ADVERTISEMENT

സിദ്ധാർഥും സിവിൽ സർവീസും ഇരട്ട പെറ്റതാണോ?! തമാശയ്ക്ക് അങ്ങനെ ചോദിച്ചുപോയാൽ തെറ്റില്ല. കാരണം, ബിരുദം പൂർത്തിയാക്കുംമുൻപ് തുടങ്ങിയതാണ് സിവിൽ സർവീസിലേക്കുള്ള സിദ്ധാർഥിന്റെ പരിശ്രമം. അഞ്ചു തവണ പരീക്ഷ എഴുതിയതിൽ നാലു തവണയും സിവിൽ സർവീസിന്റെ വാതിലുകൾ സിദ്ധാർഥിനു മുന്നിൽ തുറന്നു. അതിലെ ഏറ്റവും ഒടുവിലത്തേതാണ് സിവിൽ സർവീസ് നാലാം റാങ്കുമായി ഇത്തവണത്തെ മിന്നുന്ന നേട്ടം. കൊച്ചി ദിവാൻസ് റോഡ് കടത്തനാട് വീട്ടിൽ ടി.എൻ.രാംകുമാറിന്റെയും (റിട്ട. ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥൻ) രതിയുടെയും മകൻ പി.കെ.സിദ്ധാർഥ് രാംകുമാർ ആ നേട്ടത്തിലേക്കുള്ള യാത്ര ‘തൊഴിൽവീഥി’യോടു പങ്കുവയ്ക്കുന്നു.

സിവിൽ സർവീസിനോടുള്ള ഈ അഭിനിവേശം എപ്പോൾ തുടങ്ങിയതാണ്?

കൊച്ചി വടുതല ചിൻമയ സ്കൂളിലാണു ഞാൻ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിച്ചത്. പ്ലസ് വൺ, പ്ലസ് ടുവിൽ കംപ്യൂട്ടർ സയൻസ്–മാത്‌സ് ഗ്രൂപ്പായിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് ആർക്കിടെക്ചറിൽ ബിആർക്ക് പഠിക്കുമ്പോഴേ സിവിൽ സർവീസിനു പരിശ്രമിക്കണമെന്ന മോഹമുണ്ട്.

2019ൽ ബിആർക്ക് അവസാനവർഷം പഠിക്കുമ്പോൾ, കാര്യമായ തയാറെടുപ്പൊന്നുമില്ലാതെ സിവിൽ സർവീസ് പരീക്ഷ എഴുതി. പ്രിലിംസ് പോലും കടന്നില്ല. 2020ൽ വീണ്ടും എഴുതിയപ്പോൾ പ്രിലിംസും മെയിൻസും ഇന്റർവ്യൂവും കടന്ന് പോസ്റ്റൽ ആൻഡ് ടെലികോം സർവീസ് കിട്ടി. പരിശ്രമം ഉപേക്ഷിച്ചില്ല. 2021ൽ വീണ്ടുമെഴുതിയപ്പോൾ 189–ാം റാങ്കോടെ ഐപിഎസ് കിട്ടി. 2022ൽ റാങ്ക് 121 ആയി ഉയർന്നു. അപ്പോഴും കിട്ടിയത് ഐപിഎസ് തന്നെ. 2023ലെ പരീക്ഷയിലാണു നാലാം റാങ്കിലെത്തിയത്.

2021 ബാച്ചിൽത്തന്നെ ഐപിഎസിൽ പ്രവേശിച്ചു. രണ്ടു വർഷമായി ഹൈദരാബാദിലെ നാഷനൽ പൊലീസ് അക്കാദമിയിൽ ട്രെയിനിങ്ങിലാണ്. ഈ സെപ്റ്റംബറിൽ അതു പൂർത്തിയാകാനിരിക്കെയാണ് ഇത്തവണത്തെ നാലാം റാങ്ക് നേട്ടം.

siddarth-new-gif
പി.കെ.സിദ്ധാർഥ് രാംകുമാർ

ഐപിഎസ് രണ്ടു തവണ കിട്ടിയിട്ടും തൃപ്തനായില്ല അല്ലേ?

