ADVERTISEMENT

കേന്ദ്രം ബജറ്റിൽ പ്രഖ്യാപിച്ച സമഗ്ര ഇന്റേൺഷിപ് പദ്ധതിക്ക് തുടക്കമായി. ഉദ്യോഗാർഥികൾക്ക് 5000 രൂപ വീതം പ്രതിമാസ സ്റ്റൈപൻഡ് ലഭിക്കുന്ന പദ്ധതിയുടെ മാ‍ർഗനി‍‍ർദേശങ്ങളും തിരഞ്ഞെടുത്ത കമ്പനികളിലെ ഇന്റേൺഷിപ് ഒഴിവുകളും അടങ്ങിയ വെബ് പോർട്ടൽ കോർപറേറ്റ് കാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രവർത്തനസജ്ജമാക്കി. ഈ മാസം 12 മുതൽ വിദ്യാർഥികൾക്ക് ഈ പോർട്ടൽ വഴി ഇന്റേൺഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് ഓരോ കമ്പനിക്കും ആവശ്യമായ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക കോർപറേറ്റ് കാര്യ മന്ത്രാലയം തയാറാക്കി നൽകും. ഈ പട്ടികയിൽ നിന്ന് കമ്പനികൾ തിരഞ്ഞെടുക്കുന്നവർക്കാണ് ഇന്റേൺഷിപ് ലഭിക്കുക. ഇന്റേൺഷിപ് കാലയളവിന്റെ പകുതിയെങ്കിലും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടു ചെയ്യിക്കണമെന്നും വെറും ക്ലാസുകൾ മാത്രമായി ഒതുക്കാതെ തൊഴിൽപരിശീലനവും നൽകണമെന്നും കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

12 മാസം നീളുന്ന ഇന്റേൺഷിപ് ലഭിക്കുന്നവർക്ക് സ്റ്റൈപൻഡായി പ്രതിമാസം 5000 രൂപയും ഒറ്റത്തവണ സഹായമായി 6000 രൂപയും ലഭ്യമാക്കും. ഇന്റേൺഷിപ് ചെയ്യുന്നവർക്കു പരിശീലനം നൽകുന്നതിന്റെ ചെലവും സ്റ്റൈപൻഡ് തുകയുടെ 10 ശതമാനവും കമ്പനികൾക്ക് സിഎസ്ആർ ഫണ്ടിൽനിന്ന് ഉപയോഗിക്കാം. ആദ്യ ഘട്ടത്തിൽ 19,000 കോടി രൂപയും രണ്ടാം ഘട്ടത്തിൽ 44,000 കോടി രൂപയുമാണു പദ്ധതിക്കായി കേന്ദ്രം വിനിയോഗിക്കുക. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി യുവാക്കൾക്ക് മികച്ച 500 കമ്പനികളിൽ ഇന്റേൺഷിപ് അവസരങ്ങൾ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം.

ആർക്കൊക്കെ അപേക്ഷിക്കാം?

∙ 21–24 പ്രായക്കാർ

∙ ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർഥികൾ അല്ലാത്തവർ

∙ ഐഐടി, ഐഐഎം, ഐസർ ബിരുദധാരികൾ, സിഎ, സിഎംഎ യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല.

∙ ഏതെങ്കിലുമൊരു കുടുംബാംഗം ആദായനികുതി നൽകുന്നുണ്ടെങ്കിലോ സർക്കാർ ജീവനക്കാരനെങ്കിലോ അപേക്ഷിക്കാനാകില്ല.

English Summary:

Internship Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com