വെക്കേഷൻ വേക്കൻസി അറിയിക്കാൻ വൈകിയാൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി
Mail This Article
പട്ടികജാതി/പട്ടികവർഗ സംവരണ നിയമനവുമായി ബന്ധപ്പെട്ട വെക്കേഷൻ വേക്കൻസി റിപ്പോർട്ട് ചെയ്യുന്നതിൽ അലംഭാവം കാണിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ ഇനി കടുത്ത അച്ചടക്ക നടപടി. ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കാർ സർക്കുലർ പുറത്തിറക്കി. പൊതുഭരണ വകുപ്പ് (എംപ്ലോയ്മെന്റ് സെൽ–ബി) ഏപ്രിൽ 9നു പുറത്തിറക്കിയ ഇസിബി 2/59/2024/പൊഭവ നമ്പർ സർക്കുലറിലാണു വിശദാംശങ്ങൾ ഉള്ളത്.
സ്പെഷൽ റിക്രൂട്മെന്റ് മുഖേന നിയമനം ലഭിക്കുന്നവർ രാജിവച്ചോ റിലീവ് ചെയ്തോ മരണപ്പെട്ടോ മറ്റു വിധത്തിലോ ഉണ്ടാകുന്ന ഒഴിവുകൾ ഈ വിഭാഗം ജീവനക്കാർ നിയമിതരായ റാങ്ക് ലിസ്റ്റ് നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയശേഷം മാത്രം വെക്കേഷൻ വേക്കൻസിയായി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണം.
റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചതാണെങ്കിൽ അതു വെക്കേഷൻ വേക്കൻസിയായി റിപ്പോർട്ട് ചെയ്യേണ്ട. അടുത്ത വാർഷികാവലോകനത്തിൽ സംവരണ സാധ്യത ഉണ്ടെങ്കിലേ വകുപ്പിൽ സ്പെഷൽ റിക്രൂട്മെന്റിനു സാഹചര്യമുണ്ടാകൂ.
വെക്കേഷൻ വേക്കൻസികൾ കാലതാമസം വരുത്താതെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്തതിന്റെ രേഖകളും സർക്കാരിൽ യഥാസമയം ലഭ്യമാക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോഴുള്ള വെക്കേഷൻ വേക്കൻസി ഉദ്യോഗസ്ഥ വീഴ്ചമൂലം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ വൈകുകയും ലിസ്റ്റ് കാലാവധി തീരുകയും ചെയ്താൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടികൾ സ്വീകരിക്കണം.
റിലീവിങ് വേക്കൻസികൾ വെക്കേഷൻ വേക്കൻസിയായി റിപ്പോർട്ട് ചെയ്യുന്നതും വെക്കേഷൻ വേക്കൻസികൾ സമയബന്ധിതമായി റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും മൂലമുള്ള സങ്കീർണതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തി സർക്കുലർ ഇറക്കിയത്.