വിദ്യാഭ്യാസ വകുപ്പിൽ കൂട്ടവിരമിക്കൽ; ആളില്ലാതെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ ഡിഡി വരെയുള്ള തസ്തികകൾ
Mail This Article
പൊതു വിദ്യാഭ്യാസ വകുപ്പിൽ മേയ് 31 നു കൂട്ടവിരമിക്കൽ നടന്നതോടെ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ മുതൽ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ (ഡിഡി) വരെ സുപ്രധാന തസ്തികകളിൽ ഒഴിവുകളേറെ.
പ്രൈമറി സ്കൂൾ തസ്തികയിലാണ് കൂടുതൽ ഒഴിവ്. അഞ്ഞൂറിലേറെ ഒഴിവുകൾ നേരത്തേതന്നെ നിലനിന്നതിനൊപ്പമാണ് കഴിഞ്ഞ മാസം വിരമിച്ചവരുടെ ഒഴിവുകളും വരുന്നത്. ഇതിനൊപ്പം മുന്നൂറോളം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെയും നൂറ്റിഇരുപതോളം ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാരുടെയും ഒഴിവുകൾ ഉള്ളതായാണു വിവരം.
എഇഒ, ഡിഇഒ, ഡിഡി തസ്തികകളിലും ഒഴിവുകളുണ്ട്. ജില്ലയിലെ പ്രവർത്തനങ്ങളിൽ ഏകോപിപ്പിക്കേണ്ട ഡിഡി തസ്തികകൾ പകുതി ജില്ലകളിലും ഒഴിവാണ്.
സ്ഥാനക്കയറ്റം നൽകാൻ യോഗ്യരായ ഡിഇഒമാരില്ലാത്തതിനാൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർമാർക്കു താൽക്കാലിക ചുമതല നൽകാനാണ് നീക്കം.
അധ്യാപകർ മുതലുള്ള തസ്തികകളിൽ സമയത്ത് സ്ഥാനക്കയറ്റം നൽകാത്തതാണ് എല്ലാ തലങ്ങളിലും പ്രതിസന്ധി സൃഷ്ടിക്കുന്നത്. സീനിയോറിറ്റി റാങ്ക് ലിസ്റ്റിലുള്ളവരെ കോൺഫിഡൻഷ്യൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സ്ഥാനക്കയറ്റം നൽകേണ്ടത്. സർക്കാർ നൽകുന്ന പട്ടിക അംഗീകരിക്കേണ്ടത് പിഎസ്‌സി ആണ്.
എന്നാൽ ഒഴിവുകൾ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാമായിരുന്നിട്ടും ഇതു സമയബന്ധിതമായി ചെയ്യാത്തതു മൂലമാണ് സ്കൂളുകൾ മുതൽ ജില്ലാ ഓഫിസിന്റെ വരെ പ്രവർത്തനം അവതാളത്തിലാകുന്നത്.