നിങ്ങൾക്കു ജോലിയുണ്ടോ? വരുന്നു കേന്ദ്രസർക്കാരിന്റെ കണക്കെടുപ്പ്
Mail This Article
രാജ്യത്തെ തൊഴിൽ ലഭ്യതയുടെ വിശദാംശങ്ങൾ ക്രോഡീകരിക്കാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. സംസ്ഥാനങ്ങളുടെയും സർക്കാർ ഏജൻസികളുടെയും സഹായത്തോടെ സംയോജിത എംപ്ലോയ്മെന്റ് ഡേറ്റ തയാറാക്കാനാണ് തൊഴിൽ മന്ത്രാലയം ശ്രമിക്കുന്നത്. മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇരുപതിലേറെ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഭാഗമായ യോഗം പ്രാഥമിക ചർച്ചകൾ നടത്തി.
തൊഴിലില്ലായ്മ രൂക്ഷമാകുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് ഇക്കുറി ബജറ്റിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതികൾ കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിന്റെ തുടർച്ചയായാണു പുതിയ നീക്കം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ ലേബർ ഫോഴ്സ് സർവേയും റിസർവ് ബാങ്കിന്റെ കെഎൽഇഎംഎസ് ഡേറ്റയുമാണു രാജ്യത്തെ തൊഴിൽരംഗവുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്ക് ലഭ്യമാക്കുന്നത്. എന്നാൽ, വിപണിയിലെ മാറ്റങ്ങൾ അനുസരിച്ചുള്ള പല വിവരങ്ങളും ഇതിൽ ലഭ്യമാകുന്നില്ലെന്നാണു വിലയിരുത്തൽ.