സന്ദർശകവീസയിൽ ജോലിവാഗ്ദാനം; തട്ടിപ്പിൽ വീഴരുതെന്ന് നോർക്ക
Mail This Article
വീസ തട്ടിപ്പിനെതിരെ തൊഴിലന്വേഷകർ ജാഗ്രത പുലർത്തണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശേരി അറിയിച്ചു. സന്ദർശകവീസയിൽ വരുന്നവർക്കു ജോലിക്കുള്ള അവസരവും ഉറപ്പാക്കുമെന്ന വിദേശ റിക്രൂട്മെന്റ് ഏജൻസികളുടെ വാഗ്ദാനം തട്ടിപ്പാണെന്നും സന്ദർശകവീസ രാജ്യം സന്ദർശിക്കാനുള്ള അനുമതി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഏജൻസികളുടെ തെറ്റായ വാഗ്ദാനം വിശ്വസിച്ച് സന്ദർശകവീസയിൽ മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, മ്യാൻമർ, ലാവോസ്, വിയറ്റ്നാം തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കു പോയ ഒട്ടേറെ ഇന്ത്യക്കാർ തട്ടിപ്പിന് ഇരയായതായി വിവരം ലഭിച്ചിട്ടുണ്ട്. അതിനാൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള റിക്രൂട്മെന്റ് ഏജൻസികൾ വഴി മാത്രമേ ജോലിക്കായി അന്യരാജ്യങ്ങളിലേക്കു പോകാവൂ.
തൊഴിൽ വീസയുടെ ആധികാരികത, തൊഴിൽ നൽകുന്ന കമ്പനിയുടെ വിവരങ്ങൾ, റിക്രൂട്മെന്റ് ഏജൻസിയുടെ പ്രവർത്തനമികവ്, മുൻപു തൊഴിൽ ലഭിച്ചവരുടെ അഭിപ്രായം എന്നിവ കൃത്യമായി മനസ്സിലാക്കണം. റിക്രൂട്മെന്റ് ഏജൻസിക്കു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുണ്ടോയെന്ന് ഇ–മൈഗ്രേറ്റ് പോർട്ടലിൽ പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.