റാങ്ക് നേട്ടത്തിന്റെ വിപിൻ സർവീസ്
Mail This Article
കയ്യെത്തുംദൂരത്തെത്തിയ സിവിൽ സർവീസ് സ്വപ്നം ഒറ്റ മാർക്കിന്റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടതിന്റെ സങ്കടം തീർക്കാൻ വാശിക്കു പിഎസ്‌സി പഠനം തുടങ്ങിയതാണു വിപിൻ ചന്ദ്രൻ. ആ വീറും വാശിയും വെറുതെയായില്ല. പിഎസ്‌സി അടുത്തിടെ ഫലം പ്രഖ്യാപിച്ച ജൂനിയർ എംപ്ലോയ്മെന്റ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്ക് ഉൾപ്പെടെ വിപിനെ തേടിയെത്തിയത് തിളക്കമാർന്ന ഒട്ടേറെ നേട്ടങ്ങൾ.
ബിരുദത്തിനു പഠിക്കുന്ന നാളുകളിൽത്തന്നെ പിഎസ്‌സി, യുപിഎസ്‌സി പരീക്ഷകൾ ലക്ഷ്യമിട്ടു പരിശീലനത്തിനിറങ്ങിയ വിപിൻ ഇതിനകം പത്തിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ ഇടംനേടിയിട്ടുണ്ട്. മികച്ച റാങ്കുകളും ഉറപ്പാക്കിയായിരുന്നു വിപിന്റെ ഈ വിജയയാത്ര. ഒരുവട്ടം അരികിലെത്തി വഴുതിപ്പോയ സിവിൽ സർവീസിനുവേണ്ടി കഠിനാധ്വാനം തുടർന്ന വിപിൻ ഇത്തവണ സിവിൽ സർവീസ് പരീക്ഷയിൽ ഇന്റർവ്യൂവും കഴിഞ്ഞുള്ള കാത്തിരിപ്പിലാണ്. ഇന്റർവ്യൂവിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതിനാൽ മികച്ചൊരു റാങ്കിന്റെ പ്രതീക്ഷയിലാണു കൊല്ലം പോരുവഴി സ്വദേശിയായ വിപിൻ.
റാങ്കുകളിലേക്കു കൂട്ടയോട്ടം
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ഇക്കണോമിക്സ് ബിരുദപഠനത്തോ ടൊപ്പമാണ് വിപിൻ ചന്ദ്രൻ പിഎസ്‌സി, യുപിഎസ്‌സി പരീക്ഷാപരിശീലനം ആരംഭിക്കുന്നത്. ഹിസ്റ്ററിയിലും പബ്ലിക് അഡ്മിനിസ്ട്രേഷനിലും ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യതയും നേടി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ നാലു തവണ വിജയിച്ച് രണ്ടു തവണ ഇന്റർവ്യൂ ഘട്ടം വരെയെത്തിയെങ്കിലും അവസാന നിമിഷം പുറത്താകുകയായിരുന്നു.
ആദ്യ ഇന്റർവ്യൂ 2021ലായിരുന്നു. അന്ന് ഒരു മാർക്കിന്റെ വ്യത്യാസത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതെപോയത് മാനസികമായി ഏറെ തളർത്തി. പക്ഷേ, നിരാശപ്പെടാതെ തുടർന്നും പരീക്ഷയെ നേരിടാനായിരുന്നു തീരുമാനം. 2016ൽ ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസറായി നിയമനം നേടിയ വിപിൻ 2 വർഷത്തിനുശേഷം ജോലി രാജിവച്ചാണു സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിനിറങ്ങിയത്.
അവസാനവർഷ ബിരുദത്തിനു പഠിക്കുമ്പോഴാണ് ആദ്യമായി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. കൊല്ലം ജില്ലയിലെ എൽഡി ക്ലാർക്ക് ലിസ്റ്റായിരുന്നു അത്. ആ ലിസ്റ്റിൽനിന്നു സിവിൽ സപ്ലൈസ് കോർപറേഷനിലേക്കു നിയമന ശുപാർശ ലഭിച്ചെങ്കിലും അതിനു മുൻപേ ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസറായി നിയമനം ലഭിച്ചതിനാൽ പോയില്ല.