ഐഎഎസ് കിട്ടണമെന്നും കഴിവതും കേരളത്തിൽത്തന്നെ ജോലി ചെയ്യണമെന്നും വലിയ മോഹമുണ്ടായിരുന്നു. ഐപിഎസിനു ബംഗാൾ കേഡറായിരുന്നു. ഗ്രാമീണവികസനത്തിലും പോളിസി മേക്കിങ്ങിലുമൊക്കെ ഇടപെടാൻ എനിക്കു വലിയ താൽപര്യമുണ്ട്. ഒരുപാടു വ്യത്യസ്തമായ അവസരങ്ങൾ ഐഎഎസിലുണ്ടല്ലോ.

ഐപിഎസ് പരിശീലനത്തിനിടെ എങ്ങനെയാണ് പരീക്ഷയ്ക്കു തയാറെടുത്തത്?

ഇത്തവണ പരീക്ഷ എഴുതുന്ന കാര്യം വീട്ടിൽ അങ്ങനെ പറഞ്ഞിട്ടില്ലായിരുന്നു. ട്രെയിനിങ്ങിൽനിന്നു 3 മാസം അവധിയെടുത്ത് നാട്ടിൽ വന്നാണു പരീക്ഷ എഴുതിയത്. ഇന്റർവ്യൂവിനു പോയത് ട്രെയിനിങ്ങിനിടയിലായിരുന്നു. 4 വർഷമായി തയാറെടുത്തുവരുന്നതിന്റെ നേട്ടമായിരിക്കാം ഇത്തവണ ലഭിച്ചത്. കാര്യമായി പരിശീലിച്ചത് അവധിയെടുത്ത 3 മാസമായിരുന്നു.

ക്രമമായി റാങ്ക് ഉയർത്താൻ കഴിഞ്ഞ ആ പരിശീലനത്തിന്റെ കീ പോയിന്റ്സ് എന്തൊക്കെയായിരുന്നു?

ട്രെയിനിങ് സെന്ററിൽ പോയി ഞാൻ കാര്യമായി പഠിച്ചിട്ടേയില്ല. 2020ൽ ഓപ്ഷനൽ വിഷയം പരിശീലിക്കാൻ മാത്രം 3 മാസം ഡൽഹിയിൽ പോയി പരിശീലിച്ചു. ഓൺലൈനിൽനിന്നു മെറ്റീരിയൽസ് എടുത്ത് ഉപയോഗിക്കുകയാണു പ്രധാനമായി ചെയ്തത്. കൂടാതെ മുൻകാല ടോപ്പേഴ്സിന്റെ കണ്ടന്റുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി. ഇൻസ്റ്റിറ്റ്യൂട്ടുകൾ സമാഹരിച്ച വിവരങ്ങളും പഠനത്തിനു പ്രയോജനപ്പെടുത്തി.

അധികമാരും എടുക്കാത്ത ആന്ത്രപ്പോളജിയാണ് (നരവംശശാസ്ത്രം) സിദ്ധാർഥിന്റെ ഓപ്ഷനൽ വിഷയം. എന്താണ് ഇതിനു കാരണം?

ഈ വിഷയം കേരളത്തിൽ അധികമാരും ഓപ്ഷനലായി എടുക്കുന്നില്ലെന്നേയുള്ളൂ. മറ്റു സംസ്ഥാനങ്ങളിലൊക്കെ ധാരാളം പേർ ആന്ത്രപ്പോളജി ഓപ്ഷനൽ എടുക്കാറുണ്ട്. കേരളത്തിൽ ഈ വിഷയത്തിന്റെ പഠനസാഹചര്യങ്ങൾ കുറവാണ്.

