മാസശമ്പളം 3.18 ലക്ഷം, ജോലി റെയിൽവേ ട്രാക്ക് നിർമാണം; പോരുന്നോ ജർമനിയിലേക്ക്?
Mail This Article
പോളിടെക്നിക്കിലൊക്കെ പഠിച്ചവരാണോ? എങ്കിൽ ജർമനിയിൽ ഒരു ജോലിക്കു ശ്രമിച്ചാലോ? കേരളത്തിൽ നിന്ന് മെക്കാനിക്കൽ, സിവിൽ വിഭാഗത്തിൽ ബിടെക്, പോളിടെക്നിക്, ഐടിഐ കോഴ്സുകൾ വിജയിച്ച 4000 പേർക്ക് വർഷം തോറും ജർമനിയിലെ റെയിൽപാത നിർമാണത്തിൽ ജോലി സാധ്യത. ആറു വർഷം കൊണ്ട് 9000 കിലോമീറ്റർ റെയിൽപാത നവീകരിക്കുന്ന പദ്ധതിക്കായി ഈ മേഖലകളിൽ നൈപുണ്യമുള്ളവരെത്തേടി ജർമൻ സംഘം കേരളത്തിലെത്തിക്കഴിഞ്ഞു.
റെയിൽവേ നവീകരണം ഏറ്റെടുത്ത ഡോയ്ച് ബാൻ (ഡിബി) കമ്പനിക്കു വേണ്ടി കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് (കേയ്സ്) ആണു തിരഞ്ഞെടുപ്പു നടത്തുക. ശരാശരി 3500 യൂറോ (ഏകദേശം 3.18 ലക്ഷം) രൂപ മാസശമ്പളം ലഭിക്കും.
കൃത്യതയ്ക്കു പേരു കേട്ട ജർമൻ റെയിൽവേയിൽ ട്രാക്കുകളുടെ പ്രശ്നം മൂലം ട്രെയിനുകൾ വൈകാൻ തുടങ്ങിയതോടെയാണു വൻ നവീകരണ പദ്ധതിക്കു തുടക്കമിട്ടത്. തൊഴിൽ നൈപുണ്യ മേഖലയിൽ മനുഷ്യവിഭവ ശേഷി കുറവായതിനാൽ ഡിബി കമ്പനി നടത്തിയ അന്വേഷണത്തിനൊടുവിലാണു ജർമൻ കോൺസൽ ജനറൽ ഏക്കിം ബർക്കാട്ട് അവരെ കേരളത്തിലെത്തിച്ചത്.
തൊഴിൽ നൈപുണ്യമുള്ള ഇന്ത്യക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ ജർമനി കുടിയേറ്റ നയത്തിൽ ഇളവു വരുത്തിയിരുന്നു. നഴ്സുമാരെ ജർമൻ ഭാഷ പഠിപ്പിച്ച് ജർമനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ‘ട്രിപ്പിൾ വിൻ’ പരിപാടി കേരളത്തിൽ നോർക്കയുമായി ചേർന്നു ജർമൻ ഏജൻസികൾ നടത്തുന്നുണ്ട്. രണ്ടു വർഷത്തിനകം നാനൂറിലേറെ പേർ ഈ പദ്ധതി വഴി ജർമനിയിലെത്തി. അഞ്ഞൂറോളം പേർ പോകാനുള്ള തയാറെടുപ്പിലുമാണ്. ഈ പരിപാടി വിജയമായതാണു നിർമാണമേഖലയിലെ പ്രഫഷനലുകളെത്തേടിയും കേരളത്തിലെത്താൻ കാരണം.