ഇല്ല, തൊഴിലവസരം കുറയുന്നില്ല; 4 വർഷത്തിനിടെ ജോലി കിട്ടിയത് 8 കോടിയിലേറെ പേർക്ക്!
Mail This Article
നമ്മുടെ രാജ്യത്ത് തൊഴിലവസരങ്ങൾ കുറയുന്നുണ്ടോ? ഇതുകൊണ്ടാണോ പുതുതലമുറ വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്നത്? റിസർവ് ബാങ്കിന്റെയും യുഎസ് ബാങ്കായ സിറ്റി ഗ്രൂപ്പിന്റെയും അന്വേഷണറിപ്പോർട്ടുകളിലെ വൈരുധ്യമാണ് ഇപ്പോൾ തൊഴിൽരംഗത്ത് ചർച്ചയാകുന്നത്.
1.2 കോടി തൊഴിലവസരങ്ങൾ വേണ്ടിടത്ത് 80–90 ലക്ഷം മാത്രം അവസരങ്ങളേ സൃഷ്ടിക്കപ്പെടുന്നുള്ളു എന്നു സിറ്റി ഗ്രൂപ്പ് പറയുമ്പോൾ 2017–18 മുതൽ 2021–22 വരെയുള്ള കാലത്ത് രാജ്യത്ത് 8 കോടിയിലേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം വ്യക്തമാക്കുന്നത്. പീരിയോഡിക് ലേബർ ഫോഴ്സ് സർവെയിലെയും (പിഎൽഎഫ്എസ്), റിസർവ് ബാങ്ക് തയാറാക്കുന്ന പഠനങ്ങളിലെയും കണക്കുകൾ തൊഴിലവസരങ്ങളിലെ വർധന ചൂണ്ടിക്കാട്ടുന്നതായാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
ഈ റിപ്പോർട്ടുകൾ പരിഗണിച്ചാൽ രാജ്യത്തു പ്രതിവർഷം 2 കോടിയിലേറെ തൊഴിലവസങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിലായ സാഹചര്യത്തിലും രാജ്യത്തു ജോലി അവസരങ്ങൾ ഉണ്ടായി. 2023–24 ൽ 1.3 കോടി ആളുകളാണ് ഇപിഎഫ്ഒയിൽ ഭാഗമായത്. 2018–19 കാലത്തു ചേർന്നതു 61.12 ലക്ഷം പേരാണ്. രാജ്യത്തെ തൊഴിലവസങ്ങൾ വർധിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
എന്നാൽ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ 7% വളർച്ച തുടർന്നാലും മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെടുമെന്നാണ് യുഎസ് ബാങ്കായ സിറ്റി ഗ്രൂപ്പിന്റെ റിപ്പോർട്ട്. തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ക്രിയാത്മക ഇടപെടലുകൾ വേണ്ടിവരുമെന്നു സിറ്റി ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നു. അടുത്ത ദശകത്തിൽ പ്രതിവർഷം 1.2 കോടി തൊഴിലവസരങ്ങൾ വീതം സൃഷ്ടിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ പ്രതിവർഷം 80–90 ലക്ഷം തൊഴിലവസരങ്ങൾ മാത്രമേ രാജ്യത്തുണ്ടാകാൻ സാധ്യതയുള്ളൂവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.