ADVERTISEMENT

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണു പിഎസ്‌സി. സാധ്യതാ ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞയാഴ്ച തീരുമാനിച്ചിട്ടുണ്ട്. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കി വൈകാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആദ്യമായാണ് ഈ തസ്തികയിൽ പിഎസ്‌സി തിരഞ്ഞെടുപ്പു നടത്തുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയുമാണ് വർഷങ്ങളായി ഈ തസ്തികയിലെ നിയമനം.

ഈ തസ്തികയിൽ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾ തയാറാവുകയാണ് ഇനി വേണ്ടത്. സർവകലാശാലകളിൽ ആയിരത്തോളം ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ നിലവിലുണ്ടെന്നാണു വിവരമെങ്കിലും ഇതുവരെ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തത് 207 ഒഴിവു മാത്രം. എംജി, കണ്ണൂർ, വെറ്ററിനറി ആൻഡ് അനിമൽ സയൻസ്, കാലിക്കറ്റ്, അഗ്രികൾചറൽ, ശ്രീ ശങ്കരാചാര്യ, കുഫോസ്, ഹെൽത്ത് സയൻസ് സർവകലാശാലകൾ മാത്രമാണ് ഒഴിവ് അറിയിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ ഒഴിവുള്ള കേരള ഉൾപ്പെടെയുള്ള സർവകലാശാലകൾ ഒഴിവു റിപ്പോർട്ട് ചെയ്തിട്ടില്ല.

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഒഴിവുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ തൊഴിലന്വേഷകർ ഏറെ പ്രതീക്ഷയോടെ കാണുന്ന തസ്തികയാണിത്. ഇവരുടെ പ്രതീക്ഷ ഇല്ലാതാക്കരുത്. മെറിറ്റും സംവരണവും അട്ടിമറിക്കപ്പെടുന്ന രാഷ്ട്രീയനിയമനമാണ് സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ഭൂരിഭാഗവും നടന്നിട്ടുള്ളത്. പല കാലങ്ങളിലും ഇങ്ങനെ നിയമിക്കപ്പെട്ട പലരും സ്ഥിരപ്പെട്ടിട്ടുണ്ട്. നിയമനം പിഎസ്‌സി ഏറ്റെടുത്തശേഷവും സ്ഥിരപ്പെടുത്തൽ നീക്കങ്ങൾ സജീവമാണെന്ന് ആരോപണം ഉയർന്നു. ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതിനു പിന്നിൽ ഇങ്ങനെയൊക്കെയുള്ള കാരണങ്ങളും ഉണ്ടാവാം.

നിയമനം പിഎസ്‌സിക്കു വിട്ട തസ്തികയിൽ താൽക്കാലിക നിയമനം പാടില്ലെന്നാണു വ്യവസ്ഥ. താൽക്കാലിക നിയമനം നടത്തുന്നതും താൽക്കാലിക നിയമനം നേടിയവരെ സ്ഥിരപ്പെടുത്തുന്നതും നിയമനിഷേധമാണ്. സർവകലാശാലാ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിക്കുംമുൻപ് വിവിധ സർവകലാശാലകളിൽ ഈ തസ്തികയിൽ നിലവിലുള്ള പൂർണ ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.

English Summary:

University Last Grade PSC Ranklist Editorial Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com