ADVERTISEMENT

പരിമിതമായ ചുറ്റുപാടുകളിൽനിൽക്കുമ്പോഴും ഉയർന്ന നേട്ടങ്ങൾ സ്വപ്നം കാണാനാണ് അരവിന്ദ് ആഗ്രഹിച്ചത്. അതുകൊണ്ടുതന്നെ ബിരുദം പൂർത്തിയാക്കി അരവിന്ദ് നേരെ പോയത് സിവിൽ സർവീസ് കോച്ചിങ്ങിനാണ്. അവിചാരിതമായെത്തിയ കോവിഡ്കാലം പഠനം പ്രതിസന്ധിയിലാക്കിയതോടെ സിവിൽ സർവീസ് സ്വപ്നം പാതിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ സർക്കാർ സർവീസിൽ ഉയർന്ന ജോലിയെന്ന ലക്ഷ്യം കൈവിടാതിരുന്ന അരവിന്ദ് പിഎസ്‌സി പരീക്ഷയിലേക്കു ചുവടുമാറി.

കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ ഏക ആശ്രയം താനാണെന്ന തിരിച്ചറിവിൽ കഠിനപ്രയത്നം കൊണ്ടുമാത്രം വാർത്തെടുത്ത മൂന്നുവർഷങ്ങൾ.....ഒടുവിൽ, നാഷനൽ സേവിങ്സ് അസിസ്റ്റന്റ് ഡയറക്ടർ പരീക്ഷയിൽ 5–ാം റാങ്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷയിൽ 31–ാം റാങ്ക്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയിൽ 73–ാം റാങ്ക്, എൽഡി ക്ലാർക്ക് പരീക്ഷയിൽ 183–ാം റാങ്ക്... എഴുതിയ പിഎസ്‌സി പരീക്ഷകളിലെല്ലാം റാങ്ക് നേട്ടത്തിനു അവകാശിയായി അരവിന്ദ്. ഇപ്പോൾ പിഎസ്‌സി ആസ്ഥാന ഓഫിസിൽ അസിസ്റ്റന്റായ എസ്. അരവിന്ദ് തന്റെ വിജയപുസ്തകത്തിന്റെ ഓരോ ഏടും തൊഴിൽവീഥിയുമായി പങ്കുവയ്ക്കുന്നു.

സിവിൽ സർവീസ് തിരഞ്ഞെടുക്കാനുള്ള കാരണമെന്താണ്?

അച്ഛനും അമ്മയും കൂലിപ്പണിക്കാരായിരുന്നു. സ്ഥിരവരുമാനം ഇല്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് വളർന്നത്. അതിനാൽ സർക്കാർസർവീസിൽ ജോലി നേടണമെന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമാണ്. അച്ഛനും അമ്മയും എന്നെ സർക്കാർ ജോലിക്കാരനായി കാണാനാണ് ആഗ്രഹിച്ചത്. 2019 ൽ ബിഎസ്‌സി മാത്‌സ് പഠനം പൂർത്തിയാക്കി, രണ്ടാമതൊന്നു ആലോചിക്കാൻ നിൽക്കാതെ സിവിൽ സർവീസ് കോച്ചിങ്ങിനു ചേർന്നു. എന്നാൽ കോവിഡ് കാലം വന്നതോടെ അച്ഛനും അമ്മയ്ക്കും കൂലിപ്പണിക്കുപോലും പോകാൻ കഴിഞ്ഞില്ല. കുടുംബത്തിലെ വരുമാനം നിലച്ചു. അതോടെ ഒരുവർഷത്തെ സിവിൽ സർവീസ് പഠനം പാതിയിൽ ഉപേക്ഷിച്ച് എത്രയും പെട്ടെന്ന് മറ്റൊരു ജോലി തേടേണ്ടിവന്നു. അങ്ങനെയാണ് പിഎസ്‌സിയിലേക്ക് എത്തുന്നത്.

