അവധിയെടുത്തു മുങ്ങൽ; പകരം നിയമനം വേണം
Mail This Article
സർക്കാർ വകുപ്പുകളിൽനിന്ന് അനധികൃതമായി അവധിയെടുത്തു മുങ്ങുന്നവർക്കെതിരെ നടപടിയെടുത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽനിന്നു പകരം നിയമനം നടത്താൻ ബന്ധപ്പെട്ടവർ തയാറാകണം. ആരോഗ്യ വകുപ്പിലെ മുങ്ങി നടക്കുന്നവർ ജൂൺ ആറിനകം തിരികെയെത്തിയില്ലെങ്കിൽ പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നു വ്യക്തമാക്കി ഉത്തരവിറക്കിയിരുന്നു. സമാനരീതിയിൽ മറ്റു വകുപ്പുകളും ഇത്തരക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കണം.
ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിലാണ് അവധിയെടുത്തു മുങ്ങുന്നവർ കൂടുതൽ. പകരം നിയമനം നടത്താൻ കഴിയാത്തതിനാൽ പലയിടത്തും ആവശ്യത്തിനു ജീവനക്കാരില്ല. ഉപരിപഠനത്തിനും മറ്റുമായി സർക്കാർ ജീവനക്കാർക്ക് 20 വർഷംവരെ അവധിയെടുക്കാൻ മുൻപ് അനുവാദമുണ്ടായിരുന്നു. ഇതു ദുരുപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടപ്പോൾ ദീർഘകാല അവധി 5 വർഷമാക്കി. ദീർഘകാല അവധിയെടുത്ത് വിദേശരാജ്യങ്ങളിലും മറ്റും ജോലി ചെയ്തശേഷം വിരമിക്കാറാകുമ്പോൾ തിരികെയെത്തുന്നവരുടെ എണ്ണം ക്രമാതീതമായപ്പോഴാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ, അഞ്ചു വർഷത്തേക്ക് അവധിയെടുക്കുന്ന ചിലർ പിന്നീട് അനധികൃതമായി ജോലിക്കെത്താതെ തുടരുന്ന അവസ്ഥയുണ്ട്. ഇത് വിവിധ വകുപ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയാണ്.
ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ, അന്യത്ര സേവന ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്നാണു വ്യവസ്ഥ. 3 മുതൽ 6 വരെ മാസത്തെ അവധി ഒഴിവ് ദീർഘകാലം നിലനിൽക്കാനും പുതിയ ഒഴിവുകൾ അക്കാലയളവിൽ ഉണ്ടാകാനും സാധ്യതയുണ്ടെങ്കിൽ ഇങ്ങനെയുള്ള ഒഴിവും പിഎസ്‌സിയെ അറിയിക്കാമന്നു വ്യവസ്ഥയുണ്ട്. എന്നാൽ, ഇതൊന്നും കൃത്യമായി പാലിക്കാൻ വകുപ്പു മേധാവികൾ തയാറാകാത്തത് പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമനത്തെ പ്രതികൂലമായി ബാധിക്കുന്നു.
അർഹമായ രീതിയിൽ ദീർഘകാല അവധിയെടുക്കുന്നവർക്കു പകരം നിയമനം നടത്താൻ സംവിധാനമുണ്ടെങ്കിലും അനധികൃത അവധിയെടുക്കുന്നവരുടെ കാര്യത്തിൽ ഇതു ബുദ്ധിമുട്ടാണ്. വിവിധ പിഎസ്‌സി റാങ്ക് ലിസ്റ്റുകളിൽ നിയമനം പ്രതീക്ഷിച്ചു കാത്തിരിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന ഈ പ്രവണതയ്ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണം. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ നിയമനം കാത്തിരിക്കുമ്പോൾ അനധികൃത അവധിയുടെ സാങ്കേതികത്വത്തിൽ, അർഹരുടെ ജോലി അവസരം നഷ്ടപ്പെടാൻ അനുവദിച്ചുകൂടാ.