വിരമിക്കൽ സമയത്തു നടപടി നേരിടുന്ന ജീവനക്കാർക്ക് പൂർണ പെൻഷനും ഗ്രാറ്റുവിറ്റിയും പറ്റില്ല: ഹൈക്കോടതി
Mail This Article
ഓൾ ഇന്ത്യ സർവീസിൽനിന്നു വിരമിക്കുന്ന സമയത്ത് ജീവനക്കാർക്കെതിരെ വകുപ്പു തലത്തിലോ ജുഡീഷ്യൽ തലത്തിലോ നടപടി നിലനിൽക്കുകയാണെങ്കിൽ പൂർണ പെൻഷനോ ഗ്രാറ്റുവിറ്റിയോ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി.
അന്തിമ ഉത്തരവ് വരുന്നതുവരെ താൽക്കാലിക പെൻഷൻ മാത്രമേ അനുവദിക്കാനാവൂ എന്നും ഓൾ ഇന്ത്യ സർവീസ് (ഡെത്ത് കം റിട്ടയർമെന്റ് ബെനഫിറ്റ്) ചട്ടത്തിലെ വ്യവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എം.എ.അബ്ദുൽ ഹക്കീം എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
മുൻ എഡിജിപി എസ്.പുലികേശിക്ക് ഗ്രാറ്റുവിറ്റി (ഡിസിആർജി) തുകയും പെൻഷൻ കമ്യുട്ടേഷനും അനുവദിക്കാൻ നിർദേശിച്ച സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവു ചോദ്യം ചെയ്‌ത് സർക്കാർ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിച്ചത്. 2001ൽ സപ്ലൈകോ എംഡിയായിരിക്കെ അഴിമതിയാരോപിച്ചു റജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിനെ തുടർന്ന് വിരമിച്ചശേഷമുള്ള ആനുകൂല്യങ്ങൾ തടഞ്ഞതു ചോദ്യം ചെയ്താണു ഹർജി നൽകിയത്.