ADVERTISEMENT

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ 3 ഇരട്ടിയായി വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ എല്ലാ സോണൽ റെയിൽവേ മാനേജർമാർക്കും ജൂൺ 18നു നൽകിയ കത്തിലാണ് (No.2023/E(RRB)/25/13) ഒഴിവുകൾ വർധിപ്പിച്ചതു സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ 5,696 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. പുതിയ കണക്കനുസരിച്ച് ഒഴിവുകളുടെ എണ്ണം 18,799 ആയി–13,103 ഒഴിവുകളുടെ വർധന. കേരളം ഉൾപ്പെടുന്ന സതേൺ റെയിൽവേയിലെ 218 ഒഴിവ് 726 ആയി.

ലോക്കോ പൈലറ്റുമാരുടെ എണ്ണം കൂട്ടുക, നിലവിൽ ജോലി ചെയ്യുന്നവരുടെ പ്രതിവാര വിശ്രമസമയം 30 മണിക്കൂറിൽനിന്ന് 46 മണിക്കൂറാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ലോക്കോ പൈലറ്റുമാർ അനിശ്ചിതകാല സമരത്തിലാണ്. ഇതിനിടെയാണ് ഒഴിവുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ ബോർഡ് തീരുമാനിച്ചിരിക്കുന്നത്.

ലോക്കോ പൈലറ്റുമാരുടെ പതിനാറായിരത്തിലധികം ഒഴിവ് നിലവിലുണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 3 ലക്കം തൊഴിൽവീഥിയിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു.

പുതിയ വിജ്ഞാപനം വരുമോ?

കൂടുതൽ ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയുടെ പുതിയ വിജ്ഞാപനം വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ ജനുവരിയിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിച്ചവരിൽനിന്നു മാത്രം ഒഴിവു നികത്തിയാൽ, എണ്ണം കൂട്ടിയതിന്റെ പ്രയോജനം പുതിയ ഉദ്യോഗാർഥികൾക്കു കിട്ടില്ല.

‌മുൻ വിജ്ഞാപനത്തിന്റെ (CEN 01/2024) അടിസ്ഥാനത്തിൽ പരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ കൂട്ടിച്ചേർക്കൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കൂടുതൽ പേർക്ക് അവസരം നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. വിജ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം ഈ തസ്തികയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 30ൽ നിന്ന് 33 വയസ്സാക്കി ഉയർത്തിയിരുന്നു.

പരീക്ഷ എന്നു തുടങ്ങും?

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയുടെ താൽക്കാലിക പരീക്ഷാ കലണ്ടർ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. ഒന്നാം ഘട്ട കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ ജൂണിനും ഓഗസ്റ്റിനും ഇടയിൽ നടക്കുമെന്നാണു വ്യക്തമാക്കിയിരുന്നത്. രണ്ടാം ഘട്ട കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ സെപ്റ്റംബറിലും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് നവംബറിലും നടത്തും. നവംബർ അവസാനം ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഡിസംബറിൽ സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങുമെന്നും താൽക്കാലിക പരീക്ഷാ കലണ്ടറിൽ സൂചനയുണ്ടായിരുന്നു. എന്നാൽ, ഇതിന്റെ തുടർനടപടികളൊന്നും ആരംഭിച്ചിട്ടില്ല.

English Summary:

18,799 Vacancies for the post of Assistant Loco Pilot; Opportunity in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com