സെറ്റ് പരീക്ഷയിൽ 18.51% വിജയം
Mail This Article
ജനുവരി 22നു നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) 4054 പേർ ജയിച്ചു. 21,905 പേരാണു പരീക്ഷ എഴുതിയത്. വിജയശതമാനം–18.51. www.lbscentre.kerala.gov.in എന്ന സൈറ്റിൽ ഫലം ലഭ്യമാണ്.
സർട്ടിഫിക്കറ്റിനുള്ള അപേക്ഷാഫോം സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ഗസറ്റഡ് ഓഫിസർ സാക്ഷ്യപ്പെടുത്തിയ നിശ്ചിത രേഖകളുടെ കോപ്പിയുമായി ഡയറക്ടർ, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം– 33 എന്ന വിലാസത്തിൽ അയയ്ക്കണം. 40 രൂപയുടെ സ്റ്റാംപ് ഒട്ടിച്ചു സ്വന്തം വിലാസം എഴുതിയ എ4 സൈസ് ക്ലോത്ത് കവർകൂടി ഉൾപ്പെടുത്തണം. സർട്ടിഫിക്കറ്റ് മേയിൽ വിതരണം ചെയ്യും. വിവരങ്ങൾക്ക്: 0471–2560311, 312, 313, 314.
ജനറൽ വിഭാഗത്തിൽ വിജയം കുറവ്
സെറ്റ് എഴുതിയ 10,831 ജനറൽ വിഭാഗക്കാരിൽ 1605 പേർ മാത്രമേ ജയിച്ചുള്ളൂ. വിജയശതമാനം–14.82. ഒബിസി നോൺക്രീമിലെയർ വിഭാഗത്തിൽ പരീക്ഷ എഴുതിയ 9227 പേരിൽ 2006 പേരും (21.74%), എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗത്തിൽ എഴുതിയ 1847 പേരിൽ 443 പേരും (23.98%) ജയിച്ചു.
ജനറൽ വിഭാഗക്കാർക്ക് രണ്ടു പേപ്പറിനും 40% വീതവും (അഗ്രിഗേറ്റ് 48%) ഒബിസി നോൺക്രീമിലെയറിനു 35% വീതവും (അഗ്രിഗേറ്റ് 45%) എസ്‌സി/എസ്ടി, ഭിന്നശേഷി വിഭാഗക്കാർക്കു 35% വീതവും (അഗ്രിഗേറ്റ് 40%) മാർക്കാണു വേണ്ടത്.
കൂടുതൽ ജയം കൊമേഴ്സിൽ
ഏറ്റവും കൂടുതൽ പേർ ജയിച്ചത് കൊമേഴ്സിൽ. 2651 പേർ എഴുതിയതിൽ 666 പേർ ജയിച്ചു. വിജയശതമാനം– 25.12. വിജയം കുറവ് സിറിയക് ഭാഷയിലാണ്–4 പേർ എഴുതിയെങ്കിലും ആരും ജയിച്ചില്ല.