5 വർഷത്തിനകം ഇലക്ട്രോണിക്സ് ബൂം; ഒപ്പം 60 ലക്ഷം തൊഴിലവസരവും
Mail This Article
തൊഴിലന്വേഷകർക്ക് ഒരു സന്തോഷവാർത്ത! 2030ൽ ഇന്ത്യയ്ക്ക് 50,000 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനം നടത്താനും അതുവഴി 60 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന നിതി ആയോഗിന്റെ റിപ്പോർട്ട് രാജ്യത്തെ തൊഴിൽമേഖലയിൽ വൻ പ്രതീക്ഷകൾക്കു തുടക്കമിടുകയാണ്. ഇതിന് സർക്കാരിന്റെ നയപരമായ പിന്തുണ ആവശ്യമാണ്.
35,000 കോടി ഡോളർ ഉൽപന്നങ്ങളുടെ നിർമാണം വഴി കൈവരിക്കാം. ബാക്കി 15,000 കോടി ഇലക്ട്രോണിക് ഘടകങ്ങളുടെ ഉൽപാദനം വഴിയാണ്. ഉൽപന്നങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്ന 35,000 കോടി ഡോളറിന്റെ 35% വരെ വെയറബിൾ/ ഹിയറബിൾ ഡിവൈസുകൾ വഴിയും 25 മുതൽ 30% മൊബൈൽ ഫോൺ നിർമാണത്തിലൂടെ യായിരിക്കുമെന്നും റിപ്പോർട്ട് പറയുന്നു. ഇലക്ട്രോണിക്സ് അനുബന്ധ മേഖലകളിൽ ലക്ഷക്കണക്കിനു പുതിയ തൊഴിലവസരങ്ങളിലേക്കുകൂടിയാണ് ഇതു വിരൽചൂണ്ടുന്നത്.
ലോകമാകെയുള്ള ഇലക്ട്രോണിക്സ് ഉൽപാദനത്തിന്റെ ഏകദേശം 60 ശതമാനവും കയ്യാളുന്നത് ചൈനയാണ്. രണ്ടാമതുള്ള തയ്‌വാൻ പോലും 7 ശതമാനമാണ്. ഇന്ത്യയുടെ വിഹിതം നിലവിൽ 2% മാത്രമാണ്. ഏകദേശം 10,100 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനമാണ് നിലവിൽ ഇന്ത്യയിലുള്ളത്. 2030 ആകുമ്പോഴേക്കും 50,000 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉൽപാദനത്തിലേക്ക് ഇന്ത്യ വളരുന്നതോടെ ടെക്നിക്കൽ രംഗത്തെ വൻ തൊഴിൽസാധ്യതകൾകൂടി രാജ്യത്ത് തുറന്നുകിട്ടുമെന്നു കരുതാം.