ADVERTISEMENT

പൊലീസ് സബ് ഇൻസ്പെക്ടർ ലിസ്റ്റിനു പിറകെ സിവിൽ പൊലീസ് ഓഫിസർ ലിസ്റ്റിലും അനർഹർ കടന്നുകൂടിയതോടെ, പിഎസ്‌സിയുടെ അനാസ്ഥ വീണ്ടും ചർച്ചയാവുകയാണ്. ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട 12 പേരെ ഏപ്രിൽ 15നു പ്രസിദ്ധീകരിച്ച തിരുവനന്തപുരം സിപിഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ജൂലൈ 2നു തിരുത്തൽ വിജ്ഞാപനത്തിലൂടെ ഒഴിവാക്കുകയും ചെയ്തതാണ് പുതിയ വിവാദം.

കഴിഞ്ഞ ഫെബ്രുവരിയിൽ തയാറാക്കിയ എസ്ഐ ഷോർട് ലിസ്റ്റിൽ കായികപരീക്ഷ ജയിക്കാത്തവരും പരീക്ഷയിൽ പങ്കെടുക്കാത്തവരും ഉൾപ്പെട്ടിരുന്നു. തെറ്റു മനസ്സിലാക്കി പെട്ടെന്ന് ലിസ്റ്റ് പിൻവലിച്ച് അനർഹരെ ഒഴിവാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എന്നാൽ, സിപിഒ ലിസ്റ്റിലെ അനർഹരെ കണ്ടെത്താനും ഒഴിവാക്കാനും രണ്ടര മാസത്തിലധികം വേണ്ടിവന്നു.

തിരുവനന്തപുരം എസ്എപി കായികക്ഷമതാ പരീക്ഷയ്ക്കു മുന്നോടിയായി നടത്തിയ ശാരീരിക അളവെടുപ്പിൽ പരാജയപ്പെട്ട 72 പേർ അപ്പീൽ നൽകുകയും ഇവർക്കു മാർച്ചിൽ പുനരളവെടുപ്പ് നടത്തുകയുമായിരുന്നു. പിഎസ്‌സി അംഗം ഉൾപ്പെട്ട സംഘം നടത്തിയ പുനരളവെടുപ്പിൽ, പുറത്തായ 12 പേർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു! ഇവരെ മെയിൻ ലിസ്റ്റിൽത്തന്നെ ഉൾപ്പെടുത്തി. പിന്നീട് പിഎസ്‌സി ഇൻസ്പെക്‌ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് തെറ്റു കണ്ടെത്തിയത്.

വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന പല അറിയിപ്പുകളിലും ഈയിടെ തെറ്റ് കടന്നുകൂടുന്നുണ്ട്. ഡിഗ്രി ലെവൽ പ്രിലിമിനറി മൂന്നാം ഘട്ട പരീക്ഷയുടെ പ്രാഥമിക ഉത്തരസൂചികയിൽ 100–ാം ചോദ്യത്തിന് ഐ (I) എന്ന ഓപ്ഷനായിരുന്നു ശരിയുത്തരമായി നൽകിയത്. എ, ബി, സി, ഡി ഓപ്ഷനുകൾ മാത്രമുള്ളപ്പോൾ ഐ ഓപ്ഷൻ എങ്ങനെ വന്നു? സെപ്റ്റംബറിലെ പരീക്ഷാ കലണ്ടറിൽ കൺഫർമേഷൻ നൽകേണ്ട തീയതി ജൂൺ 23 മുതൽ ജൂലൈ 12 വരെ ആയിരുന്നെങ്കിലും, സെപ്റ്റംബർ 30നു നടക്കുന്ന ഇലക്ട്രിഷ്യൻ, ഓവർസിയർ, ജൂനിയർ ഇൻസ്ട്രക്ടർ തസ്തികകളുടെ കൺഫർമേഷൻ തീയതി നൽകിയത് മേയ് 23 മുതൽ ജൂൺ 11 വരെ എന്നാണ്.

മൂന്നും നാലും ഘട്ട പരിശോധനയ്ക്കുശേഷമാണ് പിഎസ്‌സി ലിസ്റ്റുകൾ ഉൾപ്പെടെ പ്രസിദ്ധീകരണത്തിനു നൽകുന്നത്. എന്നിട്ടും തെറ്റു വരുന്നത് അനാസ്ഥയിലേക്കോ അട്ടിമറിസാധ്യതയിലേക്കോ വിരൽ ചൂണ്ടുന്നു. നോട്ടപ്പിശകെന്നു പറഞ്ഞ് കൈകഴുകിയെങ്കിലും, പിഎസ്‌സിയുടെ വിശ്വാസ്യതയ്ക്ക് വീണ്ടും മങ്ങലേറ്റിരിക്കുന്നു. ന്യായീകരണങ്ങളല്ല, തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയാണു വേണ്ടത്. 

English Summary:

CPO Ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com