കോടികളുടെ നിക്ഷേപ പരമ്പരയുമായി വിദേശകമ്പനികൾ; ഇൻഫോപാർക്കിൽ ഒരുങ്ങുന്നത് 2000 തൊഴിലവസരങ്ങൾ!
Mail This Article
ഇൻഫോപാർക്കിലേക്ക് കോടികളുടെ നിക്ഷേപ പരമ്പരയുമായി വിദേശകമ്പനികൾ! ഒരുങ്ങുന്നത് 2000 പുതിയ തൊഴിലവസരങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ തുടങ്ങിയ വൻകിട വിദേശ കമ്പനികളാണ് ഇൻഫോപാർക്കിൽ നിക്ഷേപത്തിനു തയാറെടുക്കുന്നത്. അടുത്തദിവസങ്ങളിൽ തന്നെ കമ്പനികൾ പ്രവർത്തനമാരംഭിക്കും.
സെമികണ്ടക്ടർ ഗവേഷണ രംഗത്തും ചിപ്പ് ഡിസൈൻ രംഗത്തും റിസോഴ്സ് സെന്ററായാണ് ഇൻഫോപാർക്ക് വളർന്നു വരുന്നത്. എച്ച്സിഎലും വിപ്രോയും ടെക്മഹീന്ദ്രയും ഉൾപ്പെടെ ഒട്ടേറെ കമ്പനികൾ ഇവിടെ നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ സ്ഥലപരിമിതിയാണ് നിലവിൽ പ്രശ്നം സൃഷ്ടിക്കുന്നത്. എച്ച്സിഎൽ 2018 മുതൽ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും, തീരെ ചെറിയ സ്ഥലമാണ് ഒാഫിസിനുള്ളത്. ജീവനക്കാർ അധികവും വർക്ക് ഫ്രം ഹോം ആയതിനാൽ സ്ഥലപരിമിതി കാര്യമായി ബാധിച്ചിട്ടില്ല. അടുത്തിടെ 120 പേർക്ക് ഇരിക്കാവുന്ന സൗകര്യം അതുല്യ കെട്ടിടത്തിൽ ആരംഭിച്ചിരുന്നു.
അമേരിക്കൻ അക്കൗണ്ടിങ്, പേയ്റോൾ രംഗത്തെ പ്രമുഖ കമ്പനിയായ ബേക്കർ ടില്ലി ലുലു ടവർ വണ്ണിലും, ഫോർച്യൂൺ 500 ലിസ്റ്റിൽപെട്ട നാഷനൽ ഓയിൽവെൽ വാർകോ എന്ന എൻഒവി, ഫ്രഞ്ച് കൺസൽറ്റൻസി ടിഎൻപി എന്നിവ ലുലു ടവർ രണ്ടിലുമാണ് സ്ഥലം എടുത്തിട്ടുള്ളത്. ലുലു ടവർ രണ്ടിൽ 2 നിലകളിൽ പ്രവർത്തിച്ചിരുന്ന ഐബിഎം 2 നിലകൾ കൂടി എടുക്കുകയാണ്. പുതിയ നിക്ഷേപകർ വരുമ്പോൾ സ്ഥലപരിമിതി യാണ് വെല്ലുവിളിയാകുന്നത്.