ചോദ്യപേപ്പർ വിവാദം: യുജിസി–നെറ്റ് പരീക്ഷ റദ്ദാക്കി; അന്വേഷണം സിബിഐക്ക്
Mail This Article
ജൂൺ 18നു നടത്തിയ കോളജ് അധ്യാപന യോഗ്യതാപരീക്ഷ ‘യുജിസി–നെറ്റ്’ റദ്ദാക്കി. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന വിവാദത്തെത്തുടർന്നാണു കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ 1205 കേന്ദ്രങ്ങളിൽ നടന്ന പരീക്ഷ 11.21 ലക്ഷം പേരാണ് എഴുതിയത്. ‘നെറ്റ്’ യോഗ്യത ഇത്തവണ മുതൽ പിഎച്ച്ഡി പ്രവേശനത്തിനും പരിഗണിക്കുമെന്നതിനാൽ പരീക്ഷയ്ക്കു പ്രാധാന്യമേറിയിരുന്നു. 2018 മുതൽ ഓൺലൈനായിരുന്ന പരീക്ഷ ഇക്കുറി വീണ്ടും ഓഫ്‌ലൈൻ രീതിയിലേക്കു മാറ്റിയിരുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിനു (ഐ4സി) കീഴിലെ നാഷനൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണു പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന സൂചനകൾ കൈമാറിയത്. യുജിസി-നെറ്റിനുള്ള ചില ചോദ്യങ്ങൾ ദിവസങ്ങൾക്കു മുൻപേ ചില ടെലിഗ്രാം ചാനലുകളിൽ വന്നതായാണു വിവരം. പുനഃപരീക്ഷ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
ഈ മാസം എൻടിഎയ്ക്കു റദ്ദാക്കേണ്ടിവന്ന രണ്ടാമത്തെ പരീക്ഷയാണ് യുജിസി–നെറ്റ്. 4 വർഷ ബിഎഡ് പ്രോഗ്രാമിലേക്കു ജൂൺ 12നു നടത്തിയ നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റും (എൻസിഇടി) റദ്ദാക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ഭൂരിഭാഗം കേന്ദ്രങ്ങളിലും പരീക്ഷ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതായിരുന്നു കാരണം. 29,000 വിദ്യാർഥികൾ എഴുതിയ പരീക്ഷ വളരെ കുറച്ചു കേന്ദ്രങ്ങളിൽ മാത്രമാണു കൃത്യമായി നടന്നത്.
ഈ മാസം 25 മുതൽ 27 വരെ നടക്കേണ്ടിയിരുന്ന സിഎസ്ഐആർ–നെറ്റ് പരീക്ഷയും മാറ്റിവച്ചിട്ടുമുണ്ട്.