863 ഒഴിവിൽ യുപിഎസ്സി വിജ്ഞാപനം; പ്ലസ്ടു, ബിരുദ യോഗ്യതക്കാർക്ക് സേനകളിൽ അവസരം
Mail This Article
NDA വിജ്ഞാപനം: 406 ഒഴിവ്
കര, നാവിക, വ്യോമസേനകളിലെ 406 ഒഴിവിലേക്കു യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 13 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കുമാണ് അവസരം. എൻഡിഎയുടെ ആർമി, നേവി, എയർ ഫോഴ്‌സ് വിഭാഗങ്ങളിലെ 155–ാം കോഴ്‌സിലേക്കും നേവൽ അക്കാദമിയുടെ 117–ാം കോഴ്‌സിലേക്കുമാണു പ്രവേശനം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ഒഴിവ്: 406 (എൻഡിഎ: കരസേന–208, വ്യോമസേന–120, നാവികസേന–42; നേവൽ അക്കാദമി–36 (10+2 കേഡറ്റ് എൻട്രി സ്‌കീം).
∙പ്രായം: 2006 ജൂലൈ രണ്ടിനും 2009 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവർ.
∙യോഗ്യത: ∙നാഷനൽ ഡിഫൻസ് അക്കാദമി (ആർമി വിങ്): പ്ലസ് ടു ജയം/തത്തുല്യം.
∙നാഷനൽ ഡിഫൻസ് അക്കാദമിയുടെ എയർ ഫോഴ്‌സ്, നേവൽ വിങ്, നേവൽ അക്കാദമിയുടെ 10+2 കേഡറ്റ് എൻട്രി സ്‌കീം: ഫിസിക്‌സും കെമിസ്ട്രിയും മാത്തമാറ്റിക്‌സും പഠിച്ചു പ്ലസ് ടു/തത്തുല്യം. പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ഇവർ 2025 ഡിസംബർ 15നു മുൻപു യോഗ്യതാരേഖ ഹാജരാക്കണം. മുൻപു സിപിഎസ്‌എസ്/പിഎബിടി പരീക്ഷകളിൽ പരാജയപ്പെട്ടവരെ വ്യോമസേനയിലേക്കു പരിഗണിക്കില്ല. ശാരീരികയോഗ്യത സംബന്ധിച്ച വിവരങ്ങൾക്കു വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും പരീക്ഷാകേന്ദ്രങ്ങളാണ്. മാത്തമാറ്റിക്‌സ് (കോഡ്–01, രണ്ടര മണിക്കൂർ, 300 മാർക്ക്), ജനറൽ എബിലിറ്റി ടെസ്‌റ്റ് (കോഡ്–02, രണ്ടര മണിക്കൂർ, 600 മാർക്ക്) എന്നിവ അടിസ്‌ഥാനമാക്കി ഒബ്‌ജക്ടീവ് മാതൃകയിൽ എഴുത്തുപരീക്ഷയുണ്ടാകും. തുടർന്ന് 900 മാർക്കുള്ള എസ്എസ്ബി ഇന്റർവ്യൂ നടത്തും.
∙അപേക്ഷാഫീസ്: 100 രൂപ. എസ്‌ബിഐ ശാഖകളിൽ നേരിട്ടോ ഓൺലൈൻ ആയോ ഫീസടയ്‌ക്കാം. പട്ടികവിഭാഗക്കാർക്കും വനിതകൾക്കും ജെസിഒ, എൻസിഒ, ഒആർ റാങ്കുകളിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും മക്കൾക്കും നിബന്ധനകൾക്കു വിധേയമായി ഫീസ് ഇളവു ലഭിക്കും.
∙ഓൺലൈൻ റജിസ്ട്രേഷൻ: www.upsconline.nic.in എന്ന സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ശാരീരികയോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്‌സൈറ്റിൽ.
CDS വിജ്ഞാപനം: 457 ഒഴിവ്
കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 457 ഒഴിവുണ്ട്. ഏപ്രിൽ 13നാണു പരീക്ഷ. ഡിസംബർ 31വരെ ഓൺലൈനിൽ അപേക്ഷിക്കാം.
കോഴ്‌സ്, ഒഴിവ്, പ്രായം, യോഗ്യത:
∙ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ പുരുഷൻമാർക്കുള്ള 123–ാം എസ്‌എസ്‌സി കോഴ്‌സ് (275 ഒഴിവ്): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2001 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം. കോഴ്‌സ് 2026 ഏപ്രിലിൽ തുടങ്ങും.
∙ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ 160–ാം കോഴ്‌സ് (100 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (ആർമി വിങ്) ഉള്ളവർക്കു നീക്കിവച്ച 13 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്ക് അപേക്ഷിക്കാം. 2002 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: ബിരുദം/തത്തുല്യം.
∙നേവൽ അക്കാദമി, ഏഴിമല: എക്‌സിക്യൂട്ടീവ്–ജനറൽ സർവീസ്/ഹൈഡ്രോ (32 ഒഴിവ്–നേവൽ വിങ്ങിലെ എൻസിസി സി സർട്ടിഫിക്കറ്റുകാർക്കുള്ള 6 ഒഴിവ് ഉൾപ്പെടെ): അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. 2002 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. യോഗ്യത: എൻജിനീയറിങ് ബിരുദം.
