ADVERTISEMENT

സർവകലാശാല ഓഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ് സെർവന്റ്) നിയമനങ്ങൾക്കുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ ഈ തസ്തികയിലെ ഒഴിവ് റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾ തയാറാകണം. സംസ്ഥാനത്തെ 13 സർവകലാശാലകളിലായി ഓഫിസ് അറ്റൻഡന്റ് തസ്തികയിൽ ആയിരത്തിലേറെ ഒഴിവുകൾ നിലവിലുണ്ടെന്നാണു കണക്കുകൂട്ടുന്നത്. എന്നാൽ ഇതിൽ 213 ഒഴിവു മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

ആദ്യമായാണു സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ പിഎസ്‌സി വഴി നിയമനം നടത്തുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും അല്ലാതെയും താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനങ്ങളാണ് ഇതുവരെ നടത്തിയിരുന്നത്. നിയമനം പിഎസ്‌സിക്കു കൈമാറിയ ശേഷവും താൽക്കാലിക നിയമനത്തിന്റെ ‘സിലബസി’ൽ പുറത്തുവരാൻ നമ്മുടെ സർവകലാശാലകൾക്കു സാധിക്കുന്നില്ലെന്നാണ് തോന്നുന്നത്. പതിമൂന്നു സർവകലാശാലകളിലെ നിയമനം പിഎസ്‌സിയെ ഏൽപ്പിച്ചതിൽ 8 സർവകലാശാലകളിൽ നിന്നു മാത്രമേ ഇതുവരെ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. കേരള, കുസാറ്റ്, സാങ്കേതിക, നിയമ, മലയാളം സർവകലാശാലകൾ ഒരൊഴിവ് പോലും പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തിട്ടില്ല.

ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ പ്രതീക്ഷിക്കുന്നത് കേരള സർവകലാശാലയിലാണ്. അഞ്ഞൂറോളം ഒഴിവുകൾ ഇവിടെ നിലവിലുണ്ടെന്നാണു വിവരം. എന്നാൽ ഇതിലൊരെണ്ണം പോലും ഇതുവരെ റിപ്പോർട്ട് ചെയ്യാൻ കേരള സർവകലാശാല തയാറായിട്ടില്ല. ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിനായി ഉദ്യോഗാർഥികൾ സർവകലാശാല ആസ്ഥാനവുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനം ഉണ്ടായില്ല. ആദ്യമായി നിയമനം നടക്കുന്നതിനാൽ മറ്റു സർവകലാശാലകളിലും ഒട്ടേറെ ഒഴിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ.

മെയിൻ ലിസ്റ്റിൽ 1099, സപ്ലിമെന്ററി ലിസ്റ്റിൽ 1178, ഭിന്നശേഷി ലിസ്റ്റിൽ 44 എന്നിങ്ങനെ 2321 പേരെയാണ് സർവകലാശാല ലാസ്റ്റ് ഗ്രേഡ് സാധ്യതാ ലിസ്റ്റിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒന്നോ രണ്ടോ മാസത്തിനകം ഇവരുടെ സർട്ടിഫിക്കറ്റ് പരിശോധനാ നടപടികളും പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതിനു ശേഷം നിയമന നടപടികളും ആരംഭിക്കും. റാങ്ക് ലിസ്റ്റ് നിലവിൽ വരുന്നതിനകം ഒഴിവുകൾ പൂർണമായി പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്താൽ മാത്രമേ ഉദ്യോഗാർഥികൾക്കു പ്രയോജനം ലഭിക്കുകയുള്ളൂ. അതിനാൽ താൽക്കാലിക നിയമനം അവസാനിപ്പിച്ച് ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ സർവകലാശാലകൾ നടപടി സ്വീകരിക്കണം. നിയമനങ്ങൾ ഇനി പിഎസ്‌സി ലിസ്റ്റിൽ നിന്നുതന്നെ വേണമെന്നു സർവകലാശാലകളോട് ആവശ്യപ്പെടാൻ സംസ്ഥാന സർക്കാരും തയാറാകണം. 

English Summary:

University Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com