ന്യൂസിലൻഡ്, ജർമനി ഉൾപ്പെടെ വിദേശരാജ്യങ്ങളിലേക്ക് പറക്കാനൊരുങ്ങിക്കോളൂ; കാത്തിരിക്കുന്നത് 21,582 അവസരം
Mail This Article
കേരള നോളജ് ഇക്കോണമി മിഷൻ മുഖേന 21,582 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുണ്ട്.
ബ്രാഞ്ച് മാനേജര്‍, പ്രോജക്ട് കോഓര്‍ഡിനേറ്റര്‍, എച്ച്ആര്‍ എക്‌സിക്യൂട്ടീവ്, മാര്‍ക്കറ്റിങ് മാനേജര്‍, അസോഷ്യേറ്റ് എൻജിനീയർ, റിലേഷന്‍ഷിപ് മാനേജര്‍, മീഡിയ കോഓർഡിനേറ്റര്‍, എഐ കണ്ടന്റ് റൈറ്റര്‍, പ്രൊഡക്‌ഷന്‍ ട്രെയിനി, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്, കെയര്‍ ടേക്കര്‍, ടെക്‌നിക്കല്‍ ഓപ്പറേറ്റര്‍, അക്കൗണ്ടന്റ്, ഫിനാന്‍ഷ്യല്‍ അഡ്വൈസർ തുടങ്ങി ഏകദേശം 206 തസ്തികകളിലാണ് അവസരം.
ന്യൂസീലന്‍ഡില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ്, ജര്‍മനിയില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് മേഖലകളിലായി 440 ഒഴിവുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിന് ബിരുദമാണു യോഗ്യത. ബിഎസ്‌സി നഴ്‌സിങ് അധികയോഗ്യതയാണ്. 1,00,000- 1,75,000 രൂപയാണു ശമ്പളം. ജര്‍മനിയിൽ മെക്കാനിക്കല്‍ എൻജിനീയറിങ് മേഖലയില്‍ മെക്കട്രോണിക് ടെക്നിഷ്യന്‍ തസ്തികയിൽ 400 ഒഴിവുണ്ട്. ഡിപ്ലോമയാണ് യോഗ്യത. ശമ്പളം 2,50,000– 3,50,000 രൂപ.
ന്യൂസീലന്‍ഡിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റ് തസ്തികയിലുള്‍പ്പെടെ 1,766 ഒഴിവിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും അപേക്ഷിക്കാം.
എൻജിനീയറിങ്-17,371, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്-1,566, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍-1,325, ബാങ്കിങ് ആന്‍ഡ് ഇന്‍ഷുറന്‍സ്-731, വിദ്യാഭ്യാസം-519, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ സര്‍വീസസ്-70 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഒഴിവുകൾ.
കേരള നോളജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസിൽ റജിസ്റ്റർ ചെയ്ത് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം. അവസാനതീയതി ഉൾപ്പെടെ വിശദവിവരങ്ങള്‍ക്ക് 0471–2737881, 0471–2737882 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ https://knowledgemission.kerala.gov.in/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.