ADVERTISEMENT

അടുത്ത രണ്ടു മാസങ്ങളിലായി അരലക്ഷം ഒഴിവുകൾ നികത്താനുള്ള പരീക്ഷകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ആർപിഎഫ് സബ് ഇൻസ്പെക്ടർ, ജൂനിയർ എൻജിനീയർ തസ്തികകളിലേക്കും വിവിധ ടെക്നിഷ്യൻ തസ്തികകളിലേക്കുമാണ് നവംബർ–ഡിസംബർ മാസങ്ങളിലായി പരീക്ഷകൾ നടത്തുന്നത്. തിരുവനന്തപുരം ഡിവിഷനിൽ ഉൾപ്പെടെ അവസരങ്ങളുള്ള വിവിധ തസ്തികകളിലേക്കു നടത്തുന്ന പരീക്ഷകളുടെ താൽക്കാലിക കലണ്ടർ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് ഒക്ടോബർ 7നു പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രം ഉൾപ്പെടെയുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ഇ–കോൾ ലെറ്റർ പരീക്ഷയ്ക്കു 4 ദിവസം മുൻപു ലഭ്യമാക്കും. ഇതിനു പുറമേ റെയിൽവേയിലെ നോൺ ടെക്നിക്കൽ പോപുലർ കാറ്റഗറി (എൻടിപിസി) തസ്തികകളിലേക്കുള്ള പരീക്ഷാത്തീയതികളും വൈകാതെ പ്രസിദ്ധീകരിക്കും. വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകളിലായി 11,558 ഒഴിവുകളിലാണ് എൻടിപിസി വിജ്ഞാപനം. എൻടിപിസി തസ്തികകൾ ഉൾപ്പെടെ 53,058 ഒഴിവുകളിലേക്കാണ് ഈ പരീക്ഷകളിലൂടെ റെയിൽവേ നിയമനം നടത്തുന്നത്.

ആദ്യം അസിസ്റ്റന്റ് ലോക്കോ പൈലറ്റ് പരീക്ഷകൾ

അസിസ്റ്റന്റ് ലോക്കോ പൈലറ്റ് (CEN 01/2024) തസ്തികയിലേക്കുള്ള ഒന്നാം ഘട്ട കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ നവംബർ 25 മുതൽ 29 വരെ നടത്തും. ജൂലൈ 19 ന് പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം 18,799 ഒഴിവുകളാണുണ്ടായിരുന്നത്.തിരുവനന്തപുരം റെയിൽവേ റിക്രൂട്മെന്റ് ബോർഡിനു കീഴിൽ 233 ഒഴിവുകളുണ്ട്. രണ്ടു ഘട്ടങ്ങളായുള്ള കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവ മുഖേനയാണു തിരഞ്ഞെടുപ്പ്.

ആർപിഎഫ് എസ്ഐ പരീക്ഷ ഡിസംബർ 2 മുതൽ

റയിൽവേ പൊലീസ് ഫോഴ്സിൽ സബ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള (CEN RPF 01/2024) പരീക്ഷ ഡിസംബർ 2 മുതൽ 5 വരെ നടത്തും. എസ്ഐ തസ്തികയിൽ 452 ഒഴിവുകളാണുള്ളത്. കംപ്യൂട്ടർ ബേസ്ഡ് പരീക്ഷ ( സിബിടി), ശാരീരികക്ഷമതാ പരിശോധന, ശാരീരിക അളവെടുപ്പ് പരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തിയാണു തിരഞ്ഞെടുപ്പ്.

ടെക്നിഷ്യൻ പരീക്ഷകൾ ഡിസംബർ 16 മുതൽ

ടെക്നിഷ്യൻ ഗ്രേഡ് – 3 (CEN 02/2024) തസ്തികയിലേക്കുള്ള പരീക്ഷ ഡിസംബർ 16 മുതൽ 26 വരെയാണ് നടത്തുക. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ 22 കാറ്റഗറികളിലായി 9144 ഒഴിവുകളാണ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. പിന്നീടു കൂട്ടിച്ചേർക്കൽ വിജ്ഞാപന പ്രകാരം ഒഴിവുകൾ 14,298 ആയി വർധിച്ചു. ആദ്യം 22 കാറ്റഗറികളിലായി ഉണ്ടായിരുന്ന അവസരം 40 ആയും ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുണ്ട്. വിജ്ഞാപനം പുതുക്കിയതോടെ പുതിയ അപേക്ഷകർക്കും അപേക്ഷിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഒക്ടോബർ 16 വരെയാണ് ഇവർക്ക് ഓൺലൈൻ റജിസ്ട്രേഷനു (വെബ്സൈറ്റ് – www.rrbthiruvananthapuram.gov.in) അവസരം. ആദ്യ വിജ്ഞാപന സമയത്ത് അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്കു അപേക്ഷയിൽ തിരുത്തൽ വരുത്താനും സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബർ 17 മുതൽ 21 വരെയാണ് ഇതിന് അവസരം.

ജൂനിയർ എൻജിനീയർ പരീക്ഷ ഡിസംബർ 6 മുതൽ

ജൂനിയർ എൻജിനീയർ (CEN 03/2024) പരീക്ഷ ഡിസംബർ 6 മുതൽ 13 വരെ നടത്തും. 7951 ഒഴിവുകളിലാണ് റെയിൽവേ വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. തിരുവനന്തപുരം ആർആർബിക്കു കീഴിൽ ജൂനിയർ എൻജിനീയറുടെ 121 ഒഴിവുണ്ട്. ജൂനിയർ എൻജിനീയർ/ ഇലക്ട്രിക്കൽ/ ജനറൽ സർവീസസ്, ജൂനിയർ എൻജിനീയർ/ ഇലക്ട്രിക്കൽ/ ടിആർഡി, ജൂനിയർ എൻജിനീയർ/ സിവിൽ (പി-വേ ആൻഡ് ബ്രിജ്), ജൂനിയർ എൻജിനീയർ/ സിവിൽ (വർക്സ് ആൻഡ് റിസർച്), ജൂനിയർ എൻജിനീയർ/ മെക്കാനിക്കൽ (സി ആൻഡ് ഡബ്ല്യു), ജൂനിയർ എൻജിനീയർ/ എസ് ആൻഡ് ടി/ ടെലികമ്യൂണിക്കേഷൻ, ജൂനിയർ എൻജിനീയർ/ എസ് ആൻഡ് ടി/ സിഗ്‌നൽ എന്നീ വിഭാഗങ്ങളിലാണ് തിരുവനന്തപുരം ആർആർബിയിൽ അവസരം. ശമ്പളം: 35,400-44,900. രണ്ടു ഘട്ടമായി നടത്തുന്ന കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) , ഡോക്യുമെന്റ് വെരിഫിക്കേഷൻ, വൈദ്യപരിശോധന എന്നിവ മുഖേനയാണു തിരഞ്ഞെടുപ്പ്.

സിലബസ് ഉൾപ്പെടെയുള്ള പരീക്ഷകളുടെ വിശദവിവരങ്ങൾ റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ വെബ്സൈറ്റുകളിൽ ലഭിക്കും.

English Summary:

Indian Railway Recruitment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com