ADVERTISEMENT

അഞ്ചു വർഷംകൊണ്ട് ഒരു കോടി യുവജനങ്ങൾക്ക് 5,000 രൂപ പ്രതിമാസ സ്റ്റൈപെൻ‍ഡോടെ 12 മാസക്കാലം ഇന്റേൺഷിപ് ഒരുക്കുന്ന പദ്ധതിയാണ് ഒക്ടോബർ 3നു കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം വിജ്ഞാപനം ചെയ്ത ‘പ്രൈം മിനിസ്റ്റേഴ്സ് ഇന്റേൺഷിപ് സ്കീം ഇൻ ടോപ് കമ്പനീസ്’. വിവിധ പ്രഫഷനലുകളിലെ ബിസിനസ് സാഹചര്യത്തിൽ ഇന്റേണുകൾക്കു പരിശീലനം ലഭിക്കാൻ അവസരമൊരുക്കുന്ന ഈ ബൃഹദ് പദ്ധതിയുടെ റജിസ്ട്രേഷൻ ആരംഭിച്ചു. ഒക്ടോബർ 25 വരെ റജിസ്റ്റർ ചെയ്യാം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഭിക്കുന്ന അക്കാദമിക് പരിശീലനങ്ങളും വ്യവസായങ്ങളിൽ ആവശ്യമായ തൊഴിൽനൈപുണികളും തമ്മിലുള്ള വിടവു നികത്തി, യുവജനങ്ങളെ തൊഴിൽസജ്ജരാക്കുകയെന്ന ലക്ഷ്യമാണ് ഈ ബൃഹദ്പദ്ധതിക്കുള്ളത്. ഇന്റേൺഷിപ്പിന്റെ 12 മാസത്തിൽ പകുതിയെങ്കിലും ചെലവിടുന്നത് ജോലി സ്ഥലത്തായിരിക്കും. ക്ലാസ് മുറികളിൽ ആയിരിക്കില്ല. നൈപുണ്യവികസനം, അപ്രന്റിസ്ഷിപ്, ഇന്റേൺഷിപ്, ട്രെയിനിങ് മുതലായവയിൽ നിലവിലുള്ള എല്ലാ കേന്ദ്ര–സംസ്ഥാന പദ്ധതികളിൽനിന്നും സ്വതന്ത്രമായിട്ടാണ് ഇതു വിഭാവനം ചെയ്തു ദേശീയതലത്തിൽ നടപ്പാക്കുന്നത്. തൃപ്തികരമായി ഇന്റേൺഷിപ് പൂർത്തിയാക്കുന്നവർക്കു കമ്പനി ഔദ്യാഗികമായി സർട്ടിഫിക്കറ്റു നൽകും.

പങ്കാളികളായി 500 സ്ഥാപനങ്ങൾ

2024–25 സാമ്പത്തികവർഷം പൈലറ്റ് പ്രോജക്റ്റായി ഒന്നേകാൽ ലക്ഷം പേർക്കു മുൻനിര കമ്പനികളിൽ ഇന്റേൺഷിപ് സൗകര്യമൊരുക്കും. റിലയൻസ്, ടാറ്റ, ഇൻഫോസിസ്, എൻടിപിസി, ഇന്ത്യൻ ഓയിൽ, ബജാജ്, മഹീന്ദ്ര, കോൾ ഇന്ത്യ, ഇന്ത്യൻ റെയിൽവേസ്, ടൈറ്റൻ, ഡോ. റെഡ്ഡീസ്, ഭാരത് അലുമിനിയം, ഗോദ്‌രേജ്, എൽജി., അശോക് ലെയ്‌ലാൻഡ്, നിർമ, ടിവിഎസ്, ബേയർ, ഹണിവെൽ, വോൾടാസ്, അദാനി, ബജാജ്, സ്കോഡ, എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി തുടങ്ങി 500 സ്ഥാപനങ്ങൾ ഈ പദ്ധതിയിൽ പങ്കാളികളായിക്കഴിഞ്ഞു. കഴിഞ്ഞ 3 വർഷത്തെ CSR (കോർപറേറ്റ് സർവീസ് റെസ്പോൺസിബിലിറ്റി) ചെലവു പരിഗണിച്ചാണ് സ്ഥാപനങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്. മന്ത്രാലയത്തിന്റെ അനുമതിയോടെ മറ്റു സ്ഥാപനങ്ങൾക്കും പദ്ധതിയിൽ ചേരാം.