∙എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്: 219 (എഫ് (പി) കോഴ്‌സ്–പ്രീഫ്ലൈയിങ് (32 ഒഴിവ്–എൻസിസി സി സർട്ടിഫിക്കറ്റ് (എയർ വിങ്) ഉള്ളവർക്കായി നീക്കിവച്ച 3 ഒഴിവ് ഉൾപ്പെടെ): പ്രായം: 20–24 (2002 ജനുവരി രണ്ടിനു മുൻപും 2006 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്). കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ഉള്ളവർക്ക് 26 വയസ്സുവരെയാകാം. 25ൽ താഴെ പ്രായമുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. യോഗ്യത: ബിരുദം (പ്ലസ് ടുവിനു ഫിസിക്‌സും മാത്‌സും പഠിച്ചവരാകണം) അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. മേൽപറഞ്ഞ മൂന്നു കോഴ്‌സും 2026 ജനുവരിയിൽ തുടങ്ങും.
∙ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമി, ചെന്നൈ 37–ാം എസ്‌എസ്‌സി (വിമൻ) (നോൺ ടെക്‌നിക്കൽ) കോഴ്‌സ് (18 ഒഴിവ്): അവിവാഹിതരായ സ്‌ത്രീകൾ അപേക്ഷിക്കുക. 2001 ജനുവരി രണ്ടിനു മുൻപും 2007 ജനുവരി ഒന്നിനു ശേഷവും ജനിച്ചവരാകരുത്. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം. യോഗ്യത: ബിരുദം/തത്തുല്യം. കോഴ്‌സ് 2026 ഏപ്രിലിൽ തുടങ്ങും.
ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലെ ഷോർട് സർവീസ് കമ്മിഷനിലേക്കു മാത്രമേ സ്‌ത്രീകളെ പരിഗണിക്കൂ. അവസാനവർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇന്ത്യൻ മിലിറ്ററി അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും അപേക്ഷിക്കുന്ന അവസാനവർഷ വിദ്യാർഥികൾ 2026 ജനുവരി ഒന്നിനു മുൻപും എയർ ഫോഴ്‌സ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2025 നവംബർ 13 നു മുൻപും ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിലേക്ക് അപേക്ഷിക്കുന്നവർ 2026 ഏപ്രിൽ ഒന്നിനു മുൻപും യോഗ്യതാരേഖ സമർപ്പിക്കണം.
∙തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, എസ്എസ്ബി ഇന്റർവ്യൂ എന്നിവയുടെ അടിസ്‌ഥാനത്തിൽ. എഴുത്തുപരീക്ഷയ്ക്കു കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും കേന്ദ്രമുണ്ട്. ഇന്ത്യൻ മിലിറ്ററി അക്കാദമി, നേവൽ അക്കാദമി, എയർ ഫോഴ്സ് അക്കാദമി എന്നിവയിലേക്ക് ഇംഗ്ലിഷ്, ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽനിന്നു 100 വീതം ചോദ്യങ്ങൾ ഉൾപ്പെടുന്നതാണു പരീക്ഷ (ഓരോ വിഷയത്തിനും 2 മണിക്കൂർ ദൈർഘ്യം). ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയിലേക്ക് ഇംഗ്ലിഷ്, ജനറൽ നോളജ് വിഷയങ്ങൾ ഉൾപ്പെടുന്ന പരീക്ഷ (100 ചോദ്യം വീതമുള്ള 2 മണിക്കൂർ സെഷൻ) നടത്തും. വിശദവിവരങ്ങളും സിലബസും വെബ്സൈറ്റിൽ.
∙അപേക്ഷാഫീസ്: 200 രൂപ. സ്‌ത്രീകൾക്കും പട്ടികവിഭാഗക്കാർക്കും ഫീസില്ല. എസ്‌ബിഐ ശാഖയിലൂടെയോ ഓൺലൈനായോ ഫീസ് അടയ്‌ക്കാം.
∙ഓൺലൈൻ റജിസ്ട്രേഷൻ: www.upsconline.nic.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം. നിശ്ചിത ശാരീരിക യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ. ശാരീരിക യോഗ്യതകളും സിലബസും അടക്കമുള്ള വിജ്‌ഞാപനം www.upsc.gov.in എന്ന വെബ്‌സൈറ്റിൽ.
നേവി ഐടി വിഭാഗം: 15 ഒഴിവിൽ വിജ്ഞാപനം ഉടൻ
ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിലെ ഇൻഫർമേഷൻ ടെക്നോളജി വിഭാഗത്തിൽ ഷോർട് സർവീസ് കമ്മിഷൻ നിയമനത്തിനുള്ള 15 ഒഴിവിലേക്ക് ഉടൻ വിജ്ഞാപനമാകും.
അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം.
ഡിസംബർ 29 മുതൽ ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
2025 ജൂണിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കുന്ന പരിശീലനത്തിലൂടെയാണു നിയമനം.
∙യോഗ്യത: എംഎസ്‌സി/ബിഇ/ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജി./കംപ്യൂട്ടർ എൻജി./ഐടി/സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/സിസ്റ്റം അഡ്മിനിസ്ട്രേഷൻ ആൻഡ് നെറ്റ്‌വർക്കിങ്/ കംപ്യൂട്ടർ സിസ്റ്റംസ് ആൻഡ് നെറ്റ്‌വർക്കിങ്/ഡേറ്റ അനലിറ്റിക്സ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്). അല്ലെങ്കിൽ എംസിഎ, ബിസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്/ഐടി). യോഗ്യതകൾ 60% മാർക്കോടെ നേടിയതാകണം. പത്താം ക്ലാസ്/പ്ലസ് ടുവിന് ഇംഗ്ലിഷിന് 60% മാർക്ക് വേണം.
∙പ്രായം: 2000 ജൂലൈ 2 നും 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ.
കൂടുതൽ വിവരങ്ങൾ www.joinindiannavy.gov.in ൽ പ്രസിദ്ധീകരിക്കും.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..