ADVERTISEMENT

പുതിയ അധ്യയനവർഷം ആരംഭിക്കാൻ ആഴ്ചകൾ ശേഷിക്കെയും അധ്യാപക നിയമനങ്ങളിലെ അലംഭാവം സർക്കാരും വിദ്യാഭ്യാസ വകുപ്പും തുടരുകയാണ്. എൽപി സ്കൂൾ മുതൽ കോളജ് വരെയുള്ള അധ്യാപകനിയമനം മുൻകാലങ്ങളെ അപേക്ഷിച്ച് ഇഴഞ്ഞുനീങ്ങുകയാണിപ്പോൾ. വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുന്നതിനൊപ്പം, സംസ്ഥാനത്തെ അധ്യയന നിലവാരത്തെ പ്രതികൂലമായി ബാധിക്കാനും ഈ നിലപാട് കാരണമാകുന്നു.

എല്ലാ ജില്ലയിലും എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളുടെ പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ നിലവിലുണ്ട്. വിവിധ വിഷയങ്ങളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് അധ്യാപക റാങ്ക് ലിസ്റ്റുകളും നിലനിൽക്കുന്നു. എല്ലാ വിഭാഗം ലിസ്റ്റുകളിലെയും നിയമനനില ഒട്ടും ആശാവഹവുമല്ല. തസ്തികനിർണയം കൃത്യമായി നടക്കാത്തതിനാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതാണ് എൽപി, യുപി, ഹൈസ്കൂൾ അധ്യാപക റാങ്ക് ലിസ്റ്റുകളിലെ നിയമന മുരടിപ്പിനു കാരണമെങ്കിൽ തസ്തികനിർണയ നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതാണ് ഹയർ സെക്കൻഡറി അധ്യാപക നിയമനങ്ങൾ തടസ്സപ്പെടുത്തുന്നത്.

കോളജ് അധ്യാപക ജോലി സമയം ആഴ്ചയിൽ 16 മണിക്കൂറാക്കിയത് ഈ മേഖലയിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ തടസ്സമായി. 16 മണിക്കൂറിൽ താഴെ ജോലിഭാരമുള്ള തസ്തികയിൽ ഗെസ്റ്റ് അധ്യാപകരെ മാത്രമേ നിയമിക്കാൻ കഴിയൂ എന്നത് പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു വലിയ തിരിച്ചടിയാണ്. മുൻപ് വർഷം 250 നിയമനങ്ങളിലധികം കോളജ് അധ്യാപക റാങ്ക് ലിസ്റ്റുകളിൽനിന്നു നടന്നിരുന്നു. ഇപ്പോൾ 100 നിയമനംപോലും നടക്കാത്ത സ്ഥിതിയാണ്. നിലവിലെ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്കു മാത്രമല്ല, കോളജ് അധ്യാപകജോലി ലക്ഷ്യമിട്ട് ഉന്നതപഠനം നടത്തുന്ന ആയിരക്കണക്കിനു വിദ്യാർഥികൾക്കും ഈ സാഹചര്യം വലിയ വെല്ലുവിളിയാണ്.

തസ്തികനിർണയ നടപടികൾ യഥാസമയം പൂർത്തിയാക്കിയും പുതിയ തസ്തിക സൃഷ്ടിക്കാവുന്ന മേഖലകളിൽ അതു നടപ്പാക്കിയും അധ്യാപകനിയമനങ്ങൾ ഊർജിതമാക്കാൻ സർക്കാർ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ഈ തലമുറ മാത്രമല്ല, ഭാവിതലമുറകൂടി അധികൃതരുടെ മനസ്സിലുണ്ടാകണം. യോഗ്യരായ അധ്യാപകരുടെ അഭാവം ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുള്ള അഭിമാനം നിലനിൽക്കണമെങ്കിൽ അതു തുടരാൻ സഹായിക്കുന്ന പഠനസാഹചര്യവും ഉണ്ടാകണമെന്നു മറക്കരുത്.

English Summary:

Lecturer Recruitment Editorial News updates Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com