ദേവസ്വം പിആർഒ നിയമനം: ഈ വിവേചനം അനീതി
Mail This Article
തിരുവിതാംകൂർ ദേവസ്വം പിആർഒ തസ്തികയിൽ വനിതാ ഉദ്യോഗാർഥിക്ക് അർഹമായ അവസരം നിഷേധിച്ചത് നിരാശാജനകമാണ്. എഴുത്തു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ ഉദ്യോഗാർഥിക്കാണ് ഇന്റർവ്യൂവിൽ ഏറ്റവും കുറച്ചു മാർക്ക് നൽകി ദേവസ്വം റിക്രൂട്മെന്റ് ബോർഡ് അവസരം നിഷേധിച്ചത്.
2023 ഒക്ടോബറിലായിരുന്നു തിരുവിതാംകൂർ ദേവസ്വം പിആർഒ തസ്തികയിലെ ഒരൊഴിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. അംഗീകൃത സർവകലാശാല ബിരുദം, പിജി ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ്/ജേണലിസം അല്ലെങ്കിൽ തത്തുല്യ യോഗ്യത എന്നിവയായിരുന്നു യോഗ്യത. വനിതകളെ പരിഗണിക്കില്ലെന്നു വിജ്ഞാപനത്തിൽ വ്യക്തമാക്കാതിരുന്നതിനാൽ ഒട്ടേറെ സ്ത്രീകൾ ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നു. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോഴും മെയിൻ ലിസ്റ്റിൽ 1, സപ്ലിമെന്ററി ലിസ്റ്റിൽ 3 എന്നിങ്ങനെ 4 വനിതകളെ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിനിടെ, റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് 11 ദിവസം മുൻപ്, വനിതകളെ ഈ തസ്തികയിൽ നിയമിക്കരുതെന്ന് ആവശ്യപ്പെട്ടു ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയാണുണ്ടായത്. ശബരിമലയിൽ ആഴ്ചകൾ നീണ്ടുനിൽക്കുന്ന മണ്ഡലകാലത്തു വനിതകൾക്കു പ്രവർത്തിക്കാൻ കഴിയാത്ത ശാരീരിക സാഹചര്യമുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
പബ്ലിക് റിലേഷൻസ് ഓഫിസർ തസ്തികയിൽ നടത്തിയ പരീക്ഷയിൽ 70 മാർക്ക് നേടി ഒരു വനിതാ ഉദ്യോഗാർഥിയാണു മുന്നിലെത്തിയത്. തിരഞ്ഞെടുപ്പിൽ ഇവരെ പരിഗണിക്കാതിരിക്കാൻ അഭിമുഖത്തിൽ 3 മാർക്ക് മാത്രമാണ് അനുവദിച്ചത്. എന്നാൽ, 67 മാർക്ക് വാങ്ങി എഴുത്തു പരീക്ഷയിൽ രണ്ടാമതെത്തിയ പുരുഷ ഉദ്യോഗാർഥിക്ക് ഇന്റർവ്യൂവിൽ 7 മാർക്ക് നൽകി റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിക്കുകയും ചെയ്തു. വനിത ആയതിനാലാണ് ഇന്റർവ്യൂവിൽ മാർക്ക് കുറച്ചതെന്നാരോപിച്ച് എഴുത്തുപരീക്ഷയിലെ ഒന്നാംസ്ഥാനക്കാരി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. വനിതകളെ പരിഗണിക്കരുതെന്ന ദേവസ്വം ബോർഡിന്റെ ഹർജിക്കൊപ്പം ഉദ്യോഗാർഥിയുടെ ഹർജിയും പരിഗണിച്ചേക്കുമെന്നാണു വിവരം.
ഒരു തസ്തികയുടെ യോഗ്യത, നിയമന രീതി തുടങ്ങിയ എല്ലാ വിവരങ്ങളും വിജ്ഞാപനത്തിൽതന്നെ വ്യക്തമാക്കണമെന്നാണു വ്യവസ്ഥയെന്നിരിക്കെ അതിനു വിരുദ്ധമായി തിരഞ്ഞടുപ്പ് നടത്തുന്നത് അനീതിയാണ്. തിരുവിതാംകൂർ ദേവസ്വം പിആർഒ തസ്തികയിൽ വനിതകളെ പരിഗണിക്കുന്നില്ലെങ്കിൽ വിജ്ഞാപനത്തിൽതന്നെ ഇക്കാര്യം വ്യക്തമാക്കേണ്ടതായിരുന്നു. എങ്കിൽ വനിതകൾ അപേക്ഷിക്കുകയില്ലായിരുന്നു. നിശ്ചിത ഫീസ് അടച്ച് അപേക്ഷ നൽകി എഴുത്തുപരീക്ഷയിലും ഒന്നാം റാങ്ക് നേടിയ ശേഷം നിയമനം നിഷേധിക്കുന്നത് ഉദ്യോഗാർഥികളെ അപഹാസ്യരാക്കുന്നതിനു തുല്യമാണ്.