സ്റ്റാഫ് നഴ്സ് നിയമനം; ഈ സ്ഥിതി ഗുരുതരം
Mail This Article
സ്റ്റാഫ് നഴ്സ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിൽനിന്നുള്ള നിയമനം വലിയതോതിൽ കുറഞ്ഞത് ആരോഗ്യ വകുപ്പും സർക്കാരും ഗൗരവമായി പരിശോധിക്കണം. ഈ തസ്തികയുടെ വിവിധ ജില്ലകളിലെ റാങ്ക് ലിസ്റ്റുകൾ മാസങ്ങൾക്കകം അവസാനിക്കും. 16% പേർക്കു മാത്രമാണ് ഇതുവരെ നടന്ന നിയമന ശുപാർശ. അവശ്യ തസ്തികയെന്ന ഉത്തരവാദിത്തം ഈ തസ്തികയുടെ കാര്യത്തിൽ പ്രത്യേകം കാണിക്കേണ്ടതാണ്.
നവംബർ 28 മുതൽ ജനുവരി 24 വരെ വിവിധ തീയതികളിലായി സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റുകൾ റദ്ദാകും. 3 വർഷ കാലാവധി അടുക്കുമ്പോഴും ഒരു ജില്ലയിലും കാര്യമായി നിയമനം നടന്നിട്ടില്ല. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ മാത്രമാണു നിയമന ശുപാർശ 100 കടന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ 50 പേർക്കുപോലും നിയമനം ലഭിച്ചിട്ടില്ല. വയനാട് ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണ്. 347 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽനിന്ന് ഇതുവരെ നടന്നത് 6 നിയമന ശുപാർശ മാത്രം. 2 വർഷമായി ഒരാൾക്കുപോലും വയനാട് ജില്ലയിൽ നിയമന ശുപാർശ ലഭിച്ചിട്ടില്ല.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി നഴ്സ് തസ്തിക സൃഷ്ടിക്കണമെന്നു ശുപാർശ ചെയ്യുന്ന ധാരാളം റിപ്പോർട്ടുകൾ സർക്കാരിനു മുന്നിലുണ്ട്. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തസ്തിക സൃഷ്ടിക്കുന്നതിൽനിന്ന് സർക്കാർ പിൻവലിയുന്നു. പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോൾ താൽക്കാലിക നിയമനം പാടില്ലെന്ന വ്യവസ്ഥ ബോധപൂർവം മറികടന്ന്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും അല്ലാതെയും താൽക്കാലിക നിയമനം പരക്കെ നടക്കുന്നു.
നിയമനം മരവിച്ചിരിക്കെത്തന്നെ പുതിയ സ്റ്റാഫ് നഴ്സ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണു പിഎസ്‌സി. 2023 മേയ് 30നു പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ ജില്ലയിലും ഷോർട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഇന്റർവ്യൂ പുരോഗമിക്കുകയാണ്. 14 ജില്ലയിലായി 7,123 പേർ ഉൾപ്പെട്ട നിലവിലെ റാങ്ക് ലിസ്റ്റിനെ വെന്റിലേറ്ററിൽ കിടത്തി പുതിയതിനു ജീവൻ പകരുന്നത് അർഥശൂന്യമാണ്. ഇപ്പോഴത്തെ ലിസ്റ്റിൽ പകുതിപ്പേർക്കെങ്കിലും നിയമനം നൽകുകയും അതിന്റെ തുടർച്ചയായി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയുമാണു വേണ്ടത്. ഇല്ലെങ്കിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ പരിചരണം അതീവശോചനീയാവസ്ഥയിലേക്കു നീങ്ങും.