ഇന്റേണിന് തൃപ്തികരമായ പരിശീലനം നൽകാൻ കമ്പനിക്കു പ്രയാസമുണ്ടെങ്കിൽ പ്രവർത്തനങ്ങളിൽ ടൈ–അപ്പുള്ള മറ്റു മികച്ച സ്ഥാപനത്തിൽ സൗകര്യം ഏർപ്പെടുത്താം. പക്ഷേ, ചുമതല പദ്ധതിയുടെ ഭാഗമായ കമ്പനിക്കായിരിക്കും. നിർദേശിച്ചിട്ടുള്ളതിനെക്കാൾ ഉയർന്ന യോഗ്യത ഇന്റേണിന് വേണമെന്നു കമ്പനി ആവശ്യപ്പെട്ടൂകൂടാ. വിശേഷനൈപുണി ആവശ്യമില്ലാത്ത ഓഫിസ് ബോയ്, സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ ജോലികളിലേക്ക് ഇന്റേണിനെ കമ്പനി നിയോഗിക്കരുത്.

ഓരോ ഇന്റേണിന്റെയും മേൽനോട്ടം വഹിക്കാൻ കമ്പനി സൂപ്പർവൈസറെ ഏർപ്പെടുത്തണം. ഈ പദ്ധതിയിലെ ഇന്റേൺഷിപ്, സമാനമായ മറ്റു പരിശീലന പദ്ധതികളുമായി കമ്പനി ഇതു കൂട്ടിക്കുഴയ്ക്കരുത്.

intern-opportunity

പരിശീലനം ലഭിക്കുന്ന

മേഖലകൾ

ഐടി, സോഫ്റ്റ്‌വെയർ ഡവലപ്മെന്റ്, ബാങ്കിങ് & ഫൈനാൻഷ്യൽ സർവീസസ്, ഓയിൽ, ഗാസ് & എനർജി, മെറ്റൽസ് & മൈനിങ്, എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ്), ടെലികോം, ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷൻ, റീട്ടെയിൽ & കൺസ്യൂമർ ഡ്യൂറബിൾസ്, സിമന്റ് & ബിൽഡിങ് മെറ്റീരിയൽസ്, ഓട്ടമോട്ടീവ്, ഫാർമസ്യൂട്ടിക്കൽ, ഏവിയേഷൻ & ഡിഫൻസ്, മാനുഫാക്ചറിങ് & ഇൻഡസ്ട്രിയൽ, കെമിക്കൽ, മീഡിയ, എന്റർടെയിൻമെന്റ് & എജ്യുക്കേഷൻ, അഗ്രിക്കൾചർ & അലൈഡ്, കൺസൽറ്റിങ് സർവീസസ്, ടെക്സ്റ്റൈൽ മാനുഫാക്ചറിങ്, ജെംസ് & ജ്യൂവലറി, ട്രാവൽ & ഹോസ്പിറ്റാലിറ്റി, ഹെൽത്ത്കെയർ.

പൈലറ്റ് പ്രോജക്റ്റ് 2024–25ൽ

ആദ്യബാച്ചിന്റെ പ്രവർത്തനം പൈലറ്റ് പ്രോജക്റ്റായിട്ടായിരിക്കും. ഇതിന്റെ സമയക്രമം കേന്ദ്രധനകാര്യമന്ത്രി പ്രസ്താവിച്ചതിങ്ങനെ:

