ആശ്രിതനിയമനത്തിന് 13 വയസ്സ് മാനദണ്ഡം: എതിർപ്പുമായി സംഘടനകൾ
Mail This Article
സംസ്ഥാന സർക്കാർ സർവീസിൽ ആശ്രിതനിയമനം ലഭിക്കാൻ 13 വയസ്സ് മാനദണ്ഡമാക്കുന്നതിനെ ഭരണ–പ്രതിപക്ഷ സംഘടനകൾ ഒന്നായി എതിർത്തു. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് എതിർപ്പ് വ്യക്തമാക്കിയത്.
ചർച്ചയ്ക്കു മുന്നോടിയായി, ആശ്രിതനിയമനം പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ട കരടു മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ജീവനക്കാർ മരിക്കുന്ന സമയത്തു 13 വയസ്സ് തികഞ്ഞ അവകാശിക്കു മാത്രമേ ആശ്രിതനിയമനം ലഭിക്കൂ എന്നായിരുന്നു കരടിലെ വ്യവസ്ഥ. പ്രായം 13ൽ താഴെയാണെങ്കിൽ ജോലിക്കു പകരം ധനസഹായം നൽകും. ആശ്രിതനിയമനത്തിന് അർഹരായവർ ജോലി വേണ്ടെന്നു വച്ചാൽ അവർക്കും ധനസഹായം നൽകാനാണു വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ആശ്രിതനിയമനത്തിന്റെ അന്തസ്സത്ത ഇല്ലാതാക്കുന്നതാണു മാർഗനിർദേശങ്ങളെന്ന് എല്ലാ സംഘടനകളുടെയും ഭാരവാഹികൾ കുറ്റപ്പെടത്തി. പ്രശ്നങ്ങൾ രണ്ടാഴ്ചയ്ക്കകം എഴുതി നൽകാൻ അഡിഷനൽ ചീഫ് സെക്രട്ടറി നിർദേശിച്ചു. മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷം സംഘടനാ പ്രതിനിധികളെ വീണ്ടും ചർച്ചയ്ക്കു ക്ഷണിക്കും.