അവസരവർഷവുമായി ബാങ്കുകൾ; ഐബിപിഎസ് വിജ്ഞാപനം വരുന്നു; അപേക്ഷിക്കാം ഒാഫിസർ, ഒാഫിസ് അസിസ്റ്റന്റ് തസ്‌തികകളിൽ
Mail This Article
പൊതുമേഖലാ ബാങ്കുകളിൽ ഉൾപ്പെടെ ആയിരക്കണക്കിന് ബാങ്കിങ് അവസരങ്ങൾക്കു വഴിതുറക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ആദ്യ വിജ്ഞാപനത്തിലൂടെ റീജനൽ റൂറൽ ബാങ്കുകളിലെ ഒാഫിസർ (ഗ്രൂപ് എ), ഒാഫിസ് അസിസ്റ്റന്റ്- മൾട്ടിപർപ്പസ് (ഗ്രൂപ് ബി) തസ്തികകളിലേക്കാണ് ഐബിപിഎസ് വഴി നിയമനം. കേരള ഗ്രാമീൺ ബാങ്ക് ഉൾപ്പെടെയുള്ള വിവിധ റീജനൽ ബാങ്കുകളിലെ ആയിരക്കണക്കിന് ഒഴിവുകളിലാണ് അവസരം.
മുൻ വർഷം കേരള ഗ്രാമീൺ ബാങ്കിലെ 600 ഒഴിവുകളുൾപ്പെടെ വിവിധ തസ്തികകളിലായി 8,612 ഒഴിവുകളിലായിരുന്നു ഐബിപിഎസ് മുഖേന നിയമനം. ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, വിവിധ വിഭാഗങ്ങളിൽ ഓഫിസർ സ്‌കെയിൽ–1 (അസിസ്റ്റന്റ് മാനേജർ), സ്പെഷലിസ്റ്റ് ഓഫിസർ സ്‌കെയിൽ– 2 (മാനേജർ) തസ്തികകളിലാണ് അവസരം. ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ്, ഓഫിസർ സ്‌കെയിൽ–1 ഒഴികെയുള്ള തസ്‌തികകളിൽ അപേക്ഷിക്കാൻ നിർദിഷ്‌ട വിദ്യാഭ്യാസ യോഗ്യതയ്‌ക്കു പുറമേ ജോലിപരിചയവും ആവശ്യമാണ്.
ഐബിപിഎസ് നടത്തുന്ന ഓൺലൈൻ പൊതുപരീക്ഷയിൽ (സിഡബ്ല്യുഇ) നേടുന്ന സ്‌കോറിന്റെ അടിസ്‌ഥാനത്തിലാണു പ്രാഥമിക തിരഞ്ഞെടുപ്പ്. ഇതിൽ യോഗ്യത നേടുന്നവർക്കു കോമൺ ഇന്റർവ്യൂ ഉണ്ടാകും (ഓഫിസ് അസിസ്‌റ്റന്റ്–മൾട്ടിപർപ്പസ് തസ്തിക ഒഴികെ). പൊതുപരീക്ഷയിലും ഇന്റർവ്യൂവിലും ലഭിക്കുന്ന മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്കുകളിൽ ഒന്നിലേക്ക് അലോട്ട് ചെയ്യും. അലോട്‌മെന്റ് തുടങ്ങി ഒരു വർഷം ഈ വിജ്‌ഞാപനപ്രകാരം നിയമനങ്ങൾക്ക് അവസരമുണ്ട്.
ഒാൺലൈനായി അപേക്ഷിക്കണം. ജൂൺ 27 വരെ അപേക്ഷിക്കാൻ അവസരമുണ്ട്. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങൾ മലയാള മനോരമ തൊഴിൽവീഥിയിൽ (ജൂൺ 15 ലക്കം) ലഭിക്കും.