എച്ച്എസ്ടി മലയാളം: നിയമന ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വകുപ്പുസെക്രട്ടറിയെ ജയിലിലാക്കും; നിലപാട് കടുപ്പിച്ച് സുപ്രീംകോടതി
Mail This Article
വയനാട് ജില്ലയിലെ എച്ച്എസ്ടി മലയാളം നിയമനം സംബന്ധിച്ച ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ ജയിലിൽ അയയ്ക്കുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. 2011ലെ പിഎസ്‌സി ലിസ്റ്റ് പ്രകാരം നാല് ഉദ്യോഗാർഥികളെ നിയമിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് നടപ്പാക്കാത്ത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടത്തിയെന്നു സുപ്രീം കോടതി നിരീക്ഷിച്ചു. സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുമ്പോൾ ഒഴിവുണ്ടായിരുന്ന തസ്തികകളിലേക്കു മറ്റുള്ളവരെ നിയമിക്കാൻ സർക്കാർ ശ്രമിച്ചുവെന്നു ഹർജിക്കാർ കോടതിയിൽ ആരോപിച്ചിരുന്നു.
എച്ച്എസ്എസ്ടി കൊമേഴ്സ്: നിയമനം നടത്തണമെന്ന് ഉദ്യോഗാർഥികൾ
എച്ച്എസ്എസ്ടി കൊമേഴ്സ് റാങ്ക് ലിസ്റ്റിൽനിന്നു നിയമനം നടത്തണമെന്ന് ഉദ്യോഗാർഥികൾ. ലിസ്റ്റിന്റെ കാലാവധി ഏപ്രിൽ 12ന് അവസാനിക്കാനിരിക്കെ 129 പേർക്കു മാത്രമാണ് നിയമനം ലഭിച്ചത്. കൊമേഴ്സ് ജൂനിയർ തസ്തികയുടെ 33 ഒഴിവും സീനിയർ തസ്തികയിൽ 32 ഒഴിവും നിലവിലുണ്ടെങ്കിലും പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് തയാറാകണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.