പിഎസ്‌സി ഓൺലൈൻ അപേക്ഷ; കാഴ്ച വെല്ലുവിളിയുള്ളവർക്ക് സർവീസ് സെന്റർ ഒരുക്കണമെന്ന് ഹൈക്കോടതി
Mail This Article
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കു തടസ്സമില്ലാതെ പിഎസ്‌സി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ പ്രത്യേക സർവീസ് സെന്ററുകൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കാഴ്ചവെല്ലുവിളി നേരിടുന്നവർക്കും ഡിജിറ്റൽ പ്ലാറ്റ്ഫോം സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുന്നുവെന്ന് പിഎസ്‌സിയും സർക്കാരും ഉറപ്പാക്കണമെന്നു ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.എം.മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിനെതിരെ പിഎസ്‌സി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
100% അന്ധയായ കോട്ടയം സ്വദേശിനി, യുപി അധ്യാപക തസ്തികയിലേക്കു നൽകിയ അപേക്ഷ, കെ–ടെറ്റ് സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ വൈകിയതുമൂലം 2021ൽ പിഎസ്‌സി നിരസിച്ചിരുന്നു. അപേക്ഷക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു പരാതി നൽകിയപ്പോൾ മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചു പരിഗണിക്കാനായിരുന്നു ഉത്തരവ്. തുടർന്നാണു പിഎസ്‌സി ഹൈക്കോടതിയെ സമീപിച്ചത്.