിയെങ്കിൽ സമൂഹത്തിലൊരു നിലയും വിലയുമുണ്ടാകുമെന്ന് ഉപദേശിച്ചതു പപ്പയാണ്. എല്ലാ ബുദ്ധിമുട്ടുകളും മറികടന്ന് എൽഡിസി പരീക്ഷയിൽ മികച്ച വിജയത്തിനായി പ്രയത്‌നിക്കാൻ എനിക്ക് ആവേശമായത് ആ വാക്കുകളാണ്.
My Strategy
വയനാട്ടിലെ സിജി കോച്ചിങ് സെന്ററിലായിരുന്നു പരിശീലനം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയാണ് ആദ്യം എഴുതിയത്. ആ ലിസ്റ്റിലൊന്നും ഇടം കിട്ടിയില്ല. പിന്നെ വന്ന പ്രധാന പരീക്ഷയെന്ന നിലയ്ക്ക് എൽഡിസിയിൽ ശ്രദ്ധിച്ചു. പഠനത്തിൽനിന്നു ശ്രദ്ധ തിരിക്കുന്ന ഒന്നിനും ചെവിയും കണ്ണും കൊടുക്കാത്ത ‘ഫുൾ ടൈം റഗുലർ’ പഠനമായിരുന്നു. ഓൺലൈനായും ഓഫ്‌ലൈനായും കിട്ടാവുന്ന സോഴ്സുകളെല്ലാം പൊതുവിജ്ഞാനത്തിനുവേണ്ടി ആശ്രയിച്ചു. ബുദ്ധിമുട്ടേറിയ വിഷയം ഇംഗ്ലിഷ് ആയിരുന്നു. കൂടുതൽ സമയവും ശ്രദ്ധയും ചെലവിട്ടാണ് അതിനു പരിഹാരം കണ്ടത്. ദിവസേന അപ്ഡേറ്റ് ചെയ്തായിരുന്നു കറന്റ് അഫയേഴ്സ് പഠനം.
Key To Success
മൻസൂർ അലി കാപ്പുങ്ങലിന്റെ ക്ലാസുകളാണ് റാങ്ക് നേട്ടത്തിൽ നിർണായകമായത്. സാറിന്റെ ടെലിഗ്രാം, യൂട്യൂബ് ചാനലുകൾ ഫോളോ ചെയ്തിരുന്നു. ആ ക്ലാസുകളും നിർദേശങ്ങളും പഠനം അനായാസമാക്കിയെന്നു മാത്രമല്ല, സമഗ്രവുമാക്കി. സിലബസിലെ വിഷയങ്ങളും വെയ്റ്റേജും മനസ്സിലാക്കി കൃത്യമായ ടൈം ടേബിൾ തയാറാക്കിയാണു പഠിച്ചുതീർത്തത്. എല്ലാ ഞായറും റിവിഷനു മാത്രം ഉപയോഗിച്ചു. പഠനം മുന്നോട്ടു പോകുന്തോറും റിവിഷന്റെ എണ്ണം കൂട്ടിയത് ഏറെ പ്രയോജനം ചെയ്തു. കിട്ടാവുന്നത്ര പ്രീവിയസ് ചോദ്യ പേപ്പറുകളും മോക് ടെസ്റ്റുകളും ശേഖരിച്ച് സോൾവ് ചെയ്തതും വിജയം ഉറപ്പെന്ന ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ വലിയ തോതിൽ സഹായിച്ചു.
Get Ready
സാധാരണ നിലയിൽ പത്താം ക്ലാസും പ്ലസ് ടുവും കോളജ് പഠനവുമൊക്കെ കടന്നുവന്ന എനിക്ക് എൽഡിസിപോലെ കടുത്ത മത്സരം നടക്കുന്ന പരീക്ഷയിൽ ഒന്നാം റാങ്ക് നേടാൻ പറ്റിയെങ്കിൽ ആർക്കും അതത്ര വെല്ലുവിളിയൊന്നുമല്ല. ജോലി കിട്ടണമെന്ന് ആഗ്രഹം ഉണ്ടായാൽ മാത്രം പോരാ, അതിനുവേണ്ടി 100% പരിശ്രമവും നൽകണം. എങ്കിൽ അതിനനുസരിച്ചുള്ള ഫലം തീർച്ചയായും കിട്ടും.
പരീക്ഷാരീതിയിലും ചോദ്യങ്ങളിലുമെല്ലാം പിഎസ്‌സി മാറ്റങ്ങൾ വരുത്തിക്കൊണ്ടേയിരിക്കും. പക്ഷേ, സിലബസ് അറിഞ്ഞു കൃത്യമായി തയാറെടുത്തവരെ അതൊന്നും ബാധിക്കില്ല. പഠനത്തിന്റെ തോത് അനുസരിച്ച് ആ വെല്ലുവിളികളെയെല്ലാം നമ്മൾ പരീക്ഷാ ഹാളിൽ തരണം ചെയ്യും. പഠനത്തിൽ ‘വെള്ളം ചേർക്കരുതെന്ന’ കാര്യംകൂടി ശ്രദ്ധിക്കണം. മറ്റ് ‘എന്റർടെയ്ൻസ്മെന്റ്സി’ന് അവധി നൽകി പൂർണമായും പഠനത്തിൽ ഫോക്കസ് ചെയ്യണം. പഠനം, റിവിഷൻ, മോക് ടെസ്റ്റ് – ഇതു മൂന്നും ഫലപ്രദമായി ചേർത്താൽ വിജയം അകന്നുപോകില്ല.
Success Mantra
എത്രമാത്രം ആഴത്തിൽ പഠിച്ചാലും പരീക്ഷാ ഹാളിലെ പ്രകടനമാണു നിർണായകം. സമ്മർദവും ആശങ്കകളും ഒഴിവാക്കുന്നതിനെ ആശ്രയിച്ചിരിക്കും ആ പ്രകടനം. പരമാവധി മോക് ടെസ്റ്റുകളെഴുതി പരിശീലിക്കുന്നതിലൂടെ മാത്രമേ ‘പരീക്ഷാപ്പേടി’ ഒഴിവാക്കാനാകൂ. പരീക്ഷാ ഹാളിൽ ‘അറ്റൻഡ്’ ചെയ്യുന്നതുപോലെത്തന്നെ മാതൃകാ പരീക്ഷകൾ എഴുതാൻ ശ്രദ്ധിക്കണം. യഥാർഥ പരീക്ഷയുടെ അതേ സമയം പാലിച്ച്, അതേ ഗൗരവത്തോടെ സോൾവ് ചെയ്ത് പഠിക്കണം. ഒഎംആർ മാതൃകതന്നെ മോക് ടെസ്റ്റിനും പിന്തുടരണം. ഒഎംആർ ഷീറ്റ് ‘മാർക്ക്’ ചെയ്തുള്ള പരിശീലനം പരീക്ഷാഹാളിൽ വേഗത്തിന്റെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ ഗുണം ചെയ്യും. മാതൃകാ പരീക്ഷാ സമയത്തു ഗണിതവും ഇംഗ്ലിഷുമെല്ലാം പിന്നീടു നോക്കാമെന്ന മട്ടിൽ വിട്ടുകളയരുത്. നിർദിഷ്ട സമയംകൊണ്ട് ചോദ്യങ്ങൾ സോൾവ് ചെയ്തു തീരുന്നുണ്ടോ എന്നറിയാൻ അവ ചെയ്തുതന്നെ പഠിക്കണം.