5 ഇന്റേൺഷിപ്പിന് വരെ അപേക്ഷിക്കാം

ഓരോ കമ്പനിയും ഇന്റേൺഷിപ് ഒഴിവുകൾ, ആവശ്യമായ യോഗ്യത, ജോലിസ്ഥലം, കമ്പനി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഈ പദ്ധതിക്കുള്ള ഡാഷ്ബോർഡിൽ പ്രസിദ്ധപ്പെടുത്തും. പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ പോർട്ടലിൽ ആധാർ നമ്പർ നൽകി റജിസ്റ്റർ ചെയ്യണം. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയും വേണം. നൽകുന്ന വിവരങ്ങളനുസരിച്ച് പോർട്ടൽത്തന്നെ അപേക്ഷകരുടെ റെസ്യൂമെ തയാറാക്കും. താൽപര്യമുള്ള ജോലിസ്ഥലം, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന മേഖല മുതലായവ സമർപ്പിക്കാൻ പോർട്ടലിൽ സൗകര്യമൊരുക്കും. താൽപര്യമുള്ള 5 ഇന്റേൺഷിപ്പിനു വരെ ഓരോരുത്തർക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട ഘടകങ്ങളെല്ലാം പരിഗണിച്ച് ഓരോ സ്ലോട്ടിലേക്കും ചുരുക്കപ്പട്ടിക തയാറാക്കും. സംവരണക്രമം പാലിച്ച് അവസരങ്ങളുടെ രണ്ടോ മൂന്നോ മടങ്ങ് അപേക്ഷകരുടെ റെസ്യൂമെ കമ്പനിക്ക് അയച്ചുകൊടുക്കും. കമ്പനി അന്തിമ സിലക്‌ഷൻ നടത്തി അപേക്ഷകരെ അറിയിക്കും. പോർട്ടലിലൂടെ അപേക്ഷകർക്കു സമ്മതം അറിയിക്കാം. ഇന്റേൺഷിപ്പിൽ പങ്കെടുക്കുന്നവർക്കു ജോലി നൽകുമെന്ന വാഗ്ദാനമില്ല.

പരാതിപരിഹാര സംവിധാനങ്ങളും

കമ്പനികൾ അവരുടെ മാനദണ്ഡപ്രകാരം ഇന്റേണുകളുടെ പ്രവർത്തനം വിലയിരുത്തി, മൂന്നു മാസം കൂടുമ്പോൾ റിപ്പോർട്ട് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ഇടയ്ക്കുവച്ച് ഏതെങ്കിലും ഇന്റേൺ വിട്ടുപോകുന്നപക്ഷം ആ വിവരം പോർട്ടൽവഴി കേന്ദ്ര സർക്കാരിനെ അറിയിക്കണം. ഡ്രോപ്പൗട്ടിനോടു കമ്പനിയിൽ വരാൻ സൂപ്പർവൈസർ രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാത്തപക്ഷം ആ ഇന്റേണിനെ പിന്നീടു ചേരാൻ അനുവദിക്കില്ല. അടുത്ത ഒരു വർഷത്തേക്ക് ഈ പദ്ധതിയിൽ പ്രവേശിപ്പിക്കുകയുമില്ല.

രോഗമോ വീട്ടിലെ മരണമോ സമാനമായ മറ്റു കാരണങ്ങളോ കൊണ്ട് വിട്ടുനിൽക്കണമെങ്കിൽ, രണ്ടു മാസംവരെ അതിന് അനുമതി നൽകും. പക്ഷേ, ആ സബാറ്റിക്കൽ വേളയിൽ സ്റ്റൈപ്പൻഡ് നൽകില്ല. തിരികെച്ചേർന്നു 12 മാസം പൂർത്തിയാക്കാൻ അനുവദിക്കും. ഇടവേള രണ്ടു മാസത്തിലേറെയായാൽ ഇത്തവണത്തെ ഇന്റേൺഷിപ്പിൽനിന്നു വിട്ടുപോകണം. പക്ഷേ, അടുത്ത തവണ വീണ്ടും ഇന്റേൺഷിപ്പിന് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.