പിഎസ്‌സിക്കായുള്ള പ്രാരംഭ തയാറെടുപ്പുകൾ എന്തൊക്കെയായിരുന്നു?

എൽഡി ക്ലാർക്ക് പരീക്ഷയ്ക്കുവേണ്ടിയാണ് ആദ്യം പരിശീലനം തുടങ്ങിയത്. ഒരുവർഷം അതിനായി പഠിച്ചു. ലോക്‌ഡൗൺ കാലത്ത് കോച്ചിങ് ക്ലാസുകളില്ലാത്തതിനാൽ സ്വന്തമായിട്ട് പഠിക്കുകയായിരുന്നു. മുൻവർഷ ചോദ്യ പേപ്പറുകൾ തേടിപ്പിടിച്ചു പരീക്ഷയെക്കുറിച്ച് ഒരു ധാരണയുണ്ടാക്കിയെടുത്തു. ശേഷം സിലബസ് മനസ്സിലാക്കി പഠനം ക്രമീകരിച്ചു. കൂട്ടുകാരുമായി കംബൈൻഡ് സ്റ്റഡി നടത്തുമായിരുന്നു. കൂടാതെ ഒരു വർഷത്തെ സിവിൽ സർവീസ് പരിശീലനം പിഎസ്‌സി പരീക്ഷാ തയാറെടുപ്പിനു ആത്മവിശ്വാസം തന്നിരുന്നു.

ഏതെല്ലാം വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയായിരുന്നു പഠനം? എങ്ങനെയായിരുന്നു പഠനരീതികൾ?

എത്ര തിരക്കുണ്ടായാലും ദിവസവും ആറുമണിക്കൂർ പഠിക്കും. ഭരണഘടന, സാമ്പത്തികശാസ്ത്രം പോലുള്ള എളുപ്പമുള്ള വിഷയങ്ങൾക്കു പരമാവധി സ്കോർ ചെയ്യാൻ തീരുമാനിച്ചു പഠിച്ചു. പ്രയാസമുള്ള കേരള ഭരണരംഗം, സുപ്രധാന നിയമങ്ങൾ ആവർത്തിച്ചുപഠിച്ച് മികച്ച മാർക്ക് ഉറപ്പിച്ചു. സിവിൽ സർവീസ് പരിശീലനത്തിന്റെ ഭാഗമായുള്ള പത്രവായനയും, വിവരങ്ങൾ കുറിച്ചുവയ്ക്കലും പിഎസ്‌സി പരീക്ഷയിലെ കറന്റ് അഫയേഴ്സിനു വളരെ ഗുണം ചെയ്തു. എഴുതിപ്പഠിച്ചതു കൊണ്ട് ഉത്തരങ്ങൾ മറക്കാതിരിക്കാൻ സഹായിച്ചു.

സിലബസ് ഏറെക്കുറെ കവർ ചെയ്തെന്നു തോന്നിയപ്പോൾ മോക് ടെസ്റ്റുകൾ ചെയ്തു പഠിക്കാൻ തുടങ്ങി. അതിലൂടെ മാർക്ക് വിലയിരുത്താൻ സാധിച്ചു. തെറ്റിയ ചോദ്യങ്ങളും ശരിയുത്തരവും അനുബന്ധവിവരങ്ങളും അന്നുതന്നെ പഠിച്ചെടുത്തു. തൊഴിൽവീഥിയും എന്റെ പരിശീലനത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. പരമാവധി മാതൃകാപരീക്ഷകൾ എഴുതിപഠിച്ചതാണ് വിജയത്തിനുള്ള മറ്റൊരുകാരണം.

ജീവിതത്തിന്റെ പരിമിതികളും കഷ്ടപ്പാടുകളും വിജയത്തിലേക്കുള്ള തടസ്സങ്ങളാവരുതെന്നു പറയുന്ന തിരുവനന്തപുരം സ്വദേശി അരവിന്ദ് സിവിൽ സർവീസ് സ്വപ്നം പാടേ ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേർക്കുന്നു.

English Summary:

PSC rankholder S Aravind Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com