ADVERTISEMENT

 ‘ഒരു ഫോണും ഇന്റർനെറ്റും മാത്രം മതി, എളുപ്പത്തിൽ പണമുണ്ടാക്കാം. പാർട്ട് ടൈം ജോലിക്കായി ഈ നമ്പറിൽ വിളിക്കൂ, അല്ലെങ്കിൽ ലിങ്ക് തുറക്കൂ’– ഇത്തരമൊരു എസ്എംഎസോ വാട്സാപ് മെസേജോ ഓൺ‍ലൈൻ പരസ്യമോ നിങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്രയും വേഗം അത് ഡിലീറ്റ് ചെയ്തോളൂ. കാരണം, ഒരു ഫോൺ വിളിക്കുമപ്പുറം, ആ ലിങ്കിനുമപ്പുറം നിങ്ങളെ കാത്തിരിക്കുന്നതു വലിയ ചതിക്കുഴികളാണ്.

ഇൻസ്റ്റഗ്രാമിൽ പാർട്ട് ടൈം ജോലിയുടെ പരസ്യം കണ്ട് ജോലിക്കായി അപേക്ഷിച്ച കണ്ണൂർ സ്വദേശിനിക്ക് നഷ്ടപ്പെട്ടത് 35 ലക്ഷത്തിലധികം രൂപയാണ്. ടെലിഗ്രാം വഴിയായിരുന്നു ജോലി. ജോലിക്കായി വിവിധ അക്കൗണ്ടുകളിലേക്കു പലപ്പോഴായി 35,31,000 നിക്ഷേപിച്ചു. പക്ഷേ, വാഗ്ദാനം ചെയ്ത ലാഭമൊന്നും കിട്ടിയില്ലെന്നു മാത്രമല്ല, ഉള്ള പണം നഷ്ടപ്പെടുകയും ചെയ്തു. കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഴക്കച്ചവടക്കാരനായ ധർമടം സ്വദേശിക്കു നഷ്ടപ്പെട്ടത് 1,35,300 രൂപയാണ്. മൊത്തക്കച്ചവടക്കാരനായ ഇദ്ദേഹത്തിന് കിലോയ്ക്ക് 145 രൂപ കണക്കിൽ അനാർ നൽകാമെന്നായിരുന്നു തട്ടിപ്പുകാരന്റെ വാഗ്ദാനം. 9 ലക്ഷം രൂപ തോട്ടമുടമയ്ക്കും 1,35,300 രൂപ ഏജന്റിനും നൽകിയെങ്കിലും പണം വാങ്ങി ഏജന്റ് കടന്നുകളഞ്ഞു. തോട്ടമുടമയാകട്ടെ 205 രൂപയ്ക്കാണു കച്ചവടമുറപ്പിച്ചതെന്നു പറഞ്ഞ് പരാതിക്കാരന്റെ കയ്യിൽ നിന്നു ബാക്കി തുക ഈടാക്കുകയും ചെയ്തു.

ഇന്ത്യ പോസ്റ്റ് വഴി കുറിയർ അയച്ച പാനൂർ സ്വദേശിക്കു നഷ്ടമായത് 5000 രൂപയാണ്. ഡെലിവറി വൈകിയപ്പോൾ കുറിയർ ട്രാക്ക് ചെയ്ത ഇദ്ദേഹത്തിന് ഇന്ത്യ പോസ്റ്റിൽ നിന്നാണെന്നു പറഞ്ഞ് ഫോൺ കോളെത്തി. മേൽവിലാസം തെറ്റാണെന്നും ശരിയായ മേൽവിലാസം നൽകണമെന്നുമായിരുന്നു ആവശ്യം. സർവീസ് ചാർജായി അ‍ഞ്ചു രൂപ അയയ്ക്കാൻ ലിങ്കും അയച്ചുകൊടുത്തു. പക്ഷേ, ലിങ്കിൽ കയറിയപ്പോൾ നഷ്ടപ്പെട്ടത് 5000 രൂപയാണ്. 

English Summary:

Job Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com