അടുത്തിടെ പ്രസിദ്ധീകരിച്ച ബെവ്കോ അസിസ്റ്റന്റ് ഒന്നാം റാങ്ക്, കേരള സിറാമിക്സ് അസിസ്റ്റന്റ് ഒന്നാം റാങ്ക്, കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ കമ്പനി/കോർപറേഷൻ/ബോർഡുകളിലെ അസിസ്റ്റന്റ് അഞ്ചാം റാങ്ക്, നാഷനൽ സേവിങ്സിൽ അസിസ്റ്റന്റ് ഡയറക്ടർ 11–ാം റാങ്ക് എന്നീ മികച്ച റാങ്ക് നേട്ടങ്ങളും സ്വന്തമാക്കി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, സർവകലാശാലാ അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും വിപിൻ ഉൾപ്പെട്ടിട്ടുണ്ട്. കെഎഎസ് പ്രിലിമിനറി പരീക്ഷ വിജയിച്ചെങ്കിലും മെയിൻ പരീക്ഷയിൽ അര മാർക്കിന്റെ വ്യത്യാസത്തിൽ ഷോർട് ലിസ്റ്റിൽ ഉൾപ്പെടാതെ പോയി.
ചിട്ടയോടെ ഒപ്പം തൊഴിൽവീഥി
തൊഴിൽവീഥിയുടെ സ്ഥിരം പഠിതാവാണു വിപിൻ ചന്ദ്രൻ. പിഎസ്‌സി പരീക്ഷകളിൽ മികച്ച നേട്ടം കൈവരിക്കാൻ തൊഴിൽവീഥിയിലെയും കോംപറ്റീഷൻ വിന്നറിലെയും ചിട്ടയായ പരിശീലനം ഏറെ സഹായിച്ചതായി വിപിൻ അടിവരയിടുന്നു. കെഎഎസ് പരീക്ഷാപരിശീലനത്തിനും സ്ഥിരമായി തൊഴിൽവീഥിയെയാണ് ആശ്രയിച്ചത്. മാതൃകാ ചോദ്യപേപ്പറുകൾ കൃത്യമായി ചെയ്തു പരിശീലിച്ചു. കെഎഎസ് പ്രിലിമിനറി പരീക്ഷയുമായി ബന്ധപ്പെട്ടു തൊഴിൽവീഥി നടത്തിയ മത്സരത്തിലും സമ്മാനം നേടിയിരുന്നു.
പിഎസ്‌സി ഉൾപ്പെടെയുള്ള മത്സരപ്പരീക്ഷകളിൽ വിജയം ഉറപ്പിക്കാൻ ഇനി പഴയ രീതിയിലുള്ള പഠനം മതിയാവില്ലെന്നാണു വിപിന്റെ വിലയിരുത്തൽ. പൊതുവിജ്ഞാനം കാണാപ്പാഠം പഠിച്ചതുകൊണ്ടോ മുൻ പരീക്ഷാചോദ്യങ്ങൾ പരിശോധിച്ചതുകൊണ്ടോ പിഎസ്‌സി പരീക്ഷയിൽ വിജയം നേടി ജോലി കണ്ടെത്താനാവില്ല. ഓരോ പരീക്ഷയുടെയും സിലബസ് മനസ്സിലാക്കി ആഴത്തിലുള്ള വിശദപഠനം അനിവാര്യമാണ്. പഠനത്തിനൊപ്പം മാതൃകാചോദ്യങ്ങൾക്ക് ഉത്തരമെഴുതിത്തന്നെ പരിശീലിക്കാനും സമയം കണ്ടെത്തണം. ലക്ഷ്യം സിവിൽ സർവീസോ കെഎഎസോ പിഎസ്‌സി പരീക്ഷയോ ഏതുമാകട്ടെ, വിജയം ഉറപ്പിക്കാൻ ഇതു ധാരാളമെന്നാണു വിപിൻ ചന്ദ്രൻ വ്യക്തമാക്കുന്നത്.
കൊല്ലം പോരുവഴി അമ്പലത്തുംഭാഗം അശ്വതിയിൽ മോഹനചന്ദ്രൻ പിള്ളയുടെയും കെ.ആർ.ശ്രീജയയുടെയും മകനാണു വിപിൻ. സഹോദരൻ വിനയ് ചന്ദ്രൻ പോസ്റ്റ് മാസ്റ്ററായി ജോലി ചെയ്യുന്നു.