ജീവനക്കാർക്കു സർക്കാർ സർവീസ് ചട്ടം ബാധകമല്ലെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്
Mail This Article
യുജിസി ചട്ടം, സർക്കാർ മാനദണ്ഡങ്ങൾ എന്നിവ പ്രകാരം തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപക–അനധ്യാപക നിയമനം നടത്താൻ അവകാശമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു. ബോർഡിനു കീഴിലെ ജീവനക്കാർക്ക് സർക്കാർ സർവീസ് ചട്ടം ബാധകമല്ലെന്നും സെക്രട്ടറി ജി.ബൈജു നൽകിയ എതിർ സത്യവാങ്മൂലത്തിൽ പറയുന്നു.
ശാസ്താംകോട്ട ഡി.ബി കോളജിൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് 2021ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ച ജിനേഷ് ജോഷിയുടെ ഹർജിയിലാണ് എതിർസത്യവാങ്മൂലം. ഹർജി ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഈ മാസം 10ന് വീണ്ടും പരിഗണിക്കും. അഭിമുഖത്തിനു യോഗ്യത നേടിയ 18 പേരിൽ ഹർജിക്കാരൻ ഉൾപ്പെട്ടില്ല. 9 പേരുടെ റാങ്ക്പട്ടിക തയാറാക്കിയെന്നും ബോർഡ് അറിയിച്ചു. സർക്കാർ ചട്ടങ്ങളിലേതുപോലെ ദേവസ്വം ബോർഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണമെന്നു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സംവരണം: ഉത്തരവ് ഉടൻ
സ്കൂളുകളിലും കോളജുകളിലും സംവരണ ഉത്തരവു പാലിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു. 2021ലെ ലക്ചറർ നിയമനം സംവരണം പാലിക്കാത്തതിനാൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു.
ആ ഘട്ടത്തിൽ ഉത്തരവു നിലവിലില്ലാത്തതിനാലാണു സംവരണനയം ബാധകമല്ലെന്ന് അറിയിച്ചത്. പിഎസ്‌സിയുടെ റൊട്ടേഷൻ പാലിച്ചു സംവരണം നടപ്പാക്കാൻ ഈ വർഷം ഫെബ്രുവരി 29നാണ് സർക്കാർ ഉത്തരവു നൽകിയത്. ഇതു നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നീങ്ങിയാലുടൻ ഉത്തരവിറങ്ങും.