വിദേശജോലി: പറക്കാനൊരുങ്ങി 139 പേർ; 500 പേർക്കുകൂടി ഉടൻ നിയമനം
Mail This Article
ജോലിക്കും ഉന്നതപഠനത്തിനുമായി 139 പേർകൂടി ഒഡെപെക് വഴി വിദേശത്തേക്ക്. തുർക്കി ഷിപ്‌യാഡിൽ 63 ടെക്നിഷ്യൻ, സൗദി ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ 32 വെയർഹൗസ് അസോഷ്യേറ്റ്, ജർമനിയിൽ 22 നഴ്സ്, സൗദി ആരോഗ്യമന്ത്രാലയത്തിൽ 4 നഴ്സ് എന്നിവർക്കു പുറമേ, ഉന്നതപഠനത്തിനായി ഓസ്ട്രേലിയയിലെ വിവിധ സർവകലാശാലകളിൽ അഡ്മിഷൻ ലഭിച്ച 18 വിദ്യാർഥികളും ഇവരിൽ ഉൾപ്പെടുന്നു.
ജർമനിയിൽ നഴ്സ്, സൗദി വെയർഹൗസ് അസോഷ്യേറ്റ് എന്നിവരുടെ നിയമനം സൗജന്യമാണ്. വീസ, എയർ ടിക്കറ്റ് എന്നിവകൂടാതെ സൗജന്യ ജർമൻ ഭാഷാ പരിശീലനവും ഇവർക്കു നൽകിയിരുന്നു. തുർക്കി, സൗദി ആരോഗ്യ മന്ത്രാലയം എന്നിവിടങ്ങളിലേക്കു സർക്കാർ നിശ്ചയിച്ച സർവീസ് ചാർജ് മാത്രമാണ് ഈടാക്കിയത്. ജർമനി, തുർക്കി, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് അഞ്ഞൂറോളം പേരുടെകൂടി നിയമനത്തിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഒഡെപെക് അധികൃതർ അറിയിച്ചു.