"നന്നായി പഠിച്ച് എഴുതിയ ആദ്യ പരിശ്രമം 2020ലായിരുന്നു. അതുതന്നെ വിജയിച്ചതാണ് എനിക്ക് ആത്മവിശ്വാസം തന്നത്. അതിന്റെ ബലത്തിലാണ് തുടർന്ന് കൂടുതൽ തയാറെടുത്തത്. ഓരോ വിഷയത്തിനും സ്വന്തം നിലയിൽ കണ്ടന്റ് രൂപപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു. പൊതുവായ സമീപനത്തിൽനിന്നു മാറി, ഓരോ വിഷയത്തിലും കൂടുതൽ specific ആയി പഠിക്കാൻ ശ്രദ്ധിച്ചു. Case Studies ആഴത്തിൽ പഠിച്ചു. സത്യത്തിൽ ഇത്തവണ ട്രെയിനിങ്ങിനിടയിൽ കാര്യമായി പഠിക്കാൻ സാധിച്ചിരുന്നില്ല. മുൻകാല പഠനത്തിന്റെകൂടി ഗുണമായിരിക്കാം, ഇത്തവണ എല്ലാം ഒത്തുവന്നു എന്നു പറയാം”- പി.കെ.സിദ്ധാർഥ് രാംകുമാർ

 

siddarth-new2-gif
പി.കെ.സിദ്ധാർഥ് രാംകുമാർ

എല്ലാ ഘടകങ്ങളും ഒത്തുവന്ന് ഇത്തവണ മിന്നുന്ന ജയത്തിലേക്ക് എത്തിയതിനു പിന്നിലെ കാരണങ്ങൾ എന്തൊക്കെയായിരിക്കും?

ഞാൻ ആർക്കിടെക്ചർ പഠിച്ചതുകൊണ്ട് ഇന്റർവ്യൂവിൽ എപ്പോഴും ആ വിഷയം കൂടുതലായി ചോദിച്ചിരുന്നു. ഇത്തവണ ധാരാളം ചോദ്യങ്ങൾ ഈ മേഖലയിൽനിന്നുണ്ടായി. കേരളത്തിന്റെ ആർക്കിടെക്ചർ പാരമ്പര്യം, ലാറി ബേക്കർ, അദ്ദേഹം രൂപകൽപന ചെയ്ത തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് കെട്ടിടത്തിന്റെ പ്രത്യേകതകൾ തുടങ്ങിയവയൊക്കെ ഇന്റർവ്യൂവിൽ പരാമർശിക്കപ്പെട്ടു. ഇന്റർവ്യൂ നടത്തിയ മുറിയുടെ ആർക്കിടെക്ചർ പ്രത്യേകതകൾപോലും ചോദ്യത്തിൽ വന്നു.

രാജ്യാന്തര വനിതാദിനത്തിന്റെ തലേന്നായിരുന്നു ഇന്റർവ്യൂ. ഏറ്റവും സ്വാധീനിച്ച 10 സ്ത്രീകളെക്കുറിച്ചു ചോദിച്ചു. ഇന്റർവ്യൂ അവസാനിച്ചത് എന്റെ അമ്മയുടെ പേരു പറഞ്ഞുകൊണ്ടാണ്. അതൊരു വലിയ അനുഗ്രഹമായി ഇപ്പോൾ അനുഭവപ്പെടുന്നു.

∙മുൻകാല സിവിൽ സർവന്റ്സിന്റെ മാതൃക മനസ്സിലാക്കാൻ ശ്രമിച്ചിരുന്നോ?

പ്രചോദനം എന്ന നിലയിൽ അവരുടെ വിഡിയോകളൊക്കെ കണ്ടിരുന്നു. പക്ഷേ, പരീക്ഷയ്ക്ക് കൂടുതൽ പിന്തുടർന്നത് അടുത്ത കാലത്തു ജയിച്ചവരെത്തന്നെയാണ്. 

English Summary:

Civil Service Kerala Topper Siddarth Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com