പരാതിപരിഹാര സംവിധാനവും ഇതിനുള്ള കോൾ സെന്ററും ഏർപ്പെടുത്തും. സംശയപരിഹാരത്തിനു ചാറ്റ്ബോട്ട് അടക്കമുള്ള സജ്ജീകരണങ്ങൾ പോർട്ടലിൽ ഏർപ്പെടുത്തും. നടപടിക്രമങ്ങളുടെ വിശദാംശങ്ങളും മാറ്റങ്ങളും പോർട്ടലിൽ അപ്പപ്പോൾ വരും. പൈലറ്റ് പ്രോജക്റ്റിന്റെ നടത്തിപ്പിൽനിന്നുള്ള പാഠങ്ങൾ വച്ച് ആവശ്യമായ പരിഷ്കാരങ്ങൾ യഥാസമയം നടപ്പാക്കും. https://pminternship.mca.gov.in

അപേക്ഷിക്കാൻ വേണ്ട യോഗ്യത

അപേക്ഷിക്കുമ്പോൾ 21–24 വയസ്സായിരിക്കണം. ഹൈസ്കൂൾ/ഹയർ സെക്കൻഡറി സ്കൂൾ/ഐടിഎ സർട്ടിഫിക്കറ്റ്, പോളിടെക്നിക് ഡിപ്ലോമ, ബിഎ/ ബിഎസ്‌സി/ ബികോം/ബിസിഎ/ബിഫാം തുടങ്ങിയ ബിരുദം എന്നിവയിൽ ഏതെങ്കിലുമുള്ളവർക്ക് അപേക്ഷിക്കാം.

സ്റ്റൈപ്പൻഡ് തുക അക്കൗണ്ടിലേക്ക്

സ്റ്റൈപ്പൻഡ് തുക ഇന്റേണിന്റെ ബാങ്ക് അക്കൗണ്ടിൽ ചേർത്തുതരും. കമ്പനി 500 രൂപയും കേന്ദ്ര സർക്കാർ 4,500 രൂപയും ഓരോ മാസവും സഹായമായി നൽകും. ജോലിസ്ഥലത്ത് പരിശീലനത്തിനു ചേരുമ്പോൾ 6,000 രൂപ വീതം പലവകച്ചെലവിനായി സർക്കാർ തരികയും ചെയ്യും. ഇന്റേണിന് ഇൻഷുറൻസ് കവറേജുമുണ്ട്. 

ഇവർ അപേക്ഷിക്കേണ്ട

·ഐഐടി, ഐഐഎം, നാഷനൽ ലോ സർവകലാശാല, ഐസർ, എൻഐഡി, ഐഐഐടി എന്നിവിടങ്ങളിൽനിന്നുള്ള ബിരുദധാരികൾ

·സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി, എംബിബിഎസ്, ബിഡിഎസ്, എംബിഎ, മാസ്റ്റേഴ്സ്/ഉയർന്ന ബിരുദധാരികൾ

·കേന്ദ്ര /സംസ്ഥാന സർക്കാരിലെ സ്കിൽ, അപ്രന്റിസ്ഷിപ്, ഇന്റേൺഷിപ്, സ്റ്റുഡന്റ് ട്രെയിനിങ്ങിൽ പങ്കെടുക്കുന്നവർ

·നാഷനൽ അപ്രന്റിസ്ഷിപ് ട്രെയിനിങ്/പ്രൊമോഷൻ സ്കീം പൂർത്തിയാക്കിയവർ

·2023–24 സാമ്പത്തികവർഷം ഏതെങ്കിലും കുടുംബാംഗത്തിന് 8 ലക്ഷം രൂപയിലേറെ വരുമാനമുണ്ടായിരുന്നവർ

·ഏതെങ്കിലും കുടുംബാംഗത്തിനത്തിന് കേന്ദ്ര/സംസ്ഥാന സർക്കാരിൽ പെർമനന്റ് /റെഗുലർ ജോലിയുള്ളവർ.

കൂടുതൽ കരിയർ, എംപ്ലോയ്മെന്റ് അപ്ഡേറ്റുകൾക്ക് തൊഴിൽവീഥി വാട്‌സാപ് ചാനൽ (http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ.. 

English Summary:

PM Internship Programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com