ADVERTISEMENT

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് 5 മാസമായിട്ടും പുതിയ ഒഴിവുകളൊന്നും റിപ്പോർട്ട് ചെയ്യാതിരിക്കുന്നതു നീതികേടാണ്. മുൻ ലിസ്റ്റിലെ നിയമന ശുപാർശയെ തുടർന്നുണ്ടായ കുറച്ച് എൻജെഡി ഒഴിവു മാത്രമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഏഴു ബറ്റാലിയനുകളിലായി പ്രസിദ്ധീകരിച്ച സിപിഒ റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ 4,725, സപ്ലിമെന്ററി ലിസ്റ്റിൽ 1,922 എന്നിങ്ങനെ 6,647 പേരാണു നിയമനത്തിനായി കാത്തിരിക്കുന്നത്. മുൻ റാങ്ക് ലിസ്റ്റിൽ നിന്ന് 4,783 പേർക്കു നിയമന ശുപാർശ നൽകിയിരുന്നു.

കഴിഞ്ഞ ഏപ്രിൽ 15നാണു സിപിഒ റാങ്ക് ലിസ്റ്റുകൾ പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 5 മാസമാകുമ്പോഴും ഇതുവരെ റിപ്പോർട്ട് ചെയ്തത് 38 എൻജെഡി ഒഴിവു മാത്രം. ഇതിൽ 24 ഒഴിവിൽ നിയമന ശുപാർശ നൽകി. ബാക്കി 14 ഒഴിവിൽ വൈകാതെ ശുപാർശ തയാറാക്കും. ഏറ്റവും കൂടുതൽ ഒഴിവ് തൃശൂർ (കെഎപി–2) ജില്ലയിലാണ്–16. കുറവ് കാസർകോട് (കെഎപി–4) ജില്ലയിൽ–1.

പൊലീസ് സേനയിൽ 15,075 തസ്തിക അധികമായി വേണമെന്ന ശുപാർശ നിലവിലുണ്ട്. ഇതിൽ ആറായിരത്തിലധികവും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുടേതാണ്. 18,229 അധിക തസ്തിക സൃഷ്ടിക്കണമെന്നു കാണിച്ച് 2017ൽ ഡിജിപി സർക്കാരിനു ശുപാർശ നൽകിയെങ്കിലും ആഭ്യന്തര വകുപ്പിൽനിന്ന് ഈ ഫയൽതന്നെ കാണാതായി. തുടർന്നാണ് 15,075 അധിക തസ്തിക അധികം വേണമെന്നു ശുപാർശ നൽകിയത്.

ഈ തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിലിരിക്കുമ്പോൾത്തന്നെ അടുത്ത വിജ്ഞാപനം വരികയും ഷോർട് ലിസ്റ്റും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ കായികക്ഷമതാ പരീക്ഷകൂടി പൂർത്തിയാക്കിയാൽ പുതിയ റാങ്ക് ലിസ്റ്റും വരും. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ ഒരു വർഷ കാലാവധി പൂർത്തിയാക്കുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് നിലവിൽ വരത്തക്കവിധമാണു തിരഞ്ഞെടുപ്പു നടപടി. എന്നാൽ, ആ ശുഷ്കാന്തി ഒഴിവു റിപ്പോർട്ട് ചെയ്യാനോ നിയമനത്തിനോ ഉണ്ടാകുന്നില്ല.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആയിരങ്ങളുടെ ആശങ്കയകറ്റി നിലവിലുള്ള ഒഴിവുകൾ എത്രയും വേഗം പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത് നിയമനം നടത്താൻ പൊലീസ് വകുപ്പ് തയാറാകണം. സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിൽ ഏറെ നിർണായകമായ ഈ തസ്തികയിലെ നിയമനത്തിൽ സർക്കാരിന്റെ പ്രത്യേക താൽപര്യവും ഉണ്ടാകേണ്ടതാണ്. 

English Summary:

CPO Ranklist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com