ഒമാനിലേക്ക് ഓടിച്ചെല്ലേണ്ട; ഗതാഗത, ലോജിസ്റ്റിക്സ്, ഐടി ജോലികളും ഇനി സ്വദേശികൾക്കു മാത്രം
Mail This Article
മലയാളികളുടെ ഗൾഫ് സ്വപ്നങ്ങൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്ക്കുകയാണോ ഒമാൻ? പുതുതായി 30 തൊഴിൽ മേഖലകളിൽ കൂടി സമ്പൂർണ സ്വദേശിവൽക്കരണം പ്രാബല്യത്തിൽ വരുത്തുകയാണ് ഒമാൻ. നിലവിൽ നൂറോളം മേഖലയിൽ വിലക്കുണ്ട്. ഗതാഗതം, ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങി രംഗങ്ങളിൽ സമ്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കും. സെപ്റ്റംബറിൽ പുതിയ തീരുമാനം നടപ്പാക്കുമെന്നാണു സൂചന. എന്നാൽ, ഏതെല്ലാം മേഖലകളിലാണ് വിലക്ക് എന്നതു വ്യക്തമല്ല. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ തൊഴിൽ പെർമിറ്റ് (വീസ) നിരക്ക് ഉയർത്തുന്ന കാര്യവും സർക്കാർ പരിശോധിക്കുന്നുണ്ട്.
മലയാളികൾ അടക്കമുള്ള പ്രവാസികൾക്കു തിരിച്ചടിയാണ് തീരുമാനം. ജോലികളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് മുൻപ് ആയിരക്കണക്കിനു പ്രവാസികൾക്കു തൊഴിൽ നഷ്ടപ്പെട്ടിരുന്നു. പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനും പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള മാർഗരേഖ ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
30 മേഖലകളിൽ സെപ്റ്റംബറോടെ സ്വദേശിവൽക്കരണമെന്ന് സൂചന.