സംവരണം കടലാസിൽ മാത്രം; ITI, പോളിടെക്നിക് നിയമനങ്ങളിൽ സ്വന്തക്കാരുടെ ‘തള്ളിക്കയറ്റം’
Mail This Article
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരുടെ തള്ളിക്കയറ്റം.
ഐടിഐകളിലെയും പോളിടെക്നിക്കുകളിലെയും താൽക്കാലിക ഒഴിവുകളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്ന വ്യവസ്ഥ നിലനിൽക്കെയാണു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള ശ്രമം. ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കാതെയും പിന്നാക്കവിഭാഗം, അംഗപരിമിതർ, വിധവ തുടങ്ങിയ സംവരണം പാലിക്കാതെയുമാണു നിയമനങ്ങൾ.
ചിലയിടങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽനിന്നുള്ള ലിസ്റ്റ് വാങ്ങുമെങ്കിലും പേരിനുമാത്രം അഭിമുഖം നടത്തി ജീവനക്കാരുടെ സ്വന്തക്കാരെ നിയമിക്കുന്ന രീതിയാണിപ്പോൾ.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്തു കാത്തിരിക്കുന്ന ഉദ്യോഗാർഥികളുടെ അവസരമാണ് ഇതുകാരണം നഷ്ടമാകുന്നത്.