സമൂഹമാധ്യമങ്ങളിലെ ‘അവസരങ്ങൾ’ക്ക് ൈലക്ക് അടിക്കുമ്പോൾ സൂക്ഷിക്കുക; തൊഴിൽ തേടുന്നവർക്ക് ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ
Mail This Article
ഇന്ത്യയിൽനിന്നുള്ള ചെറുപ്പക്കാരെ ലക്ഷ്യമിട്ട് മ്യാൻമർ–തായ്‌ലൻഡ് അതിർത്തി കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്മെന്റ് റാക്കറ്റുകൾ സജീവമാണെന്നും ജാഗ്രത പുലർത്തണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
മ്യാൻമർ–തായ്‌ലൻഡ് അതിർത്തിയിലെ മ്യാവഡി മേഖലയിൽ സജീവമായ രാജ്യാന്തര ക്രൈം സിൻഡിക്കറ്റുകൾ വ്യാജ റിക്രൂട്മെന്റ് വാഗ്ദാനം നൽകി ഇന്ത്യൻ പൗരന്മാരെ ഇരകളാക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നിർദേശം.
ഈ രാജ്യങ്ങളിലേക്ക് തൊഴിൽ കുടിയേറ്റത്തിനു ശ്രമിക്കുന്നവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് റിക്രൂട്മെന്റിന്റെ ആധികാരികത ഉറപ്പു വരുത്തണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന തൊഴിൽവാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
അന്വേഷണങ്ങൾക്ക് യാംഗൂണിലെ ഇന്ത്യൻ എംബസിയുമായി (cons.yangon@mea.gov.in) ഇ–മെയിൽ വഴിയും മൊബൈലിലും (+9595419602) (WhatsApp/Viber/Signal) ബന്ധപ്പെടാം.
വിദേശ തൊഴിൽ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ നോർക്ക റൂട്സ്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം, കേരള പൊലീസ് എന്നിവയുടെ സംയുക്ത സംവിധാനമായ ഓപ്പറേഷൻ ശുഭയാത്രയുടെ (spnri.pol@kerala.gov.in, dyspnri.pol@kerala.gov.in) ഇ–മെയിൽ, ഹെൽപ്‌ലൈൻ നമ്പർ (0471–2721547) വഴിയും അറിയിക്കാം.